കോടതി വാര്‍ത്തകളുടെ റിപ്പോര്‍ട്ടിംഗിന് പ്രത്യേക മാര്‍ഗ്ഗരേഖ വേണ്ടെന്ന് പറയുന്ന സുപ്രീംകോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേര്‍ത്തിരിക്കുന്നു. കോടതി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവ കോടതിയലക്ഷ്യമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയലക്ഷ്യം എന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തൂങ്ങുന്ന ഡമൊക്ലിസിന്റെ വാളാണല്ലൊ. വാര്‍ത്തകള്‍ക്ക് മാര്‍ഗരേഖ ഉണ്ടാക്കേണ്ടെന്ന് പറയുമ്പോഴും അവശ്യഘട്ടങ്ങളില്‍ ചില റിപ്പോര്‍ട്ടിംഗുകള്‍ കോടതിയ്ക്ക് തടയാമെന്ന് സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത് ഒരു നിവാരണ നടപടി മാത്രമാണ്. അല്ലാതെ മാധ്യമ നിയന്ത്രണമല്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയുടെ 19, 21 വകുപ്പുകള്‍ അഭിപ്രായ സ്വാതന്ത്ര്യവും ജീവിയ്ക്കാനുള്ള അവകാശവും ഉറപ്പുനല്‍കുന്നുണ്ട്. ആവശ്യമെന്ന് തോന്നിയാല്‍ വാര്‍ത്ത കൊടുക്കുന്നത് തടയുമെന്നല്ലാതെ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ല. അതേസമയം ഏതെങ്കിലും കേസ് പരിഗണിക്കുമ്പോള്‍ അവ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാന്‍ ഹൈക്കോടതിയ്ക്കും സുപ്രീംകോടതിയ്ക്കും അധികാരമുണ്ടെന്നും ഭരണഘടനയനുസരിച്ച് ലക്ഷ്മണ രേഖ ഏതെന്ന് മനസ്സിലാക്കി വേണം മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ ജഡ്ജും അഭിഭാഷകരും തമ്മില്‍ നടക്കുന്ന ആശയവിനിമയം പോലും വാര്ത്തയാകാറുണ്ടല്ലൊ.
കോടതി എങ്ങനെ വിശദീകരിച്ചാലും ഈ ഉത്തരവ് ഒരു ഭാഗിക മാധ്യമ വിലക്കായി മാത്രമേ കാണാനാകൂ. ഒരാള്‍ക്ക് തന്റെ കേസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മാറ്റിവെയ്ക്കാനുള്ള അവകാശമുണ്ട് എന്ന പ്രഖ്യാപനം ഇതിന് തുല്യമാണ്. ഇത് ഇത്തരം അപേക്ഷകളുടെ അമിതപ്രവാഹത്തിന് വഴിവെച്ച് ജുഡീഷ്യറിയ്ക്ക് തന്നെ കുരുക്കാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കളും സമൂഹത്തിലെ ഉന്നതരും. ഇങ്ങനെ കേസ് മാറ്റിവയ്ക്കല്‍ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും തടയിടുന്നു. ഇതോടൊപ്പം ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസശോഷണത്തിനും കാരണമായേക്കാം. രഹസ്യ വിസ്താരം വളരെ ചുരുക്കം കേസുകളില്‍ മാത്രമാണ് അനുവദിക്കാറ്. മറ്റുള്ള കേസുകളില്‍ മാധ്യമവാര്‍ത്ത തെറ്റാണെങ്കില്‍ കോര്‍ട്ടലക്ഷ്യ നടപടികളാണ് സ്വീകരിച്ചുവരുന്നത് പരസ്യമായ നീതി നീതിനിര്‍വഹണസംവിധാനത്തിന്റെ അടിസ്ഥാന ശിലയാണല്ലൊ. പത്രങ്ങളും മാധ്യമങ്ങളും സമാന്തരമായ വിചാരണ നടത്തുന്നുണ്ടെന്നും ഇത് വിധിയെ സ്വാധീനിക്കാന്‍ പ്രേരകമായേക്കാം എന്നുമുള്ള ആശങ്ക ഉയരാറുണ്ട്. ശിക്ഷിക്കാന്‍ മാത്രമല്ല നീതി നിര്‍വഹണം ഫലപ്രദമായി നടപ്പാക്കുന്നതിനാണ് കോടതിയലക്ഷ്യം എന്ന വകുപ്പ് നിലനില്‍ക്കുന്നതെന്നും കോടതി വ്യക്തമാക്കുന്നു.
താല്‍ക്കാലിക വിലക്ക് അഭിപ്രായ സ്വാതന്ത്ര്യവും നീതിന്യായ നിര്‍വഹണവും സന്തുലിതമാക്കാന്‍ അനിവാര്യമാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ഇത് വാര്‍ത്തകളെ നിര്‍വീര്യമാക്കുകയല്ല, മറിച്ച് സാമൂഹിക താല്‍പ്പര്യ സംരക്ഷണം ലക്ഷ്യമിട്ടാണെന്നും വിശദീകരണമുണ്ട്. പ്രസിദ്ധീകരണം തടഞ്ഞുകൊണ്ടുള്ള വിധി ചോദ്യം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് കോടതി അവകാശവും നല്‍കുന്നത്. മുന്‍വിധിയോടെ വിചാരണയെ സമീപിക്കുമെന്ന ഭീതിയുണ്ടെങ്കില്‍ മാത്രമാണ് റിപ്പോര്‍ട്ടിംഗിനുള്ള താല്‍ക്കാലിക നിരോധനം. കോടതി നടപടികളിലെ നീതിപൂര്‍വമായ സുതാര്യത നീതിയുടെ ഭാഗം തന്നെയാണ്. പക്ഷെ കോടതിയില്‍ നടക്കുന്നതെന്തെന്നറിയാനും അത് ജനങ്ങളെ അറിയിക്കാനും മാധ്യമങ്ങള്‍ക്കും അവകാശമുണ്ട്. മാധ്യമനിയന്ത്രണം എന്നത് ചര്‍ച്ചാവിഷയമാകുമ്പോള്‍ മാധ്യമ നിയന്ത്രണം എന്നാല്‍ മാധ്യമങ്ങളുടെ സ്വയം നിയന്ത്രണം എന്ന് വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്യുന്നത്. വാര്‍ത്തകള്‍ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന കാലഘട്ടത്തില്‍ ഉന്നതരുടെ പെണ്‍വാണിഭ കേസിലെ പങ്കും മറ്റും ഈ വിധം സെന്‍സേഷണലൈസ് ചെയ്യപ്പെടുന്നുണ്ട്. താല്‍ക്കാലിക നിരോധനം കോടതിയലക്ഷ്യത്തിന്റെ പേരില്‍ ശിക്ഷാനടപടികള്‍ക്ക് വിധേയനാകുന്നതില്നിന്ന് സംരക്ഷണം നല്‍കുമെന്ന് കോടതി പറയുമ്പോഴും താല്‍ക്കാലിക-ഭാഗിക നിരോധവും നിരോധനം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: