“ഈ മഹത്തായ നാടകം എന്താണെന്ന് വ്യക്തമാക്കുവാന്‍ പോകുന്നത് അഞ്ചാംരംഗത്തോടെയാണ്. എവിടേക്കാണ് ഇത് പോകുന്നതെന്ന് വെളിവാക്കും വിധത്തില്‍ ദിവ്യമായ തിരക്കഥ നേരത്തെ കുറിച്ചിരിക്കുകയാണ്”. സര്‍സംഘചാലകനായി നിശ്ചയിക്കപ്പെട്ടതിനുശേഷം നാഗപ്പൂരില്‍ നടന്ന പൊതുപരിപാടിയില്‍ നടത്തിയ ബൗദ്ധിക്കില്‍ സുദര്‍ശന്‍ജി ഉദ്ധരിച്ചതാണ് ഈ കാര്യം. അസന്ദിഗ്ധമാംവണ്ണം അദ്ദേഹംസൂചിപ്പിച്ചത് സംഘത്തിന്റെ പ്രവര്ത്തനശൈലിയെക്കുറിച്ചാണ്. നിയതമായ മാര്‍ഗത്തിലൂടെ സുനിശ്ചിതമായ പദ്ധതികളിലൂടെ സംഘം മുന്നേറി ലക്ഷ്യത്തിലെത്തുമെന്നാണ് അദ്ദേഹം സ്വതസിദ്ധമായ രീതിയില്‍ പ്രസ്താവിച്ചത്. അഞ്ചാമങ്കത്തോടെ എല്ലാം ‘തെളിയുമെങ്കിലും അത് നേരത്തെ തന്നെ തിരക്കഥയില്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്’ എന്ന പ്രഖ്യാപനത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ വായിച്ചെടുത്താല്‍ സംഘമെന്ന മഹാപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന സവിശേഷത നമുക്ക് ബോധ്യപ്പെടും.
ദ്വിതീയ സര്‍സംഘചാലകായിരുന്ന ശ്രീഗുരുജിയുടെ മഹാസമാധിക്കുശേഷം നടന്ന പ്രതിനിധിസഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഭാവുറാവു ദേവറസ് പറഞ്ഞ വസ്തുത വളരെയേറെ ശ്രദ്ധേയമാണ്. ‘സര്‍സംഘചാലക്’ എന്ന പദം സംഘത്തെ സംബന്ധിച്ചിടത്തോളം താരതമ്യങ്ങള്‍ക്കും വിലയിരുത്തലുകള്ക്കുമൊക്കെ അതീതമാണ്. സര്സംഘചാലകെന്നാല്, അതെ, ആ പവിത്രമായ സ്ഥാനം അതുതന്നെയാണ്. മറ്റൊന്നല്ലതന്നെ.”
ഡോക്ടര്‍ജിയിലൂടെ സ്ഥാപിതമായ ഗുരുജിയിലൂടെ ദേശവ്യാപകമായിത്തീര്ന്ന സംഘത്തിന്റെ പ്രവര്‍ത്തനവ്യവസ്ഥ ദേവറസ്ജിയുടെ കാലമായപ്പോഴേക്കും ഉരുത്തിരിഞ്ഞ് സുപ്രതിഷ്ഠിതമായി. അനുകൂലമായ ആ വികാസപ്രക്രിയയിലും നിരവധി കാര്യകര്‍ത്താക്കള്‍ക്ക് വ്യക്തമായ ഉത്തരവാദിത്വമുണ്ട്. ബാബാസാഹബ് ആപ്തെ, ദാദാറാവുപരമാര്ത്ഥ്, മാര്ത്താണ്ഡറാവുജോഗ്, അപ്പാജി ജോഷി തുടങ്ങിയുള്ള ആദ്യകാല പ്രവര്‍ത്തകരും ഏതാണ്ട് ഒന്നരപതിറ്റാണ്ടോളം സര്‍കാര്യവാഹായിരുന്ന ശേഷാദ്രിജിയുമൊക്കെ സംഘത്തിന്റെ വ്യവസ്ഥാപനത്തില് തുല്യ പങ്കുള്ള മഹാത്മാക്കളാണ്. ഭരണഘടനാപരവും സര്‍സംഘചാലക് ഫിലോസഫറും ഗൈഡുമാണ്. പ്രവര്ത്തനനിര്വഹണം സര്‍കാര്യവാഹിന്റെ നേതൃത്വത്തിലുള്ള അഖിലഭാരതീയ കാര്യകാരിയുടെ ചുമതലയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നോക്കിലും വാക്കിലുമെല്ലാം ഒത്തുതീര്‍പ്പില്ലാത്ത പോരാളിയുടെ തീക്ഷ്ണത. പൊരുതിക്കയറുകയും കടന്നാക്രമിക്കുകയും ചെയ്യുന്ന ധീരന്റെ സാഹസികത. അതെ, സുദര്‍ശന്‍ജി എല്ലാ കാലത്തും ഒരു ബൗദ്ധിക ക്ഷത്രിയനായാണ് അറിയപ്പെടുക. സംഘത്തിന്റെ താത്ത്വിക നിലപാടുകള്‍ സുദൃഢമാക്കുന്നതിനോടൊപ്പം ദേശവിരുദ്ധസിദ്ധാന്തങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കേണ്ടതിന്റെ അനിവാര്യതയില്‍ അദ്ദേഹം പ്രത്യേകം ഊന്നിയിരുന്നു. 1988 ലെ ഒരു സംഭവം ഈ വസ്തുതയെ കൂടുതല്‍ വ്യക്തമാക്കുവാന്‍ ഉപകരിക്കും. അദ്ദേഹം അഖിലഭാരതീയ ബൗദ്ധിക് പ്രമുഖായിരുന്നു അന്ന്. ആലുവയില്‍ ഈ ലേഖകനുള്‍പ്പെടെയുള്ള പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം കേരളത്തിന്റെ മനോനിലയില്‍ മാറ്റം വരുത്തുവാന്‍ സൈദ്ധാന്തികമായ കടന്നാക്രമണം നടത്തിയേ മതിയാകൂ എന്ന് അടിവരയിട്ടു പറഞ്ഞു. ഏകാത്മമാനവദര്‍ശനത്തിന്റെ ശാസ്ത്രീയതയും മാനവികതയും വിശദീകരിക്കുവാനും കേരളത്തെ ആവേശിച്ചിരിക്കുന്ന കമ്മ്യൂണിസത്തിന്റെ അശാസ്ത്രീയതയും ദാനവികതയും വ്യക്തമാക്കുന്നതിനുമായി ആസൂത്രിതവും നിരന്തരവുമായ പരിശ്രമം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
‘പ്രജ്ഞാപ്രവാഹ്’ എന്ന പേരില്‍ അഖിലഭാരതീയതലത്തില്‍ ബുദ്ധിജീവികളുടേതായ ഒരുവേദി രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് സുദര്ശന്ജിയുടേതായിരുന്നു. അതിന്റെ ആഭിമുഖ്യത്തില്‍ ദേശമാസകലം അര്‍ത്ഥപൂര്‍ണമായ ഒരു വൈചാരികമഥനം നടന്നു. വര്‍ത്തമാനകാലം ദര്‍ശിച്ചുകൊണ്ടിരിക്കുന്ന ദേശീയ നവോത്ഥാനത്തിന്റെ സൈദ്ധാന്തിക ഉള്ളടക്കം ഈ മഥനത്തിലൂടെയാണ് ഉരുത്തിരിഞ്ഞുവന്നത്. കേരളത്തിന്റെ സങ്കീര്‍ണ്ണമായ വൈചാരിക മണ്ഡലത്തിലും ഇത് ദൃശ്യമാണ്.
സുദര്‍ശന്‍ജിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വിവിധ മതവിഭാഗങ്ങളുമായുള്ള ചര്‍ച്ചകള്‍ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഇസ്ലാമിക, ക്രൈസ്തവ മതപുരോഹിതന്മാരും സാമൂഹ്യ നേതാക്കന്മാരുമായി നടന്ന ഈ സംഭാഷണങ്ങള്‍ സംഘത്തിന്റെ മതസംബന്ധമായ മൗലികവീക്ഷണത്തിന്റെ നിദര്‍ശനങ്ങളാണ്. ആരാധനാരീതിയുടെയും അനുഷ്ഠാനസമ്പ്രദായത്തിന്റേയും വൈവിധ്യങ്ങളോട് സംഘത്തിന് യാതൊരുതരത്തിലുമുള്ള വിരോധവുമില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് തികച്ചും വിശാലമായ ‘ഏകംസദ്വിപ്രാഃ ബഹുധാവദന്തി’ തന്നെയാണ് സംഘത്തിന്റെ കാഴ്ചപ്പാട്. ഈ സമീപനത്തിന്റെ ഔന്നത്യം തന്നെ മറ്റു മതങ്ങളോട് ഓരോ മതവിശ്വാസിയും പ്രകടിപ്പിക്കണം. അങ്ങനെ വരുമ്പോള്‍ മതപരിവര്‍ത്തനം തന്നെ അപ്രസക്തമാവുമല്ലോ എന്ന വ്യക്തമായ നിലപാട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം സുദര്‍ശന്‍ജി ക്രൈസ്തവ-ഇസ്ലാമിക മതസാമൂഹ്യ നേതൃത്വത്തിന്റെ മുമ്പാകെ അവതരിപ്പിച്ചു.
ദൃശ്യശ്രാവ്യ അച്ചടി മാധ്യമങ്ങളെല്ലാം സംഘ പ്രസ്ഥാനത്തിന് എതിരാണെന്ന വിലാപം പല കോണുകളില്‍നിന്നും ഉയരാറുണ്ട്. ഒട്ടൊക്കെ ആ വസ്തുത ശരിയാണുതാനും. പക്ഷെ അതിനുള്ള പരിഹാരമെന്ത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയും ഫലപ്രദമാംവിധത്തില് അത് പ്രയോഗിക്കുകയും ചെയ്തതില്‍ സുദര്‍ശന്‍ജിയുടെ മൗലികധിഷണ വിജയിച്ചുവെന്നുകാണാം. പ്രചാര്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം മുമ്പുതന്നെ തുടങ്ങിയിരുന്നെങ്കിലും അതിനെ ശാസ്ത്രീയമായി സംഘടിപ്പിക്കുകയും ആധുനിക വിവരസാങ്കേതിക വിജ്ഞാനത്തിന്റെ സഹായത്തോടെ നവീകരിക്കുകയും പ്രധാന നഗരങ്ങളെയെല്ലാം പരസ്പ്പരം ബന്ധിപ്പിച്ചുകൊണ്ട് വാര്‍ത്താശൃംഖല സ്ഥാപിച്ചതുമൊക്കെ ഇതേത്തുടര്‍ന്നാണ്.
ദേശീയ നവോത്ഥാനത്തിന്റെ ഈ ശുഭസന്ദര്ഭത്തില്തന്നെയാണ് ശിഥിലീകരണപ്രവണതകളും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുക്കളിലെ ഓരോ വിഭാഗത്തേയും വിഘടിപ്പിച്ചെടുക്കാനും മാതൃശരീരത്തിനെതിരാക്കാനുമുള്ള കുത്സിതശ്രമങ്ങള്‍ ഇന്ന് വളരെയേറെ സജീവമാണ്. ദളിത് ഇസ്ലാമിക ഐക്യത്തിന്റെ പേരിലും ബൗദ്ധ-ക്രൈസ്തവ സഖ്യത്തിന്റെ പേരിലുമൊക്കെ നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ഭാരതീയരുടെ ശ്രദ്ധയെ ക്ഷണിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ദേശീയ നേതാവ് സുദര്‍ശന്‍ജിയാണ്. മര്‍മ്മപ്രധാനമായ ഇത്തരം മേഖലകളിലേക്ക് കടന്നുചെന്ന് ബോധവല്‍ക്കരണം നടത്തുന്നതിനായി സ്വയംസേവകരേയും സമാനമനസ്കരായ ദേശീയവാദികളെയും അദ്ദേഹം സജ്ജരാക്കി.
ഉത്തരക്ഷേത്രീയ പ്രചാരകനായിരുന്ന കാലത്ത് സിഖുപ്രശ്നത്തെ സംബന്ധിച്ച് അദ്ദേഹം ആഴത്തില്‍ പഠിക്കുകയും ഗുരുഗ്രന്ഥ സാഹിബിലും വിചിത്ര നാടകത്തിലും ദശമേശചരിതത്തിലുമൊക്കെ അസാധാരണമായ വ്യുല്‍പ്പത്തി നേടുകയും ചെയ്തു. സിഖുകാരില്‍ ഒരു വിഭാഗത്തിന്റെയെങ്കിലും ഇടയില്‍ അക്കാലത്ത് രൂഢമൂലമായിരുന്ന വിഘടനവാദത്തിനുള്ള പരിഹാരം കാണുന്നതിനും അവരെ എല്ലാകാലത്തേക്കുമായി ഭാരതത്തിന്റെ ഭാഗമാക്കിനിര്ത്തുന്നതിനുമായി അദ്ദേഹം വളരെയധികം പരിശ്രമിച്ചു. അതിന്റെ ഫലമായിട്ടാണ് ‘രാഷ്ട്രീയ സിഖ് സംഗത്’ എന്ന സംഘടന തന്നെ രൂപം കൊണ്ടത്. ദേശീയ മുഖ്യധാരയില്‍ സിഖ് സഹോദരങ്ങള്‍ ഇന്ന് ഉറച്ചുനില്ക്കുന്നതിന് പിന്നിലുള്ള സംഘത്തിന്റെ പങ്ക് പ്രത്യേക പഠനം അര്‍ഹിക്കുന്ന വിഷയമാണ്.
ഒരു ശാസ്ത്രവിദ്യാര്ത്ഥിയെന്ന നിലയില്‍ പ്രശ്നങ്ങളോടുള്ള സുദര്‍ശന്‍ജിയുടെ സമീപനം ഗവേഷകന്റേതാണ്. സൂക്ഷ്മനിരീക്ഷണത്തിലൂടെ വിശ്ലേഷണം ചെയ്ത്, വിഭജിച്ച്, സ്വഭാവവും പ്രകൃതവും അനുസരിച്ച് ക്രമീകരിച്ച് നിഗമനത്തിലേക്കെത്തുന്ന ചിട്ടയോടെയുള്ള രീതി. വടക്ക്-കിഴക്കന്‍ മേഖലയുടെ ചുമതല നോക്കിയിരുന്ന സന്ദര്‍ഭത്തില്‍ അവിടുത്തെ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയിട്ടുള്ള പഠനം ശാസ്ത്രീയമായ സമീപനത്തിന്റെ തെളിവാണ്. ‘ഏഴ് സഹോദരിമാര്‍’ എന്നറിയപ്പെടുന്ന ഉത്തരപൂര്‍വ സംസ്ഥാനങ്ങളുടെ യഥാര്‍ത്ഥ സമസ്യയെന്തെന്ന് ശിഷ്ടഭാരതത്തെ അറിയിച്ചതില്‍ സുദര്‍ശന്‍ജി വഹിച്ച പങ്ക് നിസ്തുലമായിരുന്നു. What ails north east (വടക്ക് കിഴക്കിനെ വേദനിപ്പിക്കുന്നതെന്ത്?) എന്ന പുസ്തകത്തിലൂടെയും ദേശമാസകലം നടത്തിയ പ്രഭാഷണങ്ങളിലൂടെയും ദേശീയ മനഃസാക്ഷിയെ അദ്ദേഹം തട്ടിയുണര്‍ത്തി.
ഡോക്ടര്‍ജിയും ഗുരുജിയും സംഘത്തിന്റെ സ്രഷ്ടാക്കളായിരുന്നു. ദേവറസ്ജിയും ഒരര്‍ത്ഥത്തില്‍ ആ ഗണത്തില്‍തന്നെയാണ് പെടുന്നത്. അവരിലൂടെയാണ് മുമ്പ് സൂചിപ്പിച്ചതുപോലെ ശാഖാപദ്ധതി ഇന്നത്തെ രൂപഭാവങ്ങള്‍ ആര്‍ജ്ജിച്ചത്. അങ്ങനെ നോക്കുമ്പോള്‍ പഥദര്ശകന്മാരെന്നതുപോലെ പഥസ്രഷ്ടാക്കളുമായിരുന്ന ആ മഹാത്മാക്കളില്‍നിന്ന് വ്യത്യസ്തനായിരുന്നു സുദര്‍ശന്‍ജി. നന്നേ ചെറുപ്പത്തില്‍ സംഘശാഖയില്‍ പോയി ശാഖയിലൂടെ വളര്‍ന്ന് പ്രചാരകനായി വികസിച്ച് സര്സംഘചാലകായിത്തീര്ന്ന വ്യക്തിത്വം. അടിസ്ഥാന ശാഖാപദ്ധതിയിലും കാര്യക്രമങ്ങളിലും അതുകൊണ്ടുതന്നെ അദ്ദേഹത്തിന് തികഞ്ഞ അവഗാഹമുണ്ട്. ദീര്‍ഘനാളുകള്‍ അഖിലഭാരതീയ ശാരീരിക് ശിക്ഷണ്പ്രമുഖായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹമാണ് ശാഖാപരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുന്ന നിയുദ്ധയ്ക്കും യോഗചാപിനും ഇന്നത്തെ രൂപം നല്‍കിയത്.അതിനായി പ്രസ്തുത വിഷയങ്ങളില്‍ നൈപുണ്യമുള്ളവരെ അദ്ദേഹം നേരിട്ടുകണ്ട് ചര്‍ച്ച നടത്തി.ഉദാഹരണത്തിന് കേരളത്തിലെ കളരി, ഉത്തരഭാരതത്തിലെ അഖാഡകളിലെപരിശീലനങ്ങള്, പ്രാചീന മല്ലയുദ്ധമുറകളായ ജരാസന്ധി, ജാംബവതി, ഹനുമന്തി, ഭീമസേനി ഇവയിലൊക്കെ പ്രാവീണ്യംനേടിയിട്ടുള്ള വിദഗ്ദ്ധന്മാരെ ഉള്‍പ്പെടുത്തി നടത്തിയ ദീര്‍ഘകാലത്തെ അന്വേഷണമാണ് നിയുദ്ധയായി പരിണമിച്ചത്.
ഓരോ കാലഘട്ടവും വിലയിരുത്തപ്പെടുമ്പോള്‍, അതാത് സന്ദര്‍ഭങ്ങളുടെ രാഷ്ട്രീയ-സാമൂഹ്യ സാഹചര്യവും നിരീക്ഷകന്റെ കണ്ണില്പ്പെടേണ്ടതുണ്ട്. ഒരു സാമൂഹ്യ-സാംസ്ക്കാരിക സംഘടനയെന്ന നിലയില്‍ അത്തരം സാഹചര്യങ്ങളുടെ സ്വാധീനം പ്രവര്‍ത്തനത്തിലും പൊതുസമീപനങ്ങളിലും പ്രതിഫലിക്കുക സ്വാഭാവികമാണ്. ഡോക്ടര്‍ജിയുടെ കാലഘട്ടം സ്വാതന്ത്ര്യം നേടുന്നതിനുള്ള അഭിവാഞ്ഛയുടേയും തീവ്രപരിശ്രമങ്ങളുടേതുമായിരുന്നു. നേരിടേണ്ടിവന്ന എതിര്‍പ്പ് മുഖ്യമായും വിദേശികളില്നിന്നായിരുന്നുതാനും. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള കാലം സംഘവിരുദ്ധമായ രാഷ്ട്രീയ പ്രസ്ഥാനം എതിരില്ലാത്ത ശക്തിയോടെ ഭാരതം വാഴുകയായിരുന്നു. അതോടൊപ്പം രാഷ്ട്രവിരുദ്ധ മതതീവ്രവാദ ശക്തികളുടെ സജീവസാന്നിധ്യവും ആ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു. പക്ഷെ ദേവറസ്ജി സര്സംഘചാലകാവുമ്പോഴേക്കും സ്ഥിതിഗതി മാറി. എതിര്‍ത്തുനിന്നിരുന്ന പ്രബലവിഭാഗത്തിന്റെ കാലിടറി തുടങ്ങി. ഹിന്ദുത്വപക്ഷം എല്ലാ മേഖലകളിലും ഉറച്ച ചുവടുകളോടെ മുന്നേറുകയായി. പിന്നീടുള്ള നാളുകള്‍ ക്രമപ്രവൃദ്ധമായ വളര്‍ച്ചയുടേതായിരുന്നു. ഹിന്ദുത്വത്തിന്റെ സ്ഥാനം വീണ്ടും അംഗീകരിക്കപ്പെടുന്നു. ഇപ്പോഴത്തെ, അതായത് തുടക്കത്തില്‍ സൂചിപ്പിച്ച അഞ്ചാമങ്കമാകുമ്പോള് ഹിന്ദുത്വവിരുദ്ധപാളയങ്ങള് ഏറെക്കുറെ ശിഥിലമായിക്കഴിഞ്ഞു. പുതിയ കാലത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് സഫലമായ ആവിഷ്ക്കരണങ്ങളിലൂടെയും സംഘം നേതൃത്വം നല്കുന്ന നവോത്ഥാന ശക്തി അന്തിമവും ശാശ്വതവുമായ വിജയത്തിനായുള്ള കുതിപ്പിലാണ്. ഈ പശ്ചാത്തലത്തിലെ അതാത് കാലങ്ങളിലെ സംഘപ്രവര്‍ത്തനത്തിന്റെ വികസ്വരമാനങ്ങളെ വിലയിരുത്തുവാന്‍ സാധിക്കുകയുള്ളൂ.
ഭാവുറാവു ദേവറസിന്റെ ദേഹാന്ത്യത്തെത്തുടര്ന്ന് ദല്‍ഹി കാര്യാലയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ കേന്ദ്ര പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഇങ്ങനെ പറയുകയുണ്ടായി. “ഉന്നതന്മാരായ നേതാക്കന്മാരുടെ വിയോഗംപോലും ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയേയില്ല. മറ്റ് സംഘടനകള്‍ക്ക് ഇത്തരമൊരു നഷ്ടം നികത്തുവാന്‍ പലപ്പോഴും കഴിയാറേയില്ല. എന്നാല്‍ ആര്‍എസ്എസില്‍ കാര്യശേഷിയുള്ള പ്രവര്‍ത്തകര്‍ക്ക് ഒരുകാലവും കുറവ് വന്നിട്ടില്ല, വരികയുമില്ല”. സംഘത്തിന്റെ അനുസ്യൂതത്വത്തിന്റെ കാരണവും മറ്റൊന്നല്ല.
ജെ.നന്ദകുമാര്‍ (ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: