കേരളത്തില്‍ ഇപ്പോള്‍ തന്നെ വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിക്കഴിഞ്ഞ ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതായുള്ള മോണ്ടെക് സിംഗ് ആലുവാലിയ യുടെ പ്രഖ്യാപനം മലയാളികളെ ക്ഷുഭിതരാക്കിയിരിക്കുകയാണ്. പദ്ധതി പ്രദേശത്തുവരുന്ന 500 ഏക്കര്‍ ഭൂമിയിലെ നെല്‍വയല്‍ നികത്താനുമുള്ള അനുമതിയും അദ്ദേഹം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി കൃഷി ചെയ്യാത്ത നെല്‍വയലുകളാണ് നികത്തുന്നത്. ഇവിടെ കൃഷി നടക്കുന്നില്ലെന്ന സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് ഈ അനുമതി. ഇതോടെ വിമാനത്താവളം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. ആലുവാലിയയുടെ ഭാഷ്യം കേരളം ഭക്ഷ്യ സുരക്ഷയില്‍ അല്ല ശ്രദ്ധിക്കേണ്ടത്, മറിച്ച് ടൂറിസം, ഐടി വികസനത്തിനാണെന്നും ഭക്ഷ്യസുരക്ഷ ഒരു സംസ്ഥാനത്തിന്റെ മാത്രം ബാധ്യതയല്ലെന്നുമാണ്. കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക് അരി ആഹാരം നല്കുന്ന വയലുകള്‍ നികത്തി അവിടെ നാണ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കാനും ആഹ്വാനം ചെയ്യുന്നു. ആലുവാലിയ ഭൂമാഫിയയുടെ വക്താവായി മാറുകയാണെന്ന രൂക്ഷമായ ആരോപണവും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. ആറന്മുള പൈതൃക ഗ്രാമമാണ്. തനതായ സംസ്ക്കാരം കാത്തു സൂക്ഷിക്കുന്ന ഗ്രാമം. ആറന്മുളയില് ഒരു വിമാനത്താവളം വരുന്നത് നിലവിലുള്ള വിമാനത്താവള നിയമങ്ങള്‍ക്ക് വിരുദ്ധവുമാണ്. കേരളത്തിലെ നെല്‍വയലുകള്‍ ഇപ്പോള്‍ തന്നെ ഭൂമാഫിയ കയ്യടക്കി നാണ്യവിളകളിലേയ്ക്കും ബഹുനില കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലേയ്ക്കും മാറുകയാണ്. ആലുവാലിയയുടെ സ്വപ്നവും ‘ഉയരങ്ങളിലേയ്ക്കുള്ള’ വികസനം ആണ്.
കേരളത്തിലുണ്ടായിരുന്ന ഒന്‍പതു ലക്ഷം ഹെക്ടര്‍ നെല്‍വയല്‍ ഇപ്പോള്‍ തന്നെ രണ്ടുലക്ഷമായി ചുരുങ്ങിക്കഴിഞ്ഞു. നെല്‍വയലിനോടൊപ്പം അപ്രത്യക്ഷമാകുന്നത് കേരളത്തിന്റെ തനതായ കാര്‍ഷിക സംസ്ക്കാരം മാത്രമല്ല, നീര്‍ത്തടങ്ങളും ആണ്. ഇവ ജലസംരക്ഷണത്തിനായുള്ള പ്രകൃതിയുടെ സംഭാവനയാണ്. ഇത് കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെ മാത്രമല്ല ബാധിയ്ക്കുന്നത്. ഇവിടത്തെ കുടിവെള്ളലഭ്യത കൂടിയാണ്. ഇപ്പോള്‍തന്നെ കാലവര്‍ഷം എന്ന പ്രതിഭാസം കേരളത്തില്‍നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. കേരളത്തിലെ നിബിഢവനങ്ങള്‍ ശുഷ്ക്കിച്ചത് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചിരിക്കുകയാണ്. മഴവെള്ളം ഊര്‍ന്നിറങ്ങി സംഭരിക്കാന്‍ വയലുകളോ നീര്‍ത്തടങ്ങളോ ഇല്ലാതാകുന്നതോടെ നമുക്ക് നഷ്ടപ്പെടുന്നത് കുടിവെള്ളത്തിന്റെ സ്വയംപര്യാപ്തതയാണ്.
ജലസംഭരണത്തിനുള്ള പ്രകൃതിയുടെ വരദാനം നശിപ്പിച്ച് കുടിവെള്ളത്തിന് പോലും സ്വയം പര്യാപ്തത നഷ്ടപ്പെടാന്‍ പോകുന്ന കേരളത്തിനാണ് വികസനം എന്നാല്‍ ടൂറിസം വികസനമാണെന്ന് ആലുവാലിയയുടെ വ്യാഖ്യാനം. അദ്ദേഹം ലക്ഷ്യമിടുന്ന വിദേശനാണ്യം ജല സ്വയംപര്യാപ്തത ലഭ്യമാക്കുകയില്ലല്ലോ. വിമാനത്താവള പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത് 2005 ല്‍ ആണ്. വെറും ഗ്രാമപ്രദേശമായ, പ്രവാസി മലയാളികളില്ലാത്ത ആറന്മുളയില് വിമാന ത്താവളത്തിന് അനുമതി നല്‍കിയത് കെജിഎസ് ഗ്രൂപ്പിനെ പ്രീണിപ്പിക്കാനാണ്. നിലം നികത്താനുള്ള മണ്ണ് പദ്ധതി പ്രദേശത്തുനിന്നുതന്നെ ലഭ്യമാകുമെന്നും പുറത്തുനിന്ന് കൊണ്ടുവരേണ്ടതില്ലെന്നുമാണ് കെജിഎസ് ഗ്രൂപ്പിന്റെ വിശദീകരണം.
ആറന്മുള വള്ളംകളിയും വള്ളംകളി സദ്യയും എല്ലാം ഇവിടത്തെ കാര്‍ഷിക സംസ്ക്കാരത്തിന്റെ ഭാഗമായ ആഘോഷമാണ്. ഇവിടെയാണ് വിമാനത്താവളം കൊണ്ടുവരുന്നത്. ഈ പ്രദേശത്തുകൂടി ഒഴുകുന്ന തോട്ടിലെ നീരൊഴുക്കും വയല്‍ നികത്തല്‍ തടസ്സപ്പെടുത്തും. അതുകൊണ്ട് തോടിന്റെ ഗതി തിരിച്ചുവിടണമെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. റണ്‍വേയ്ക്കും ചരക്കു കയറ്റുന്ന സ്ഥലത്തിനും ടാക്സി പാതയ്ക്കും മാത്രമാണ് നെല്‍വയല്‍ നികത്തുന്നത് എന്ന് വനം പരിസ്ഥിതി മന്ത്രാലയങ്ങള്‍ വിശദീകരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കെജിഎസ്സിന്റെ ഭൂമിയില്‍ യുവമോര്‍ച്ച മാര്‍ച്ച് നടത്തി. എമെര്‍ജിംഗ് കേരളയോടുള്ള എതിര്‍പ്പിന്റെ അടിസ്ഥാന കാരണം വികസന വിരോധമല്ല, മറിച്ച് കേരളത്തിന്റെ വനങ്ങളും തണ്ണീര്‍ത്തടങ്ങളും വയലുകളും നശിപ്പിച്ച് സാംസ്ക്കാരിക തനിമ നഷ്ടപ്പെടുത്തി കേരളത്തെ കേരളമല്ലാതാക്കുന്നതിനെതിരെയാണ്. കേരള വികസനം എന്നാല്‍ സര്‍ക്കാരിന്റെ കൃഷിനാശവും സാംസ്ക്കാരിക ശോഷണവും കുടിവെള്ള ക്ഷാമവും എല്ലാം ആണെന്നത് ഒരു വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: