മുംബൈ: വിവാദ ചിത്രങ്ങളുടെ പേരില്‍ കാര്ട്ടൂണിസ്റ്റിന്തിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതില്‍ വ്യാപക പ്രതിഷേധം. ഹസാരെ അനുയായിയായ അസിം ത്രിവേദിയെയാണ് ദേശവിരുദ്ധമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നാരോപിച്ച് മുംബൈ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതിന് തെളിവാണ് അസിമിന്റെ അറസ്റ്റെന്ന് മാധ്യമങ്ങള്‍ വിമര്‍ശിച്ചു. അറസ്റ്റിന്തിരെ ഹസാരെ സംഘവും ശക്തമായ പ്രതിഷേധമറിയിച്ചിട്ടുണ്ട്.
അറസ്റ്റില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്. തങ്ങള്‍ അസിമിനെ ചോദ്യം ചെയ്ത് കഴിഞ്ഞെന്നും ഇനി കസ്റ്റഡിയില്‍ ആവശ്യമില്ലെന്നും മുംബൈ പോലീസ് കോടതിയില്‍ അറിയിച്ചു. അതേസമയം, തനിക്ക് ജാമ്യം ആവശ്യമില്ലെന്ന് ത്രിവേദിയും കോടതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ഈ മാസം 24 വരെ ത്രിവേദിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാജ്യസേവനം നടത്തിയതിന്റെ പേരിലാണ് തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെങ്കില്‍ താനത് തുടരുമെന്ന് അസിം ത്രിവേദി നേരത്തെ വ്യക്തമാക്കിയിരുന്നു.
അസിം ത്രിവേദിയുടെ അറസ്റ്റില്‍ ആഭ്യന്തരവകുപ്പിന് പങ്കില്ലെന്നും വ്യക്തിപരമായ പരാതിയിന്മേലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്.ആര്.പട്ടീല്‍ വ്യക്തമാക്കി. കേസ് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമിക്കുമെന്നും പട്ടീല്‍ പറഞ്ഞു. ജനാധിപത്യപരമായ അവകാശങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും എന്നാല്‍ ദേശീയചിഹ്നത്തെ അവഹേളിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും വാര്‍ത്താവിതരണ മന്ത്രി അംബികാസോണി പറഞ്ഞു. അസിം ദേശീയചിഹ്നത്തെ ചിത്രീകരിച്ചതില്‍ തെറ്റുണ്ടാകുമെന്നും എന്നാല്‍ അതിന്റെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ശരിയല്ലെന്നും ഹസാരെ സംഘത്തിലെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു.
അസിം ത്രിവേദിയെ അറസ്റ്റ് ചെയ്യുന്നതിന് പിന്നിലുള്ള രാഷ്ട്രീയക്കാരും പോലീസ് ഉദ്യോഗസ്ഥരുമാണ് യഥാര്‍ത്ഥ കുറ്റവാളികളെന്ന് പ്രസ് കൗണ്‍്സില്‍ ഓഫ് ഇന്ത്യ ചെയര്മാന് മാര്‍ക്കണ്ടേ കഡ്ജു ചെന്നൈയില്‍ പറഞ്ഞു. കുറ്റം ചെയ്യാത്തെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് കുറ്റകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസിം ത്രിവേദി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി കൂടിയായ കഡ്ജു പറഞ്ഞു. അഴിമതിക്കെതിരെയുള്ള ഹസാരെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അസിമിനെ സര്‍ക്കാര്‍ നോട്ടമിട്ടിരിക്കുകയായിരുന്നെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു. ഹസാരെ സംഘം കഴിഞ്ഞ വര്‍ഷം അവസാനം മുംബൈയില്‍ നടത്തിയ അഴിമതിവിരുദ്ധ പ്രകടനത്തില്‍ അസിമിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
അസിം ത്രിവേദിയുടെ പിതാവ് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ അസിമിന്റെ ജന്മസ്ഥലമായ കാണ്‍പൂരില്‍ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രശ്നത്തില്‍ ജയ്സ്വാള്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. അസിമിനെതിരെ എന്ത് കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും മറ്റുമുള്ള വിവരങ്ങള്‍ അറിഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ അഭിപ്രായം പറയാമെന്ന് ശ്രീപ്രകാശ് ജയ്സ്വാള്‍ പ്രതികരിച്ചു. ദേശീയചിഹ്നത്തില്‍ സിംഹങ്ങള്‍ക്ക് പകരം ചെന്നായ്ക്കളെ വരച്ചു ചേര്‍ക്കുകയും പാര്‍ലമെന്റിനെ പരിഹാസ്യമായി ചിത്രീകരിക്കുകയും ചെയ്തുള്ള ത്രിവേദിയുടെ ചിത്രങ്ങളാണ് വിവാദമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: