അഗ്നിബാധാ മരണങ്ങള് കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേയ്ക്കും വ്യാപിക്കുന്നു എന്നതിന് തെളിവാണ് ഇന്ത്യയിലെ പടക്കനിര്‍മ്മാണ തലസ്ഥാനമായ ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയിലുണ്ടായ അഗ്നിബാധയില്‍ നിരവധി പേര് മരിച്ചതും മുന്നൂറിലേറെ തൊഴിലാളികള്‍ക്ക് പൊള്ളലേറ്റതും. ദീപാവലി ആഘോഷത്തിന്റെ അനിവാര്യ ചടങ്ങായ പടക്കം പൊട്ടിക്കലിന് പടക്കം നിര്‍മിക്കുന്നതിനിടയിലായിരുന്നു ഈ അപകടം. ഓം ശക്തി ഫയര്‍ വര്‍ക്സിലാണ് സ്ഫോടനമുണ്ടായത്. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്. ശിവകാശിയിലെ ഏറ്റവും വലിയ കരിമരുന്നു കേന്ദ്രത്തിലെ ഇരുപത് മുറികളില്‍ ശേഖരിച്ചിരുന്ന സ്ഫോടക വസ്തുവിനാണ് തീപിടിച്ചത്. വര്‍ണ്ണ പടക്കങ്ങള്‍ക്കും മറ്റുമായി പലതരം രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതിനാല്‍ ശ്വാസംമുട്ടലുണ്ടാക്കുന്ന പുകച്ചുരുളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായി. ശിവകാശിയില്‍ ഈ കൊല്ലം തന്നെ നാല് പടക്കശാലകളില്‍ സ്ഫോടനമുണ്ടായി അഞ്ചോളം പേര് കൊല്ലപ്പെട്ടിരുന്നു. പടക്കം പൊട്ടിയ്ക്കലും വെടിക്കെട്ടുകളും ആഘോഷങ്ങളുടേയും ഉത്സവങ്ങളുടേയും അവിഭാജ്യഘടകമാണെന്നതിനാല്‍ ശിവകാശി ദുരന്തം കേരളത്തിനും ഒരു സന്ദേശമാണ്. പടക്കശാല പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ കേരളത്തിലും സംഭവിക്കാറുണ്ട്. കരുനാഗപ്പള്ളിയിലെ മലനടയില്‍ പടക്കശാല പൊട്ടിത്തെറിച്ചുണ്ടായ മരണത്തില്‍ 14 പേര് മരിച്ചിരുന്നല്ലോ.
കേരളത്തിലെ വിദേശികള്‍ക്കുപോലും ആകര്‍ഷകകേന്ദ്രമായ തൃശ്ശൂര്പൂരത്തിലും പടക്ക സ്ഫോടനങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കേരളത്തില്‍ അമ്പലത്തില്‍ മാത്രമല്ല, പള്ളികളിലും മോസ്ക്കുകളിലും പടക്കംപൊട്ടിക്കലും വെടിക്കെട്ടുകളും ഉത്സവങ്ങളുടെ ഭാഗമാണ്. രാജ്യത്തെ 90 ശതമാനം പടക്കങ്ങളും നിര്‍മിക്കുന്ന ശിവകാശി പടക്കശാലകളില്‍ ബാലവേലയും സജീവമായിരുന്നത് യന്ത്രവല്ക്കരണത്തോടെ കുറഞ്ഞിരുന്നു. പക്ഷെ രാസവസ്തുശേഖരം സംരക്ഷിക്കുന്നതിലുള്ള ജാഗ്രതക്കുറവാണ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍, സ്ഫോടന ശേഷി കൂടിയ പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പടക്കനിര്‍മ്മാണശാലകള്‍ ഇപ്പോഴും ഇതുപയോഗിക്കുന്നുണ്ടെന്നാണ് നിഗമനം. നവംബറില്‍ ദീപാവലിയോടെ പടക്കം പൊട്ടിക്കല്‍ ഇന്ത്യയിലെല്ലായിടത്തും പോലെ കേരളത്തിലും വ്യാപകമാകും. പടക്കശാലാ സ്ഫോടനങ്ങള്‍ക്ക് ശേഷം കേരളത്തില്‍ അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇവയുടെ മേലുള്ള നിയന്ത്രണം ഇന്നും ശക്തമല്ലെന്ന ആരോപണമുണ്ട്. പടക്കശാലകള്‍ ചട്ടവിധേയമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിക്കാനുള്ള സംവിധാനം തമിഴ്നാട്ടിലും കേരളത്തിലും ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ച് വെടിക്കെട്ടിന് കൊഴുപ്പേകാന്‍ വിവിധ വിഭാഗങ്ങളും പടക്കശാലാ നിര്‍മാതാക്കളും മത്സരിക്കുന്ന സാഹചര്യം നിലനില്ക്കുമ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: