സപ്തംബര്‍ 10 ആത്മഹത്യാ പ്രതിരോധ ദിനമായാണ് ലോകാരോഗ്യ സംഘടന ആചരിക്കുന്നത്. ഓരോ വര്‍ഷവും ഓരോ മുദ്രാവാക്യത്തോടെ 2003 മുതല്‍ ഈ ദിനം ആചരിക്കപ്പെടുന്നു. ഈ വര്‍ഷത്തെ മുദ്രാവാക്യം “ലോകമെമ്പാടും ആത്മഹത്യ തടയാന്‍ സഹായിക്കുന്ന സാഹചര്യങ്ങള്‍ ശക്തിപ്പെടുത്തുകയും ജീവിക്കാനുള്ള ആശ ഉണ്ടാക്കുകയും ചെയ്യുക” എന്നതാണ്.
കേരളം ഒരിടവേളയില്‍ ഇന്ത്യയുടെ ആത്മഹത്യാ തലസ്ഥാനമായിരുന്നു. ദേശീയ ശരാശരിയുടെ 33 ശതമാനം. ഇന്ന് ആ അവമതി പോണ്ടിച്ചേരിക്കാണ്.അവിടെ കീഴോട്ട് ചലിച്ചിരുന്ന ആത്മഹത്യാ ഗ്രാഫ് 2011 ഓടെ ഒമ്പത് ശതമാനത്തിലെത്തി പിന്നെയും ഉയരുന്നതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നു. 2010 ല്‍ ഒരു ലക്ഷത്തില്‍ 24.6 ആയിരുന്നത് 2011 ല്‍ 25.3 ശതമാനം എന്ന തോതില്‍ ഉയര്‍ന്നു. ഇന്ത്യന്‍ ശരാശരി 2011 ല്‍ 11.2 ആണ്. ആത്മഹത്യാ പ്രതിരോധ സംഘടനയായ മൈത്രിയുടെ കണക്കുപ്രകാരം ഒരു ദിവസം 100 പേരെങ്കിലും കേരളത്തില്‍ ആത്മഹത്യാശ്രമം നടത്തുന്നു എന്നാണ്. ആത്മഹത്യാ പ്രവണത കൂടുതല്‍ പുരുഷന്മാരിലാണത്രേ. ഇതിന്റെ അനുപാതം 7:3 ആണ്. ഇതില്‍ ഖേദകരമായ വസ്തുത ആത്മഹത്യ ചെയ്യുന്നത് 15 നും 50 നും ഇടയിലുള്ളവരാണ് എന്നതാണ്. മനുഷ്യജീവിതത്തിന്റെ ഏറ്റവും ഉല്പാദനക്ഷമമായ കാലഘട്ടം! വയോധികരും അനാഥത്വംകൊണ്ട് ആത്മഹത്യ ചെയ്യുന്നു. വൃദ്ധരെ ഉപേക്ഷിക്കല്‍ കേരളത്തിന്റെ സ്വഭാവമായി മാറുകയാണല്ലോ. കേരളം അതിവേഗം വാര്ധക്യത്തിലേക്കെത്തുകയാണെന്ന് പറയാന്‍ കാരണം ആയുര്‍ദൈര്‍ഘ്യം കൂടുമ്പോള്‍ വൃദ്ധരുടെ എണ്ണം കൂടുന്നതിനാലാണ്.
ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ റിപ്പോര്‍ട്ടര്‍ ആയിരിക്കെ ഏറ്റവുമധികം ആത്മഹത്യ ചെയ്തിരുന്നത് എസ്എസ്എല്‍സിയുടെ ഫലം വരുന്ന ദിവസം പരാജയപ്പെടുന്ന കുട്ടികളായിരുന്നു. വീട്ടുകാരുടെ പ്രതീക്ഷകള്‍ തകര്ത്തതിലേയും സ്കൂളിന്റെതന്നെ ഖ്യാതി നശിപ്പിച്ചതിലുമുള്ള ദുഃഖം. മറ്റൊരു വിഭാഗക്കാര്‍ പ്രണയനൈരാശ്യത്തില്‍ ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളായിരുന്നു. തൊണ്ണൂറുകളില്‍ പൈങ്കിളി പ്രേമ ദുരന്തകഥകള്‍ സജീവമായിരുന്നു. എസ്എസ്എല്‍സിയുടെ ഫലം വന്നയുടന്‍ ഉണ്ടായ ആത്മഹത്യകളെപ്പറ്റി എഴുതിയ റിപ്പോര്‍ട്ട് വായിച്ചിട്ടാണ് അന്ന് രാജഗിരി കോളേജിലെ സോഷ്യോളജി വിഭാഗം തലവനായിരുന്ന ഡോ. പി.ഒ. ജോര്‍ജ് ബിഫ്രണ്ടിംഗ് എന്ന തത്വവുമായി ‘മൈത്രി’ എന്ന സംഘടന രൂപവല്‍ക്കരിച്ചത്. ജീവിക്കാനുള്ള ആഗ്രഹത്തിനും മരണത്തിലേക്കുള്ള കുതിപ്പിനും ഇടയില്‍പ്പെട്ട് മാനസിക സംഘര്‍ഷം അനുഭവിക്കുമ്പോള്‍ അവരുടെ സംഘര്‍ഷം മനസിലാക്കി ഇടപെടല്‍ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന ഇടപെടലിനെയാണ് ‘ബിഫ്രണ്ടിംഗ്’ എന്ന് വിശേഷിപ്പിക്കുന്നത്. മൈത്രിയാണ് കേരളത്തില്‍ ആദ്യം ഈ ഇടപെടലിനുള്ള സംവിധാനം ഒരുക്കിയതും ആത്മഹത്യാ മുനമ്പില്‍ നില്‍ക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ ഫോണില്‍ കൂടി അവര്‍ക്ക് സമാശ്വാസവും ധൈര്യവും നല്കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചതും. ഇതിനുശേഷം കേരള സര്‍ക്കാരും ആത്മഹത്യാ കൗണ്‍സലിംഗ് ആരംഭിച്ച് ഈ ഫോണ്‍നമ്പറുകള്‍ക്ക് വ്യാപകമായ പ്രചാരം നല്കി ആത്മഹത്യാ പ്രവണതക്ക് തടയിടാന്‍ ശ്രമിച്ചു.
ആത്മഹത്യാ പ്രവണത ചെറുക്കാന്‍ വേണ്ടത് കുടുംബത്തിന്റെ പിന്തുണ, എന്തും പങ്കുവെക്കാന്‍ സ്നേഹിതര്‍, ആത്മീയത, മനോധൈര്യം വര്‍ധിപ്പിക്കുക മുതലായവയാണ്. കേരളത്തില്‍ ആത്മഹത്യാ പ്രവണത ഏറ്റവും കുറവ് മുസ്ലീങ്ങള്‍ അധികമുള്ള മലപ്പുറത്താണ്. അതിന് കാരണം അവരുടെ ദൃഢമായ ദൈവവിശ്വാസമാണ്. ഹിന്ദുക്കള്‍ ഒരു വ്യവസ്ഥാപിത മതശൈലിയിലുള്ളവരല്ലാത്തതിനാല് ആത്മീയത കുറവാണ്.
കേരളത്തില്‍ ഇന്ന് ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നത് കുടുംബങ്ങളിലാണ്. ആത്മഹത്യ ചെയ്യുന്നവരില്‍ 78 ശതമാനം വിവാഹിതരാണ്. കുടുംബകലഹം, ഗാര്‍ഹിക പീഡനം, ഭര്‍ത്താവിന്റെ അമിത മദ്യപാനം മുതലായവയാണ് കുടുംബ ആത്മഹത്യകള്‍ കൂടാനുള്ള കാരണങ്ങള്‍. മറ്റൊന്ന് കടമാണ്. ഇന്ന് കേരളം കടക്കെണിയിലാണ്. അത് കാര്‍ഷിക കടം മാത്രമല്ല, പഠിത്തത്തിന് കടമെടുത്ത് ജപ്തിഭീഷണി നേരിടുന്നവരുണ്ട്. അടിപൊളി ജീവിതത്തിനുവേണ്ടിയുള്ള കടം വാങ്ങല്‍, സ്ത്രീധനത്തിനും ആഭരണങ്ങള്‍ക്കുമുള്ള കടംവാങ്ങല്‍ മുതലായവ ഒടുവില്‍ അവരെ ആത്മഹത്യാമുനമ്പില്‍ എത്തിക്കുന്നു. വരവിനനുസരിച്ചല്ല മലയാളി ചെലവാക്കുന്നത്. അയല്പക്കക്കാരോട് മത്സരിച്ച് ചെലവാക്കിയാണ് കടക്കെണിയിലെത്തുന്നത്. കല്യാണാഘോഷവും വധുവിന് കൊടുക്കുന്ന സ്വര്‍ണവും എല്ലാം ഇന്ന് മലയാളിക്ക് സ്റ്റാറ്റസ് സിമ്പലാണ്. മൂല്യശോഷണം മറ്റൊരു കാരണം. അമിത മദ്യോപയോഗവും മയക്കുമരുന്നുപയോഗവും മാനസിക സംഘര്‍ഷത്തിനും ആത്മഹത്യക്കും നിരാശാബോധം ഉളവാക്കുന്നതിനും കാരണമാകുന്നു. കേരളം ഇന്ന് മദ്യോപയോഗത്തില്‍ ഇന്ത്യയുടെ തലസ്ഥാനമാണല്ലൊ.
കാര്‍ഷിക ആത്മഹത്യ കൂടുതല്‍ വയനാട്ടിലാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് അവരുടെ വിളകള്‍ക്ക് ന്യായവില ലഭിക്കാതെ വരുമ്പോഴും വിളനാശം സംഭവിക്കുമ്പോഴും അന്താരാഷ്ട്ര വിപണിയനുസരിച്ച് നാണ്യവിളകളുടെ വില താഴുമ്പോഴും കൃഷിക്കെടുത്ത വായ്പ തിരിച്ചടക്കാന്‍ സാധ്യമാകാതെ വരുമ്പോഴുമാണ്. കാര്‍ഷിക കടാശ്വാസ പദ്ധതി ഒരു പരിധിവരെ ആത്മഹത്യകള്‍ക്ക് തടയിട്ടിരുന്നു. പക്ഷെ പലപ്പോഴും ബാങ്കുകള്‍ യഥാസമയം സഹായഹസ്തം നീട്ടാതെ വരുന്നതും ആത്മഹത്യകള്‍ക്ക് പ്രേരണയാകുന്നു. വര്‍ധിച്ചുവരുന്ന അഴിമതിയും കര്‍ഷകര്‍ക്ക് വിനയാണ്. നെല്‍കര്‍ഷകര്‍ക്ക് നെല്ലിന് ന്യായമായ താങ്ങുവില കിട്ടാതെ വരുന്നതും വിളനാശം സംഭവിക്കുന്നതും ആത്മഹത്യകള്‍ക്ക് പ്രചോദനം നല്കുന്നു. ഇന്ന് വയനാട്ടിലായാലും കുട്ടനാട്ടിലായാലും വനനശീകരണവും നീര്‍തട നശീകരണവും മറ്റും കാലാവസ്ഥാ വ്യാതിയാനത്തിന് കാരണമാകുന്നുണ്ടല്ലോ.
ഓരോ ആത്മഹത്യയും സഹായത്തിനുള്ള നിലവിളിയാണെന്നാണ് ‘ബിഫ്രണ്ടേഴ്സ്’ പറയുന്നത്. ലോകത്തിലെ മൂന്നാമത്തെ മരണകാരണമാണ് ആത്മഹത്യയെങ്കില്‍ ഇന്ത്യയില്‍ ഇത് രണ്ടാമത്തെ കാരണമാണ്. അതുകൊണ്ടാണ് പ്രതിരോധത്തിന്റെ ആവശ്യം ഈ ദിനത്തില്‍ ഊന്നിപ്പറയുന്നത്. ഏതൊരു വിഷമഘട്ടത്തിനും ആത്മഹത്യ ഒരു പ്രതിവിധിയായിക്കാണുന്ന സമൂഹമാണ് ഇന്നുള്ളത്. മൊബെയില്‍ പ്രണയനൈരാശ്യം, മൊബെയില്‍ ക്യാമറയില്‍ കുടുക്കി ബ്ലാക്മെയില്‍, ലൈംഗികപീഡനം മുതലായവയും കേരളത്തില്‍ ആത്മഹത്യാ പ്രവണത വളര്‍ത്തുന്നു. ഓരോ മണിക്കൂറിലും ഒരു ആത്മഹത്യയും ഓരോ അഞ്ച് മിനിറ്റിലും ഒരു ആത്മഹത്യാശ്രമവും ഇന്ത്യയില്‍ നടക്കുന്നു.
കേരളത്തിലെ ആത്മഹത്യാ തലസ്ഥാനം കൊല്ലമാണ്. 436 ആത്മഹത്യകള്‍- അതായത് 39.3 ശതമാനം. കൊച്ചിയില്‍ 2011 ല്‍ 237 കേസുകളാണുണ്ടായത്. ഒറ്റപ്പെട്ടു എന്ന തോന്നല്‍, കുടുംബവഴക്ക്, രോഗാവസ്ഥ, ഇവയ്ക്ക് പുറമെ ഠീഃീുഹമൊമ ഏീിറശ എന്ന അണുബാധ തലച്ചോറിനെ ബാധിക്കുന്ന ഏഴ് ശതമാനം പേരും മനോരോഗികളും ആത്മഹത്യ ചെയ്യുന്നു.
ഇതിനുള്ള പ്രതിവിധിയായിട്ടാണ് ആത്മഹത്യാ പ്രതിരോധ സംവിധാനമായി രാജഗിരിയില്‍ മൈത്രിയും എറണാകുളം കരയോഗത്തില്‍ ചൈത്രം എന്ന സംഘടനയും പാവക്കുളത്ത് മനഃശക്തി കേന്ദ്രവും കൗണ്‍സലിംഗ് നടത്തുന്നത്. ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കുന്നവരെ ശ്രദ്ധിക്കണം. വേഷത്തില്‍ ശ്രദ്ധക്കുറവ്, മൂകത, ആത്മീയതയിലെ ഏറ്റക്കുറച്ചില്‍, പ്രായമായവരാണെങ്കില്‍ വില്‍പ്പത്രം എഴുതല്‍ മുതലായവ മുന്നറിയിപ്പുകളാണത്രേ. ഇങ്ങനെയുള്ളവരുമായി ആശയവിനിമയം നടത്തി സ്വന്തം വിഷമങ്ങള്‍ പങ്കുവെക്കാന്‍ പ്രേരിപ്പിച്ച്, കുറ്റപ്പെടുത്താതെ, മുന്‍വിധിയില്ലാതെ, സ്വകാര്യത സംരക്ഷിച്ച് സമയപരിധിയില്ലാതെ സമയം ചെലവഴിക്കുമ്പോള്‍ അവരുടെ മനോവ്യഥ ലഘൂകരിക്കപ്പെടുകയും അവരില്‍ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു. വളരെയധികം പേര് മാനസിക സമ്മര്‍ദ്ദം മുറുകുമ്പോള്‍ എന്നെയും വിളിക്കാറുണ്ട്. ഞാന്‍ അവരെ ചൈത്രത്തിലേക്കോ മനഃശക്തി കേന്ദ്രത്തിന്റെ ഡയറക്ടറായ ഡോ. മല്ലികയുടെ അടുത്തേക്കോ പറഞ്ഞയക്കും. “മാഡത്തിനോട് പറഞ്ഞപ്പോള്‍ പകുതി വിഷമം കുറഞ്ഞു” എന്ന് പറയുന്ന സ്ത്രീകള്‍ ധാരാളമാണ്. കേള്‍ക്കാന്‍ ആരുമില്ലാത്തതാണ് ഒരു പ്രധാന പ്രശ്നം. ആത്മഹത്യാശ്രമം നടത്തിയത് ഒരു കളങ്കമായി സമൂഹം കാണുന്നതും അവരെ പിന്തിരിപ്പിച്ചേക്കും. കുടുംബത്തിന്റെ പിന്തുണ ഇവര്‍ക്ക് അത്യാന്താപേക്ഷിതമാണ്.
ഇന്ന് മാധ്യമങ്ങളും ആത്മഹത്യാ പ്രവണത സമൂഹത്തില്‍ വര്‍ധിക്കാന്‍ അവസരമൊരുക്കുന്നു. ആത്മഹത്യകള്‍ പണ്ട് ഒന്നാം പേജില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നപ്പോള്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചതായി കണ്ട് ബ്രിട്ടന് അത് ഉള്‍പേജുകളിലേക്ക് മാറ്റുകയുണ്ടായി. അപ്പോള്‍ ആത്മഹത്യാനിരക്ക് കുറഞ്ഞുവത്രെ. പക്ഷെ ഇന്ന് ദൃശ്യമാധ്യമങ്ങളും നവമാധ്യമങ്ങളുമുള്ള കാലഘട്ടത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത, അത് ചെയ്യുന്ന രീതി എല്ലാം അനുകരിക്കപ്പെടുന്നു. കോപ്പിക്യാറ്റ് സിന്‍ഡ്രോം (ഇീു്യരമേ ട്യിറൃീാല) എന്നാണ് ഈ പ്രവണതയെ വിശേഷിപ്പിക്കുന്നത്. ഒരാള്‍ തൂങ്ങിമരിക്കുന്നത് ദൃശ്യവല്‍ക്കരിക്കുമ്പോള്‍ ആത്മഹത്യാ മുനമ്പില്‍ നില്ക്കുന്നയാള് അത് അനുകരിക്കും. കേരളത്തില്‍ ഇന്ന് തൂങ്ങിമരണമാണ് അധികം.
സ്ത്രീകള്‍ കൂടുതല്‍ വേഗം വ്രണിതഹൃദയരാകും. കഴിഞ്ഞയാഴ്ച ഒരു പഞ്ചായത്ത് മെമ്പര്‍ കുട്ടികളുടെ മുമ്പില്‍വെച്ച് തല്ലിയപ്പോള്‍ അധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചിരുന്നല്ലോ. ആത്മഹത്യാ ശ്രമം ഐപിസി 309 പ്രകാരം കുറ്റകരമാണ്. കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് നഴ്സുമാര്‍ സമരം ചെയ്തപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ മൂന്ന് പെണ്‍കുട്ടികള്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ടാണ് അത് പിന്‍വലിപ്പിച്ചത്.
ആത്മഹത്യ അവകാശമാണെന്ന് പ്രഖ്യാപിച്ച് തോമസ് മാസ്റ്റര്‍ എന്നൊരാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് ഞാന്‍ ഓര്‍ക്കുന്നു. ഞശഴവേ ് ഉശല എന്ന അവകാശം. അന്ന് അദ്ദേഹത്തിനുവേണ്ടി വാദിച്ചത് വിന്‍സന്റ് പാനിക്കുളങ്ങര എന്ന പ്രസിദ്ധ അഭിഭാഷകനായിരുന്നു.
മറ്റൊരു പ്രവണത കൂട്ട ആത്മഹത്യ അല്ലെങ്കില്‍ കുടുംബ ആത്മഹത്യയാണ്. കടക്കെണിയിലാകുന്ന കുടുംബം, മറ്റ് പ്രതിസന്ധികള്‍ നേരിടുന്ന കുടുംബം എല്ലാമാണ് കുടുംബ ആത്മഹത്യയ്ക്ക് തുനിയുന്നത്. സംശയരോഗത്തിന്റെ പേരിലോ അല്ലെങ്കില്‍ ഭാര്യയുടെ ദുര്നടപ്പിലോ മനംനൊന്ത് കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരും മദ്യപനായ ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ കുട്ടികളുമായി കിണറ്റിലോ റെയില്‍പാളത്തിലോ ജീവനൊടുക്കുന്ന സ്ത്രീകളും ധാരാളമാണ്. ചിലപ്പോള്‍ കുട്ടികള്‍ മരിക്കുകയും അമ്മമാര്‍ ജയിലിലാകുകയും ചെയ്യുന്നു. അങ്ങനെയുള്ള അമ്മമാരെ ഞാന്‍ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവരെ ഒരിക്കലും കുടുംബം അംഗീകരിക്കാതെ അവര്‍ അനാഥരാകുന്നു.
ആത്മഹത്യയെപ്പറ്റി സര് തോമസ് ബ്രൗണ്‍ പറഞ്ഞത് “താല്‍ക്കാലിക പ്രശ്നത്തിന് കണ്ടുപിടിക്കുന്ന ശാശ്വത പരിഹാരം!” എന്നാണ്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: