സാന്‍ ഫ്രാന്‍സിസ്കോ: ഇസ്ലാം വിരുദ്ധ സിനിമ യൂടൂബില്‍ നിന്നും നീക്കം ചെയ്യണമെന്ന വൈറ്റ് ഹൗസിന്റെ ആവശ്യം ഗൂഗിള്‍ തള്ളിക്കളഞ്ഞു. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ വീഡിയോ നീക്കം ചെയ്യാനാവില്ലെന്ന് ഗൂഗിള്‍ ഇന്‍കോര്‍പ്പറേറ്റ് അറിയിച്ചു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്കക്കെതിരെ വ്യാപക ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ വിവാദ സിനിമ നീക്കം ചെയ്യാന്‍ വൈറ്റ് ഹൗസാണ് ആവശ്യപ്പെട്ടത്. നിയമപ്രകാരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലും ഇന്തോനേഷ്യയിലും വീഡിയോ സെന്‍സര്‍ ചെയ്തിരുന്നു. ഇതിന് പുറമെ കലാപങ്ങളുട പേരില്‍ ഇസ്ലാമിക രാഷ്ട്രങ്ങളായ ഈജിപ്റ്റ്, ലിബിയ എന്നിവിടങ്ങളിലും ഇത് പിന്‍വലിച്ചിരുന്നു. എന്നാല്‍ കലാപങ്ങളുടെ പേരില്‍ സമ്പൂര്‍ണ നിരോധനം പറ്റില്ലെന്നാണ് ഗൂഗിള്‍ അധികൃതരുടെ നിലപാട്.
2007 ല്‍ കമ്പനി സ്ഥാരിതമായതു മുതല്‍ എടുക്കുന്ന സമീപനമാണിത്. ഇതില്‍ നിന്നും വ്യതിചലിക്കാനാവില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി. ചിത്രത്തില്‍ പ്രവാചകനെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച് പ്രതിഷേധക്കാര്‍ വ്യാപക അക്രമങ്ങളാണ് അഴിച്ചുവിടുന്നത്. ചൊവ്വാഴ്ച ലിബിയയില്‍ പ്രതിഷേധക്കാര്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് അംബാസിഡര്‍ കൊല്ലപ്പെട്ടിരുന്നു.
വീഡിയോ യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്ലൈന്‍സ് പാലിക്കുന്നില്ലെന്നായിരുന്നു വൈറ്റ്ഹൗസിന്റെ വാദം. അതേസമയം ചിത്രത്തിന്റെ സംവിധായകന് ബസ്സെലി നക്കോളയെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അമേരിക്ക വ്യക്തമാക്കി. 55കാരനായ നക്കോള ഈജിപ്ത് സ്വദേശിയാണ്. ബാങ്ക് മോഷണക്കേസില്‍ കാലിഫോര്‍ണിയയിലെ ജയിലിലായ ഇയാളെ കഴിഞ്ഞ ജൂണിലാണ് മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: