ഡീസല്‍ വില കൂട്ടിയതിനും ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിനുമെതിരെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ആഹ്വാനം ചെയ്ത ഭാരതബന്ദ് അഴിമതിയില്‍ മുങ്ങിക്കുളിച്ച കേന്ദ്രസര്‍ക്കാരിനും അതിന് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിനും അകത്തുനിന്നും പുറത്തുനിന്നും സര്‍ക്കാരിനെ താങ്ങിനിര്ത്തുന്നവര്ക്കുമുള്ള ശക്തമായ താക്കീതാണ്. വിവിധ സംസ്ഥാനങ്ങളില്‍ ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഓഫീസുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചിലയിടങ്ങളില്‍ തീവണ്ടി ഗതാഗതവും സ്തംഭിച്ചു. മാര്‍ക്കറ്റുകളൊന്നും പ്രവര്‍ത്തിച്ചില്ല. രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. എന്നാല്‍ ഒരിടത്തുനിന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. ഗണേശോത്സവചടങ്ങുകള് നടക്കുന്നതിനാല്‍ മഹാരാഷ്ട്രയില്‍ ബന്ദിന് ഭാഗിക ഇളവനുവദിച്ചിരുന്നു. എന്നിരുന്നാലും ജനങ്ങളുടെ പ്രതിഷേധത്തിന് അവിടെയും യാതൊരു കുറവുമുണ്ടായില്ല. സംസ്ഥാനം ഭരിക്കുന്നതും യുപിഎ സഖ്യമായതിനാല്‍ പ്രതിഷേധത്തിന് ആക്കംകൂടി. കേന്ദ്രസര്‍ക്കാരിനെപ്പോലെ അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാരും. അഴിമതിയാരോപണങ്ങളില്‍പ്പെട്ട് രണ്ട് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കാണ് സ്ഥാനമൊഴിയേണ്ടിവന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രിയായ പൃഥ്വിരാജ് ചവാനും പുറത്തേക്കുള്ള വഴിയിലാണ്. ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍, ഒഡീഷ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും മികച്ച പ്രതികരണമാണ് ജനങ്ങളില്‍നിന്നുണ്ടായത്. രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ ഭോഗല്‍, ലക്ഷ്മിനഗര്‍, ഡിഫന്‍സ് കോളനി, സൗത്ത് എക്സ്റ്റന്‍ഷന്‍ എന്നിവിടങ്ങളില്‍ ഭാഗികമായി കടകള്‍ തുറന്നെങ്കിലും പിന്നീട് അടച്ചു. ഖാന് മാര്‍ക്കറ്റ്, കൊണാട്ട്പ്ലേസ്, ഗ്രേറ്റര്‍ കൈലാഷ്, കരോള്‍ബാഗ്, ചാന്ദ്നിചൗക്ക്, കാശ്മീര്‍ ഗേറ്റ് എന്നിവിടങ്ങളിലെ വലിയ വിപണികള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. ന്യൂദല്‍ഹി റെയില്‍വെസ്റ്റേഷനില്‍ ഓട്ടോഡ്രൈവര്‍മാര്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയും യാത്രക്കാരെ കൊണ്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്തു.
സ്കൂളുകളെല്ലാം അടഞ്ഞുകിടന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടന്നു. പലയിടത്തും തീവണ്ടികള്‍ ഓടിയില്ല. മഥുര, ആഗ്ര, വാരാണസി, അലഹബാദ്, ലക്നോ എന്നിവിടങ്ങളിലായിരുന്നു ഇത്. ബിജെപി പ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് ആഗ്ര-ഗ്വാളിയോര്‍ ദേശീയപാത ഉപരോധിച്ചു. തലസ്ഥാനമായ ലക്നോ അടക്കം മിക്ക സ്ഥലങ്ങളിലും വിപണികള്‍ പ്രവര്‍ത്തിച്ചില്ല. ഡീസല്‍വില വര്‍ധനയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയാണെന്ന് വരുത്തിയ മുലായംസിംഗിന്റെ സമാജ്വാദി പാര്‍ട്ടി ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ അതേ സര്‍ക്കാരിനുതന്നെ പിന്തുണ പ്രഖ്യാപിച്ച് ജനങ്ങളെ വഞ്ചിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുകയാണ്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എപ്പോഴൊക്കെ പ്രതിസന്ധിയിലകപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം സഹായവാഗ്ദാനവുമായി ചാടിപ്പുറപ്പെടുന്ന മുലായംസിംഗിന്റെ ആദര്‍ശപരിവേഷത്തിന്റെ മുഖംമൂടി ഇപ്പോഴത്തെ നിലപാടോടെ അഴിഞ്ഞുവീണിരിക്കുകയാണ്.
മുലായംസിംഗിനെതിരായ അഴിമതിക്കേസുകള്‍ വെച്ച് വിലപേശിയാണ് കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണ പിടിച്ചുവാങ്ങുന്നത്. കോണ്‍ഗ്രസിനെതിരെയും അഴിമതിക്കെതിരെയും പോരാടുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപാര്‍ട്ടികള്‍ എന്നിട്ടും മുലായത്തിനൊപ്പം കൈകോര്‍ക്കുകയാണ്. ജനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് വിരോധം പ്രകടിപ്പിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്താനുള്ള അടവുനയമാണ് മുലായംസിംഗും ഇടതുപാര്‍ട്ടികളും പയറ്റുന്നതെന്ന് വ്യക്തമാണ്. കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കാനല്ല, തിരുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയുടെ ദുഷ്ടലാക്ക് പകല്‍പോലെ വ്യക്തമാണ്. പശ്ചിമബംഗാളില്‍ മമതക്കെതിരെ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നക്കാപ്പിച്ച സീറ്റുകള്‍ സമ്പാദിക്കുകയെന്നതാണ് സിപിഎമ്മിന്റെ പരിപാടി. എന്നാല്‍ രാജ്യത്തെ മറ്റിടങ്ങളിലേതുപോലെ പശ്ചിമബംഗാളിലും അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന ജനകീയ പ്രതിഷേധത്തില്‍ സോണിയയുടെ എന്നപോലെ കാരാട്ടിന്റെയും പ്രതീക്ഷകള്‍ ഒലിച്ചുപോകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. കേന്ദ്രസര്‍ക്കാരിന്റെ പ്രമുഖ ഘടകകക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പശ്ചിമബംഗാളിലും ബന്ദില്‍ ജനജീവിതം തടസപ്പെട്ടു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വ്യോമഗതാഗതം സാധാരണനിലയിലായിരുന്നുവെന്ന് എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ അവകാശപ്പെട്ടെങ്കിലും കൊല്‍ക്കത്ത-ന്യൂദല്‍ഹി, കൊല്‍ക്കത്ത-അഗര്‍ത്തല വിമാനസര്‍വീസുകള്‍ നടത്താന്‍ കഴിഞ്ഞില്ല.
ഇത്ര കനത്ത ജനകീയ പ്രതിഷേധം ഉയര്‍ന്നിട്ടും ജനവിരുദ്ധ തീരുമാനങ്ങള്‍ പിന്‍വലിക്കില്ലെന്നും ബന്ദിന്റെ പേരിലുണ്ടായ സാമ്പത്തിക നഷ്ടങ്ങള്‍ക്കെല്ലാം പ്രതിപക്ഷപാര്ട്ടികള്ക്കാണ് ഉത്തരവാദിത്തമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇത്രയൊക്കെയായിട്ടും ഭരണത്തില്‍ തുടരാന്‍ തങ്ങള്‍ക്ക് അംഗബലമുണ്ടെന്ന ധിക്കാരമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് നേതാക്കളും പ്രകടിപ്പിക്കുന്നത്. ഇത് തികച്ചും ജനവിരുദ്ധമാണ്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം ഇല്ലാതാവുകയുണ്ടായി. ജനാധിപത്യത്തിന്റെ അന്തസ്സ് മുന്‍നിര്‍ത്തി രാജിവെക്കുന്നതിന് പകരം പിന്തുണ നല്കാന് കൂടുതല്‍ സുഹൃത്തുക്കള്‍ ഉണ്ടെന്ന് പറഞ്ഞ് അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ് കോണ്‍ഗ്രസ്. ഒന്നും രണ്ടും യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചെയ്തുകൂട്ടിയ അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനും കൂടുതല്‍ അഴിമതികള്‍ ചെയ്തുകൂട്ടാനുമാണ് ഈ അധികാരമോഹം. എന്നാല്‍ ഒന്നര വര്‍ഷം കഴിയുമ്പോള്‍ അധികാരക്കസേരകള്‍ വിട്ടൊഴിഞ്ഞ് ജനങ്ങളെ നേരിടേണ്ടിവരുമെന്ന കാര്യം ഇവര്‍ വിസ്മരിക്കുകയാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരിക്കും കോണ്‍ഗ്രസിന് നേരിടേണ്ടിവരികയെന്ന് ഇനി ആര്‍ക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: