ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ വിചാരണയെ ഇന്ത്യ വൈകാരികമായി കാണരുതെന്ന് പാക്കിസ്ഥാന്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പാക്കിസ്ഥാനിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയും പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറുമായുള്ള ചര്‍ച്ചയില്‍ ഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ രാവിലെ പാക്കിസ്ഥാനിലെത്തിയ കൃഷ്ണയെ പാക് വിദേശകാര്യ മന്ത്രാലയവും, ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ സല്മാന് ബഷീറും ചേര്‍ന്നാണ് സ്വീകരിച്ചത്.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വിസാചട്ടങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്തു. ഭീകരവാദം ഭാവിയിലെ മന്ത്രമല്ലെന്നും ഖര് വ്യക്തമാക്കി. എല്ലാവരുടേയും താല്‍പ്പര്യത്തിനനുസരിച്ചുള്ള സുസ്ഥിരമായ പാക്കിസ്ഥാനെ കാണാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് കൃഷ്ണ പറഞ്ഞു. കൃഷ്ണയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഇന്നലെ പാക്കിസ്ഥാനില്‍ ഒരുക്കിയിരുന്നത്. ഇരു രാഷ്ട്രങ്ങള്‍ക്കിടയിലെ വിശ്വാസം ശക്തിപ്പെടുത്തുക എന്നതാണ് ചര്‍ച്ചകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദത്തില്‍ നിന്നും അക്രമത്തില്‍ നിന്നും വിമുക്തമായ ഇരു രാഷ്ട്രങ്ങളെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമാബാദ് സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കൃഷ്ണ പറഞ്ഞു.
അതേസമയം, സര്‍ക്രീക്ക് പ്രശ്നവും, സിയാച്ചിന്‍ പ്രശ്നവും പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടത്താമെന്ന് കൂടിക്കാഴ്ച്ചയില്‍ ധാരണയായി. മുംബൈ ഭീകരാക്രമണത്തിന്റെ വിചാരണയെക്കുറിച്ച് ഇന്ത്യ ആവര്‍ത്തിച്ച് പറഞ്ഞാല്‍ പ്രശ്നം പരിഹരിക്കാനാവില്ലെന്നും ഖര് വ്യക്തമാക്കി. കോടതി നടപടികളെ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണണമെന്നും അവര്‍ പറഞ്ഞു. ഭീകരവാദത്തെ പ്രധാനപ്രശ്മായാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ചന്‍ മത്തായിയും, പാക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനിയുമായും ഇന്നലെ കൂടിക്കാഴ്ച്ച നടത്തി. ഭീകരവാദമായിരുന്നു ഇരുവരും നടത്തിയ മുഖ്യ ചര്‍ച്ചാ വിഷയം.
2011 ജൂലൈയിലാണ് കൃഷ്ണ ഏറ്റവും അവസാനമായി പാക്കിസ്ഥാന് സന്ദര്‍ശിച്ചിരുന്നത്. പാക്കിസ്ഥാനിലെ ഉന്നത രാഷ്ട്രീയ നേതാക്കളേയും കൃഷ്ണ സന്ദര്‍ശിക്കും. ഞായറാഴ്ച്ച അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും. ഏതാണ്ട് 60 ഓളം മാധ്യമപ്രവര്‍ത്തകര്‍ കൃഷ്ണയെ അനുഗമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: