ഇസ്ലാമാബാദ്: മതനിന്ദയെ തുടര്‍ന്ന് പാക്കിസ്ഥാന് പോലീസ് അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയെയും കുടുംബത്തെയും സുരക്ഷാകാരണത്താല്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. ഖുറാനിലെ പേജുകള്‍ കത്തിച്ചെന്നാരോപിച്ചാണ് ബുദ്ധിവളര്‍ച്ചയില്ലാത്ത പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത വിവരം പുറത്ത് വന്നതോടെ സംഭവം ഏറെ വിവാദമായി. അന്താരാഷ്ട്രതലത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കോടതി പെണ്‍കുട്ടിയെ ജാമ്യത്തില്‍ വിട്ടു.
മതനിന്ദകേസ് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മൂന്നാഴ്ച്ചത്തെ ജയില്‍ വാസത്തിന് ശേഷം കോടതി പെണ്‍കുട്ടിക്ക് ജാമ്യം അനുവദിച്ചത്. പോലീസ് ഹെഡ്കോട്ടേഴ്സില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെയും കുടുംബത്തെയും പിന്നീട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കനത്ത സുരക്ഷയാണ് ഇവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിംഷയും കുടുംബവും നാടുവിട്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നെങ്കിലും പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സ്ഥാനപതി അത് നിഷേധിച്ചു.
റിംഷയുടെ രണ്ട് മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരണ്ണം അറസ്റ്റ് ചെയ്ത ഉടനെയും മറ്റൊന്ന് അഡിയാല ജയിലില്‍ കൊണ്ടുപോയതിന് ശേഷവുമാണ്. ഖുറാനിലെ പേജുകള്‍ കത്തിച്ചതായാണ് ആദ്യത്തെ മൊഴിയില്‍ പറയുന്നത്. പിന്നീടത് നിഷേധിച്ചു. ശനിയാഴ്ച്ചയാണ് റിംഷയെ കോടതി ജാമ്യത്തില്‍ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: