ആസാം കത്തിയെരിയുമ്പോഴും ചിലര്‍ വ്യക്തിപരമായ മുതലെടുപ്പില്‍ വ്യാപൃതരായിരുന്നു. ആസാം ജനത തങ്ങളുടെ ഭാരതീയ വ്യക്തിത്വം സംരക്ഷിക്കുന്നതിനുവേണ്ടി രക്തരൂഷിതമായ സമരത്തില്‍ പൊരുതിക്കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ രാഷ്ട്രീയക്കാരും അവരുടെ സഹയാത്രികരും നമ്മുടെ ആഗോളീകരിക്കപ്പെട്ട വായാടികളുമൊക്കെ അനധികൃത കുടിയേറ്റക്കാര്‍ക്കുവേണ്ടി വിലപിക്കുകയും പക്ഷംപിടിക്കുകയും ചെയ്യുന്നു. ദേശീയ ഭാരതീയരെ സംബന്ധിച്ചിടത്തോളം ആസാമിലെ കലാപം സ്വദേശികളും വിദേശികളും തമ്മിലുള്ള ഒരു യുദ്ധം തന്നെയാണ്. അത് കേവലം മതവിഭാഗങ്ങള്‍ തമ്മിലുള്ള ഒരു ഏറ്റുമുട്ടലല്ല. അതിര്‍ത്തിക്കപ്പുറത്തുനിന്ന് ആയുധധാരികളായ കുടിയേറ്റക്കാര്‍ വിഭാഗീയതയുടെ വിത്ത് വിതറുന്നതുവരെ നൂറ്റാണ്ടുകളായി ആസാം ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ മേഖല നാനാത്വത്തില്‍ ഏകത്വത്തിന്റെ ജീവിച്ചിരിക്കുന്ന ഒരു ഉദാഹരണമായിരുന്നു. അവര്‍ ആസാമിലെ ജനങ്ങളെ ജാതീയമായും വര്‍ഗീയമായും വിഭജിക്കുക മാത്രമല്ല അവര്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെപ്പോലും വരുതിയിലാക്കിയിരിക്കുകയും ചെയ്യുന്നു.
കഴിഞ്ഞയാഴ്ച നമ്മുടെ നേതാക്കള്‍ ആയുധസജ്ജരായ അനധികൃത കുടിയേറ്റക്കാരെ നിയന്ത്രണവിധേയരാക്കി നാട് കടത്തുന്നതിനുള്ള വഴികളെക്കുറിച്ച് ചര്‍ച്ചയേ ചെയ്തില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഗുണഫലത്താല്‍ നയിക്കപ്പെട്ട അവര്‍ ചര്‍ച്ച ചെയ്യുന്നത് എങ്ങനെ വോട്ടുകള്‍ ധ്രുവീകരിക്കാമെന്നോ അല്ലെങ്കില്‍ ഭാരതമണ്ണിന്റെ നിയമവിരുദ്ധ കയ്യേറ്റക്കാരെ നിയമവിധേയമാക്കി തീര്‍ക്കുന്നതിനുള്ള വഴികളെക്കുറിച്ചോ ആണ്. വിദേശികള്‍ക്കെതിരായി ഭാരതീയരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരം ഭാരതീയ ജീവിതത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലേക്കും, സാമൂഹ്യമേഖല മുതല്‍ വ്യവസായലോകം വരെ വ്യാപിച്ചിരിക്കുന്നു. എല്ലാവിധ സൗകര്യങ്ങളുമുള്ള, പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട സമ്പന്ന വര്‍ഗങ്ങളുടെ സംഘടിതശക്തി ഭാരതീയ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും വൈദേശികതയെ കുടിയിരുത്താനുള്ള അങ്കത്തിന് കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. എന്തിന് നമ്മള് വിദേശ മേല്‍വിലാസമുള്ള ഏതിനേയും ആരാധിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു? കച്ചവടസ്ഥാപനത്തിന്റെ, താമസ സമുച്ചയത്തിന്റെ, ഒരു കാറിന്റെ അല്ലെങ്കില്‍ അടുക്കള സാമഗ്രികളുടെയുമൊക്കെ കാര്യത്തില്‍ ഭാരതീയര്‍ ദേശീയ നാമങ്ങളേയും രൂപങ്ങളേയുമൊക്കെ പുറന്തള്ളി വിദേശ ബ്രാന്റുകളെ പിന്തുണയ്ക്കുന്നു. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിക്കുകയും വിദേശത്ത് വിദ്യാഭ്യാസം നേടുകയും തൊഴില്‍ വിപണിയിലും രാഷ്ട്രീയത്തിലും മുന്‍ഗണനയോടുകൂടിയ പ്രാപ്യത ഏറെയുള്ള ഈ പുത്തന്‍ ഇന്ത്യക്കാര്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? വൊഡാഫോണിനെയും ബംഗ്ലാദേശികളെയും പിന്തുണയ്ക്കുന്നത് അവരുടെ പ്രതിബദ്ധതയുടെ ഭാഗം മാത്രമാണ്. അവര്‍ക്ക് രാമനും റഹീമും അല്ലെങ്കില്‍ ഗുരുനാനാക്കുമൊക്കെ വിശ്വാസത്തിന്റെ വെറും ചിഹ്നങ്ങള്‍ മാത്രവും അതേസമയം വിദേശ സാമ്പത്തിക, സാമൂഹിക മാതൃക അവരുടെ യഥാര്‍ത്ഥ മതവുമാകുന്നു. ആസാം ദുരന്തത്തെക്കുറിച്ചുള്ള ചര്‍ച്ചതന്നെ ഭാരതമണ്ണിന്റെയും കച്ചവടത്തിന്റെയും സംസ്ക്കാരത്തിന്റെയും വിദ്യാഭ്യാസ വ്യവസ്ഥയുടെയും മേലുള്ള വിദേശ കടന്നുകയറ്റത്തെ ന്യായീകരിക്കുന്ന വളര്‍ന്നുവരുന്ന പ്രവണതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
രണ്ടുനേരം ഭക്ഷണം കഴിക്കുക എന്നത് ഒരു മരീചികയായി അനുഭവപ്പെടുന്ന ഇവിടുത്തെ ദരിദ്രകോടികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ വോട്ട് ലക്ഷ്യംവച്ച് കൊണ്ടുള്ള ചില രാഷ്ട്രീയക്കാരൊഴികെ ആരും തന്നെയില്ല. വരേണ്യവര്‍ഗങ്ങളോ, സര്‍ക്കാരിതര ഏജന്‍സികളൊ, സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ആഹാരത്തിനോ, പാര്‍പ്പിടത്തിനോ, ആരോഗ്യ സുരക്ഷയ്ക്കോ വേണ്ടി ആവശ്യമുന്നയിച്ചുകൊണ്ട് ധര്‍ണ്ണയോ നിരാഹാര സത്യഗ്രഹമോ നടത്തുന്നത് നമുക്ക് കാണാന്‍ കഴിയുകയില്ല. എന്നാല്‍ ഭാരതത്തിലേക്കുള്ള അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ ഒരു നീക്കമുണ്ടാകുമ്പോള്‍ ഇക്കൂട്ടര്‍ ആവേശപൂര്‍വ്വം അതിനെതിരായി ചാടിവീഴുകയും ചെയ്യുന്നു. ഇക്കാര്യത്തിലുള്ള കോടതിവിധിപോലും ലംഘിക്കപ്പെടുന്നത് ഇക്കൂട്ടര്‍ ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുന്നു. ഭാരതത്തിന് എന്താണ് ഉത്തമമായത് എന്ന് വാദിക്കുന്നതിനേക്കാള്‍ പ്രചുര പ്രചാരം നേടിയിരിക്കുന്നതും, കാമ്യകരവും ലാഭകരവുമൊക്കെ രാഷ്ട്രീയമായ ‘ശരി’യുടെ കൂടെ നില്‍ക്കുന്നതാണ് എന്നായിത്തീര്‍ന്നിരിക്കുന്നു. ഭാരതസമൂഹത്തിലും സമ്പദ്വ്യവസ്ഥയിലുമുള്ള വിദേശ സാന്നിധ്യത്തെ നായീകരിക്കുന്നതിന് ചിലര്‍ ഇത്തരത്തില്‍ പരിഹാസ്യമായ ഒരു വാദഗതി ഉന്നയിക്കുന്നു- “അനധികൃതമായി ഭാരതീയര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കുടിയേറുന്നില്ലേ?” “ബംഗ്ലാദേശികളേയും പാക്കിസ്ഥാനികളേയും നാടുകടത്തണമെന്ന് ദേശീയ വാദികള്‍ ആവശ്യപ്പെടുന്നതുപോലെ അവര്‍ ഭാരതീയരേയും പുറത്താക്കേണ്ടതല്ലേ?” ഭാരതവംശജരായ കുടിയേറ്റക്കാര്‍ ഏത് രാജ്യത്തിലായാലും അവിടെ അവര്‍ ഉല്‍പ്പാദനക്ഷമതയുള്ള ഒരു മുതല്‍ക്കൂട്ടാണ് എന്ന വസ്തുത ഇവര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നു. അവര്‍ ഒരിക്കലും ഒരു ബാധ്യതയായി വര്‍ത്തിക്കുന്നില്ല. അവര്‍ അവിടത്തെ പ്രാദേശികമായ ആചാരങ്ങളും നിയമങ്ങളും അനുസരിച്ച് ജീവിക്കുന്നു. ഭാരതത്തില്‍ തിരികെവരുമ്പോള്‍ പോലും അവര്‍ ഇതൊന്നും തെറ്റിക്കുന്നില്ല. പ്രവാസികള്‍ അവിടുത്തെ തദ്ദേശീയര്‍ക്ക് സമ്പത്തും തൊഴിലും നല്‍കുകയും ഒരുതരത്തിലും അവരുശട വസ്തുവകകള്‍ തട്ടിയെടുക്കാതിരിക്കുകയും ചെയ്യുന്നു. ഇവിടുത്തെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ ചെയ്യുന്നതായി സംശയിക്കപ്പെടുന്നതുപോലെ പ്രവാസികളായ ഭാരതീയര്‍ ആയുധമേന്തുകയോ ബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നില്ല. അവര്‍ പ്രത്യേക നിയമങ്ങള്‍ക്കുവേണ്ടി ആവശ്യമുന്നയിക്കുന്നുമില്ല. ഭാരതീയമായ വ്യവസായ സ്ഥാപനങ്ങള്‍മൂലം അമേരിക്കയില്‍ മാത്രം 2,50,000ല്‍പ്പരം തൊഴിലുകള്‍ കൂടുതലായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഭാരതത്തിലേക്ക് നിയമവിധേയമായോ നിയമവിരുദ്ധമായോ കടന്നുവരുന്ന വിദേശികള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്‍ഗണനാപരമായ ഒരു പരിഗണന ആവശ്യപ്പെടുന്നു. വിദേശകുത്തക കമ്പനികള്‍ നികുതി ഇളവ്, ഭാരത നിയമങ്ങളില്‍നിന്നുള്ള ഒഴിവാക്കല്‍, ശരിയായ രേഖകളില്ലാതെ ഇവിടെ തങ്ങാനുള്ള അവകാശം തുടങ്ങിയവ ആവശ്യപ്പെടുന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി നമ്മുടെ നയരൂപീകരണകര്‍ത്താക്കള്‍ വിദേശത്തുനിന്ന് നേരിട്ട് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് ഭാരതത്തിലെ നികുതിസംവിധാനം ഉടച്ചുവാര്‍ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു.
വൊഡാഫോണിനേയും മറ്റുള്ളവരേയുമൊക്കെ ഭാരതീയ നിയമങ്ങളുടെ ഇരകളായി കാണേണ്ടതില്ല എന്ന് ഉറപ്പ് വരുത്താനുള്ള വഴി കണ്ടുപിടിക്കുന്നതിന് അവര്‍ ഉറക്കമൊഴിഞ്ഞ് തലപുകയ്ക്കുന്നു. വ്യവസായലോകത്തിന്റെ കുഴലൂത്തുകാര്‍ വളര്‍ച്ചയ്ക്കുള്ള പരിതസ്ഥിതി അനുകൂലമല്ല എന്ന് മുറവിളികൂട്ടുന്നു. ആരുംതന്നെ കര്‍ഷകരുടെ കൂടിവരുന്ന ആത്മഹത്യകളെക്കുറിച്ചോ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വര്‍ഗങ്ങളുടെ വാങ്ങുവാനുള്ള ശേഷിക്കുറവിനെക്കുറിച്ചോ ഉത്കണ്ഠപ്പെടുന്നില്ല. കഷ്ടം, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ശരിയായ രേഖകളോടുകൂടി നാഗ്പൂരിലെത്തിയ 10,000 പാക്കിസ്ഥാനികള്‍ 7,000ത്തോളം പേര് അപ്രത്യക്ഷരായത് ഭാരതീയര്‍ എന്ന് പറഞ്ഞുനടക്കുന്നവരെ ഒരുതരത്തിലും അസ്വസ്ഥരാക്കുന്നില്ല. സ്ഥലത്തെ നിയമപാലകള്‍ അവരെ കണ്ടെത്താനും തിരിച്ച് അവരുടെ നാട്ടിലേക്ക് അയക്കാനും മറന്നുപോയിരിക്കുന്നു. ഒരു ജില്ലയുടെ ഏതാണ്ട് പകുതിയോളം ജനസംഖ്യയുടെ രൂപഭാവങ്ങള്‍, തദ്ദേശീയ ജീവശാസ്ത്രപരമായ കാരണത്താലല്ല, ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റം മൂലം മാറുമ്പോഴും അവരെ ഇത് ഒരു വിധത്തിലും അലട്ടുന്നില്ല. നിര്‍ഭാഗ്യവശാല്‍, ഓഹരിവിപണിയില്‍നിന്ന് കൊള്ളലാഭം കൊയ്യുന്നതിനുവേണ്ടി ആഗോള കുത്തക കമ്പനികള്‍ വിപണിയെ സ്വാധീനിക്കാനും കൃത്രിമം കാട്ടാനും ദശലക്ഷങ്ങള്‍ മുടക്കുന്നതുവഴി സാധാരണക്കാരായ നിക്ഷേപകര്‍ക്ക് തങ്ങള്‍ വിപണിയില്‍ നിക്ഷേപിച്ചിട്ടുള്ള തങ്ങളുടെ കഷ്ടപ്പെട്ട് സമ്പാദിച്ചിട്ടുള്ള ധനം നഷ്ടപ്പെടുമ്പോഴും മേല്‍ സൂചിപ്പിച്ച വരേണ്യവര്‍ഗങ്ങള്‍ക്ക് യാതൊരു കുലുക്കവുമില്ല. അവര്‍ക്ക് വീട്ടില്‍നിന്നും ജോലിസ്ഥലത്തേക്ക് അതിവേഗ പാതയിലൂടെയുള്ള സുഗമമായ യാത്രയും, താമസസ്ഥലത്തിന് തൊട്ടടുത്തുള്ള എടിഎം കൗണ്ടറും ഏതാനും ചുവടുകള്‍ അകലെയുള്ള വന്‍കിട ഷോപ്പിംഗ് മാളും ഒരു കാറും കുറഞ്ഞ പലിശയ്ക്ക് ഒരു ഭവനവായ്പയുമാണ് വേണ്ടത്. ഭാരതീയമായ കമ്പനികള്‍ക്കാണ് ഈ സൗകര്യങ്ങളൊക്കെ നല്കാന് കഴിയുന്നതെങ്കില്‍ അവരെ അവര്‍ സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് അതിന് കഴിഞ്ഞില്ലെങ്കില്‍ “ആധുനിക ഈസ്റ്റ്ഇന്ത്യാ കമ്പനികള്‍ കടന്നുവന്ന് നമ്മുടെ ജീവിതത്തെയും ഭരണസംവിധാനത്തെയും ഒരിക്കല്‍ക്കൂടി കൈയടക്കാന്‍ അനുവദിക്കുക”. അതിനാല്‍ ആസാം കൂട്ടക്കൊലയെക്കുറിച്ചുള്ള സംവാദം ഭാരതീയ മനസ്ഥിതിയെ ഭാരതീയമല്ലാതാക്കാനുള്ള ഒരു കുത്സിത ശ്രമത്തിന്റെ ഭാഗം മാത്രമാണ്.
പ്രഭു ചാവ്ല (കടപ്പാട്: ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് 12-8-12)
പ്രതികരിക്കാൻ ഇവിടെ എഴുതുക: