ന്യൂദല്‍ഹി: ദല്‍ഹിയില്‍ പട്ടാപ്പകല്‍ ബാങ്കിലേക്ക് പണമിടാന്‍ പോയ വാഹനം തട്ടിയെടുത്ത് പണം കവര്‍ന്ന കേസില്‍ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഹരീഷ് എന്നയാളാണ് കസ്റ്റഡിയിലായത്. ദല്‍ഹിയിലെ കിഡിക്കി ഗ്രാമത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 80 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതോടെ മോഷണം പോയ 5.25 കോടി രൂപയില്‍ 2.3 കോടി രൂപയും പോലീസ് കണ്ടെടുത്തു.
ഫരീദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണാസംഘത്തിന്റെ തലവനാണ് ഹരീഷ് എന്ന് പോലീസ് സംശയിക്കുന്നു. ഇന്നലെ പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും നാലു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് പോലീസ് 1.5 കോടി രൂപ കണ്ടെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.
ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മുകളിലേക്ക് പണവുമായി പോയ വാഹനം ഡിഫന്‍സ് കോളനിയില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ചു വീഴ്ത്തിയ ശേഷം മോഷ്ടാക്കള്‍ അപഹരിക്കുകയായിരുന്നു. വാഹനം പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെ ഇന്നലെ രാവിലെ ഒഴിഞ്ഞ രണ്ടു പണപ്പെട്ടികളും ഖിര്‍കി പ്രദേശത്ത് നിന്നും കണ്ടെത്തി. ഇതോടെ ഇവിടവുമായി ബന്ധമുള്ളവര്‍ തന്നെയാണ് കൊള്ളയ്ക്ക് പിന്നിലെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: