പുന്നപ്ര-വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍, തേഭാഗ….. വയലാറിന്റെ വാക്കുകള്‍ കടമെടുത്താല്‍ “സ്മരണ കളിരമ്പും രണസ്മാരകങ്ങള്‍” ആയിരുന്നു ഇവയൊക്കെയും. പുന്നപ്ര-വയലാറിലും കയ്യൂരിലുമൊക്കെ നടന്നത് ഒരര്‍ത്ഥത്തില്‍ വഴിപിഴച്ച സമരങ്ങളായിരുന്നുവെങ്കിലും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ സഹായകമായ ജനമുന്നേറ്റങ്ങളായിരുന്നു ഇത്. പില്ക്കാലത്ത് കഥകളിലും കവിതകളിലും പടപ്പാട്ടുകളിലും നാടകങ്ങളിലുമൊക്കെ നിറഞ്ഞ് അണികളെ ആവേശം കൊള്ളിക്കാനും ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും ഈ സമരഭൂമികള്‍ നിര്‍ണായക പങ്ക് വഹിച്ചു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൈതൃകം പേറുന്നവര്‍ സിപിഐ ആണെങ്കിലും “സമര പുളകങ്ങള്‍ തന് സിന്ദൂര മാലകള്‍” എടുത്തണിഞ്ഞ് പൊന്നാര്യനുമുമ്പ് അധികാരം കൊയ്തെടുത്തത് സിപിഎം ആയിരുന്നു.
എന്നാല്‍ ഇന്ന് പുന്നപ്ര-വയലാറിനും കയ്യൂരിനും കരിവെള്ളൂരിനും പകരമായി മറ്റ് ചില സമരഭൂമികളാണ് ഉയര്ന്നുവന്നിരിയ്ക്കുന്നത്. കേരളത്തില്‍ തളിക്കുളം, ഷൊര്‍ണ്ണൂര്‍, ഒഞ്ചിയം, മുണ്ടൂര്‍, നീലേശ്വരം. പശ്ചിമബംഗാളില്‍ സിംഗൂര്‍, നന്ദിഗ്രാം എന്നിങ്ങനെ നീളുകയാണത്. പുന്നപ്ര-വയലാറും കയ്യൂരുമൊക്കെ ആവേശം കൊള്ളിച്ചിരുന്ന സ്ഥാനത്ത് തളിക്കുളവും ഒഞ്ചിയവും ഷൊര്‍ണൂരും അതുപോലുള്ള മറ്റിടങ്ങളും സിപിഎം നേതൃത്വത്തെ പരിഭ്രാന്തരാക്കുകയാണ്. ഏറ്റവുമൊടുവില്‍ പാലക്കാട് ജില്ലയില്‍പ്പെടുന്ന മുണ്ടൂരിലെ വിമത മുന്നേറ്റത്തോടുള്ള സിപിഎമ്മിന്റെ സമീപനം ഇത് വ്യക്തമാക്കുന്നുണ്ട്.
മുണ്ടൂരിലെ വിമത കണ്‍വെന്‍ഷനില്‍ ഒമ്പത് ഏരിയാ കമ്മറ്റിയംഗങ്ങള്‍, നാല് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, 30 ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍, 70 ലേറെ ബ്രാഞ്ച് സെക്രട്ടറിമാര്‍, ആറ് സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ എന്നിവരാണ് പങ്കെടുത്തത്. മുണ്ടൂര്‍ ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള നാലായിരത്തിലധികം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമാണ് കണ്‍വെന്‍ഷനിലേയ്ക്ക് ഒഴുകിയെത്തിയത്. അസാധാരണമാണ് ഈ സ്ഥിതിവിശേഷം. തളിക്കുളത്ത് ടി.എല്‍.സന്തോഷിന്റെയും മോചിത മോഹനന്റെയും നേതൃത്വത്തിലുള്ള ‘സിപിഎം’ ഒരു പഞ്ചായത്ത് രണ്ട് തവണയാണ് ഭരിച്ചത്. സിപിഎമ്മിനെ പുറത്താക്കി ഷൊര്‍ണ്ണൂര്‍ നഗരസഭ എം.ആര്.മുരളി ഭരിയ്ക്കുന്നത് യുഡിഎഫിന്റെ സഹായത്തോടെയാണ്. ഒഞ്ചിയം പഞ്ചായത്തില്‍ ഭരണം പിടിക്കാനും അഴിയൂര്‍, ഏറാമല, ചോറോട് എന്നീ പഞ്ചായത്തുകളില്‍ സിപിഎമ്മിന് ഭരണം നഷ്ടപ്പെടുത്താനുമാണ് ടി.പി.ചന്ദ്രശേഖരന് നേതൃത്വം നല്കിയ ആര്‍എംപി ക്ക് കഴിഞ്ഞത്. എന്നാല്‍ ഇതിനെക്കാളൊക്കെ വിപുലമാണ് മുണ്ടൂര്‍ വിമതരുടെ ജനകീയാടിത്തറ. “അച്ചടക്ക നടപടി നേരിട്ടവര്‍ മാതൃകാ കമ്മ്യൂണിസ്റ്റുകളായി തുടരുമെന്നാണ് പ്രതീക്ഷ. മുണ്ടൂരില്‍ സമാന്തര കമ്മറ്റി ഉണ്ടാക്കിയെന്ന് പറയുന്നത് പ്രചാരണം മാത്രം. ഇവിടെ ഒഞ്ചിയം ആവര്‍ത്തിക്കില്ല” എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ.ബാലന്റെ പ്രസ്താവന ഒരേസമയം വിമതരുടെ ശക്തി അംഗീകരിക്കുന്നതും അവര്‍ക്ക് കീഴടങ്ങുന്നതുമാണ്. ടി.പി.ചന്ദ്രശേഖരനെ ശാരീരികമായി ഇല്ലാതാക്കാന്‍ മാത്രം ഒഞ്ചിയത്ത് സിപിഎമ്മിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന സിപിഎം നേതൃത്വത്തിന്റെ അവകാശവാദം “ഇവിടെ ഒഞ്ചിയം ആവര്‍ത്തിക്കില്ല” എന്ന ബാലന്റെ ഉറപ്പില്‍ തകര്‍ന്നുവീഴുകയാണ്. ഒഞ്ചിയത്ത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയേറ്റു എന്ന് വൈകിയാണെങ്കിലും സിപിഎമ്മിന് സമ്മതിക്കേണ്ടിവന്നിരിക്കുന്നു.
സിപിഎം ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് പുത്തന്‍ സമരഭൂമികള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു എന്നതിന് തെളിവാണ് കാസര്‍ഗോഡ് ജില്ലയിലെ നിലേശ്വരത്തെ പാര്‍ട്ടി വിമതര്‍ ചേര്‍ന്ന് സമാന്തര സിഐടിയു കമ്മറ്റിയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. പുന്നപ്ര-വയലാറിന്റെ നാടായ ആലപ്പുഴ ജില്ലയിലെ സിപിഎം ഇന്ന് വി.എസ്.അച്യുതാനന്ദനും പാര്‍ട്ടി ജില്ലാ സെക്രട്ടറി ജി.സുധാകരനും മുന്‍ മന്ത്രി ടി.തോമസ് ഐസക്കും നേതൃത്വം നല്കുന്ന മൂന്ന് ഗ്രൂപ്പുകളാണ്. സമാന്തര സിപിഎം എപ്പോള്‍ വേണമെങ്കിലും രൂപപ്പെടാവുന്ന വിധത്തില്‍ അയല്‍ക്കൂട്ടങ്ങളെയും ക്ലബുകളേയും കേന്ദ്രീകരിച്ച് നിഴല്‍ കമ്മറ്റികള്‍ നിലവില്‍വന്നു കഴിഞ്ഞു.
രാജ്യത്തിന്റെ രണ്ടറ്റത്ത് കിടക്കുന്നവയാണെങ്കിലും പശ്ചിമബംഗാളിലെയും കേരളത്തിലെയും സിപിഎമ്മിനെ ബന്ധിപ്പിക്കുന്ന അദൃശ്യമായ ഒരു ചുവപ്പന്‍ ഇടനാഴി നിലവിലുണ്ടായിരുന്നു. കേരളത്തെ ബംഗാളാക്കാനായിരുന്നുവല്ലോ ഇവിടുത്തെ സഖാക്കളുടെ ശ്രമം. കേരളത്തിന്റെ പേരിലല്ല അവര്‍ ഏറെ അഭിമാനം കൊണ്ടിരുന്നത്. പശ്ചിമബംഗാളിനെയും മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെയും ചൊല്ലിയായിരുന്നു. ബംഗാളിലെ സ്ഥിതിഗതികള്‍ കേരളത്തിലെ സിപിഎമ്മിനേയും വന്‍തോതില്‍ സ്വാധീനിച്ചുപോന്നു. പാര്‍ട്ടി ഇപ്പോള്‍ നേരിടുന്ന സംഘടനാപരമായ തകര്‍ച്ചയുടെ കാര്യത്തിലും ഇങ്ങനെയൊരു ബന്ധം വേര്‍തിരിച്ചെടുക്കാം. ജ്യോതിബസുവിന്റെ നാട്ടില്‍ മൂന്നരപതിറ്റാണ്ടുകാലം നിലനിന്ന ഇടതുഭരണത്തെ കടപുഴക്കുന്ന ‘പ്രതിവിപ്ലവ’ത്തിന് തുടക്കം കുറിച്ചത് സിംഗൂരിലായിരുന്നു. ടാറ്റയുടെ ചെറുകാര്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ ആവശ്യത്തിലേറെ സ്ഥലം കൃഷിക്കാരില്‍നിന്ന് പിടിച്ചുപറിച്ചതായിരുന്നു ഇതിനിടയാക്കിയത്. സിംഗൂരില്‍നിന്ന് മുണ്ടൂരിലേയ്ക്കുള്ള ദൂരത്തിനിടയിലാണ് നന്ദിഗ്രാമും ഷൊര്‍ണ്ണൂരും ഒഞ്ചിയവും മറ്റും സംഭവിച്ചത്.
നന്ദിഗ്രാമിലെ സമരത്തിന് മറ്റൊരു സവിശേഷതയുമുണ്ടായിരുന്നു. നന്ദിഗ്രാം ഉള്‍പ്പെടുന്ന കിഴക്കന്‍ മിഡ്നാപൂരിലെ തേഭാഗ സമരമാണ് പശ്ചിമബംഗാളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. അങ്ങനെയാണ് പുന്നപ്ര-വയലാറിനെപ്പോലെ തേഭാഗയും കമ്മ്യൂണിസ്റ്റ് കാല്‍പ്പനികതയുടെ അഭേദ്യഭാഗമായത്. ഭൂമിക്കുവേണ്ടിയുള്ള സമരമായിരുന്നു തേഭാഗയുടേത്. ഇതേ ഭൂമി ഇന്തോനേഷ്യയിലെ സാലിം ഗ്രൂപ്പിന് രാസനിര്മാണശാലയ്ക്കുവേണ്ടി ഏറ്റെടുത്തപ്പോഴാണ് നന്ദിഗ്രാമിലെ ജനങ്ങള്‍ ഇടതുഭരണത്തിനെതിരെ കലാപം ചെയ്തത്. ഇന്ന് ഈസ്റ്റ് മിഡ്നാപ്പൂരിലെ പലയിടങ്ങളിലും പാര്‍ട്ടി ഘടകങ്ങള്‍ പോലും ഇല്ലാത്തവിധം അനാഥമാണ് പ്രകാശ് കാരാട്ടിന്റെ സിപിഎം.
സംഭവിക്കുന്നത് ഇതൊക്കെയാണെങ്കിലും സിപിഎം നേതൃത്വം അത് സമ്മതിച്ചുതരില്ല. കോഴിക്കോട് ചേര്‍ന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ സിപിഎം അവകാശപ്പെട്ടത് പശ്ചിമബംഗാളിലും കേരളത്തിലും തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ നേരിട്ടുവെങ്കിലും പാര്‍ട്ടി സംഘടനാപരമായ വളര്ച്ചയിലാണെന്നായിരുന്നു. പാര്‍ട്ടിയില്‍ അംഗത്വമുള്ളവരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. രാജസ്ഥാന്, ഹിമാചല്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ സംഘടനാ വികാസമാണ് ഇതിന് കാരണമത്രെ. പാര്‍ട്ടിയിലുള്ള അന്ധവിശ്വാസം ആവര്‍ത്തിച്ചുറപ്പിയ്ക്കുന്ന ഈ അവകാശവാദം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന് നാല് മാസത്തിനുശേഷം തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നത് പ്രക്ഷോഭങ്ങളില്‍ പാര്‍ട്ടി അംഗങ്ങളുടെ പങ്കാളിത്തം കുറയുന്നുവെന്നാണ്. വര്‍ഗ ബഹുജന സംഘടനകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച രേഖയില്‍ വിമര്‍ശിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ഡിവൈഎഫ്ഐയുടെ വീഴ്ച എടുത്തുപറയുകയും ചെയ്തു. 65 ശതമാനം പഞ്ചായത്തുകള്‍ ഭരിച്ചിരുന്ന പാര്‍ട്ടി 2010ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 35 ശതമാനം പഞ്ചായത്തിലേക്ക് ചുരുങ്ങിയതായി ചൂണ്ടിക്കാണിക്കപ്പെട്ടു. പാര്‍ട്ടി സംഘടനാപരമായ വളര്‍ച്ചയിലാണെന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവകാശവാദം കേരളത്തിന്റെ കാര്യത്തില്‍ ശരിയല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
കേരളത്തേയും പശ്ചിമബംഗാളിനേയും മുന്‍നിര്‍ത്തിയുള്ള അവകാശവാദത്തെ ശരിവെയ്ക്കുന്നതല്ല ലഭ്യമായ ചില കണക്കുകള്‍. പശ്ചിമബംഗാളിലെ നിലപരിശോധിച്ചാല്‍ പാര്‍ട്ടിക്കും വര്‍ഗ ബഹുജന സംഘടനകള്‍ക്കും വന്‍ തകര്‍ച്ചയാണ്. 2007 മുതല്‍ വര്‍ഷംതോറും പാര്‍ട്ടി അംഗങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറയുകയാണ്. 3,21,682 (2007), 3,14,233 (2008), 3,19,435 (2010) എന്നിങ്ങനെയാണ് കണക്ക്. 2009 മാത്രമാണ് അപവാദമായി ചൂണ്ടിക്കാട്ടാവുന്നത്. ആ വര്‍ഷം അംഗസംഖ്യ 2,32,962 ആയിരുന്നു.
പശ്ചിമബംഗാളിലെ ഡിവൈഎഫ്ഐ മെമ്പര്‍ഷിപ്പ് 98,15,35 ആയിരുന്നത് 2010 ല്‍ 84,38,894 ആയി കുറഞ്ഞു. ഇപ്പോഴത്തെ കണക്കനുസരിച്ച് അത് 57.50 ലക്ഷം മാത്രമാണ്. സംസ്ഥാനത്ത് അധികാരത്തിലേറിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണത്തെത്തുടര്‍ന്ന് യുവാക്കള്‍ അംഗത്വം പുതുക്കാത്തതാണ് ഈ ഇടിവിന് കാരണമെന്ന സിപിഎമ്മിന്റെ വാദത്തിന് അടിസ്ഥാനമില്ല. 2011 മെയ് വരെ ബംഗാളില്‍ സിപിഎം അധികാരത്തിലുണ്ടായിരുന്നു. 2008-09 വര്‍ഷങ്ങളില്‍ 14,12,461 അംഗങ്ങളാണ് സംഘടന വിട്ടത്.
തൊഴിലാളിവര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനകളില്‍ സിഐടിയുവിന്റെ കരുത്തിനെ ആശ്രയിച്ചാണ് പാര്‍ട്ടിയുടെ സംഘടനാബലം നിലനില്‍ക്കുന്നത്. ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ 2002 ലെ ഔദ്യോഗിക കണക്ക് പ്രകാരം 26,78,473 മാത്രമാണ് സിഐടിയു അംഗസംഖ്യ. സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിക്ക് 33,60,213 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന്റെ ഐഎന്‍ടിയുസിക്ക് 39,45,012. എച്ച്എംഎസിനാണ് നാലാം സ്ഥാനം. 33,38,419 അംഗങ്ങള്‍. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ അംഗസംഖ്യ 62,15,797 ആണ്. എഐടിയുസിക്കും താഴെ അഞ്ചാമതാണ് സിഐടിയുവിന്റെ സ്ഥാനം. 2002 നെ അപേക്ഷിച്ച് സിഐടിയു വളര്‍ച്ച നേടിയെന്ന് കരുതാന്‍ കാരണങ്ങളില്ല. പശ്ചിമബംഗാളില്‍ 2011 ല്‍ 17 ലക്ഷമുണ്ടായിരുന്ന സിഐടിയു അംഗസംഖ്യ ഒരുവര്‍ഷം കൊണ്ട് ഒരുലക്ഷം കുറഞ്ഞ് 16 ലക്ഷമായത് ഈ നിഗമനത്തിന് അടിവരയിടുന്നു.
എസ്എഫ്ഐയിലെത്തുമ്പോള് അംഗത്വം സംബന്ധിച്ച് ലക്ഷങ്ങളുടെ കണക്കാണ് പറയുന്നതെങ്കിലും എടുത്താല്‍ പൊങ്ങാത്ത അവകാശവാദമാണത്. പത്തോളം സംസ്ഥാനങ്ങളില്‍ മാത്രമാണ് എസ്എഫ്ഐക്ക് കാര്യമായ പ്രവര്‍ത്തനമുള്ളത്. തമിഴ്നാട്ടില്‍ ചേര്‍ന്ന പതിനാലാം ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തത് 750 പേര്. ഇതില്‍ കേരളം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളൊഴിച്ചാല് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വിരലിലെണ്ണാവുന്നവരേ ഉണ്ടാവൂ. മറ്റിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പിന്‍ബലത്തില്‍ ശക്തി തെളിയിച്ചുകൊണ്ടിരുന്ന ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു)യും ഇപ്പോള്‍ എസ്എഫ്ഐയെ കൈവിട്ടിരിക്കുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാനുള്ള സിപിഎം തീരുമാനത്തെ എതിര്‍ത്തതിന്റെ പേരില്‍ ജെഎന്‍യു ഘടകത്തെ എസ്എഫ്ഐ നേതൃത്വം പിരിച്ചുവിട്ടിരുന്നു. പുറത്താക്കപ്പെട്ടവര്‍ വിമത എസ്എഫ്ഐ രൂപീകരിച്ച് മത്സരിച്ച് വന്‍ വിജയം നേടി.
സൈദ്ധാന്തികമായ തകര്‍ച്ച പണ്ടേ പൂര്‍ത്തിയാക്കിയ സിപിഎം സംഘടനാപരമായ പിന്‍ബലത്തിലാണ് പ്രതിസന്ധിയുടെ അന്തരാളഘട്ടത്തെ അതിജീവിച്ചുപോന്നത്. പശ്ചിമബംഗാളിലെ അധികാര നഷ്ടത്തോടെ ഇതും അസാധ്യമായിരിക്കുന്നു. കാരാട്ടിന്റെ പാര്‍ട്ടി ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് സോണിയാഗാന്ധിയുടെ കോണ്‍ഗ്രസില്‍ തന്നെയാണ്. എതിര്‍പ്പുകള്‍ തള്ളി രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണക്കാന്‍ തീരുമാനിച്ചത് ഈ പുത്തന്‍ ബാന്ധവത്തിന്റെ പരസ്യപ്രഖ്യാപനമാണ്. കേരളത്തില്‍ എതിര്‍ക്കുമ്പോള്‍ ബംഗാളില്‍ മമതക്കെതിരെയും കേന്ദ്രത്തില്‍ ബിജെപിക്കെതിരെയും കോണ്‍ഗ്രസുമായി തന്ത്രപരമായ സഹകരണം എന്നതാണ് സിപിഎമ്മിന്റെ നയം. ചുരുക്കത്തില്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനെയല്ല, കോണ്‍ഗ്രസ് പാര്‍ട്ടിയെ ആശ്രയിച്ച് മാത്രമായിരിക്കും സിപിഎമ്മിന്റെ ഇനിയുള്ള നിലനില്‍പ്പ്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: