മുണ്ടക്കയം: ടി.ആര്.ആന്റ് ടി എസ്റ്റേറ്റില്‍ സെന്റര്‍ സ്റ്റോറിന് സമീപമുള്ള പാലമാണ് തകര്‍ന്നത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇഡികെ യില്‍ നിന്ന് റബ്ബര്‍ തടികള്‍ കയറ്റിയ ലോഡുമായി മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ കുടുങ്ങിയത്. ലോറിയുടെ പിന്നിലെ വലതുവശത്തെ ചക്രങ്ങള്‍ പാലത്തിന്റെ മധ്യഭാഗം തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. തുടര്‍ന്ന് വലതു വശത്തേക്ക് ചരിഞ്ഞലോറി ലോറിയുടെ മുന്‍ഭാഗം റോഡിലും പിന്‍ഭാഗം പാലത്തിന്റെ ഇരുമ്പുപൈപ്പിനാല് തീര്‍ത്ത കൈവരിയില്‍ ചരിഞ്ഞ് നില്‍ക്കുകയുമായിരുന്നു.
അപകടത്തിന് 15 മിനിട്ടിന് മുന്‍പ് മതമ്പയിലേക്ക് സ്വകാര്യബസ്സ് നിറയെ യാത്രക്കാരുമായി ഇതുവഴി കടന്നുപോയിരുന്നു. പതിനഞ്ചടി നീളവും 10 അടി വീതിയുമുള്ള പാലത്തിന്റെ ഇരുവശങ്ങളിലും ഇരുമ്പുകേഡറും മധ്യഭാഗത്തില്‍ പലകയും അതിനുമുകളിലായി കോണ്‍ക്രീറ്റ് ചെയ്ത നിലയിലാണ് പാലത്തിന്റെ നിര്‍മ്മിതി. പാലത്തിന്റെ ബലത്തെക്കുറിച്ച് കാലങ്ങളായി സംശയം നിലനിന്നിരുന്നു. രാത്രി വളരെ വൈകി ലോറി പാലത്തിന് മുകളില്‍നിന്ന് ഉയര്‍ത്തി മാറ്റിയെങ്കിലും ഇതുവഴി വാഹനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ കഴിയില്ല. ടി.ആര്.ആന്റ് ടി എസ്റ്റേറ്റിലെ മിക്ക പാലങ്ങളും യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയിട്ടും അധികൃതര്‍ മൗനം പാലിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകള്‍ മൗനം പാലിക്കുന്നതാണ് പ്രശ്നപരിഹാരത്തിന് തടസ്സം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: