അങ്കമാലി: വനം സംരക്ഷണസമിതി കുടിവെള്ളത്തിനായി താഴ്ത്തിയ കുളത്തില്‍ കഴിഞ്ഞ തിരുവോണനാളില്‍ കാല്‍വഴുതിവീണ് മരിച്ച അയ്യംമ്പുഴ ഗ്രാമപഞ്ചായത്തിലെ നെടുവേലി ഉണ്ണികൃഷ്ണന്റെ മകന് 17 വയസ്സുള്ള ജിഷ്ണുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വനംവകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാറിനും അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ യുടെ നേതൃത്വത്തില്‍ നിവേദനം നല്കി.
ജിഷ്ണുവിന്റെ വീടിന് സമീപമുള്ള അയ്യംമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് വനംസംരക്ഷണസമിതി കുടിവെള്ളത്തിനായി താഴ്ത്തിയ കുളത്തില്‍ കാല്‍വഴുതി വീണാണ് ജിഷ്ണു മരണമടഞ്ഞത്. 20 അടിയോളം താഴ്ചയുള്ള കുളത്തില്‍ മഴമൂലം വെള്ളം നിറഞ്ഞുകിടക്കുകയായിരുന്നു. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിനായി ശ്രമിച്ചിരുന്ന ജിഷ്ണു വീട്ടിലേക്ക് വെള്ളം കോരുന്നതിനായി കുളത്തിലേക്ക് പോയപ്പോഴാണ് മരണം സംഭവിച്ചത്. നാല് സെന്റ് സ്ഥലത്ത് ചെറിയ കുടില്‍ കെട്ടി താമസിക്കുന്ന നിര്‍ദ്ധനകുടുംബത്തിന് ആശ്രയമാകേണ്ടിയിരുന്ന ജിഷ്ണുവിന്റെ മരണം ഈ കുടുംബത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജിഷ്ണുവിന്റെ 14 വയസ്സുള്ള ഏക സഹോദരന് ജിബി ഒരു ഹൃദ്രോഗിയാണ്. ഇത് മൂലം നല്ലൊരു വീടുപോലും പണിയാന്‍ കഴിയാത്ത ജിഷ്ണുവിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ യുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വനംവകുപ്പ് മന്ത്രി കെ. ബി. ഗണേഷ്കുമാറിനും നിവേദനം നല്‍കിയത്.
2009 വനസംരക്ഷണസമിതി നിര്‍മ്മിച്ച കിണറും ജലസംഭരണിയും വളരെയധികം വീട്ടുകാര്‍ വഴി നടക്കുന്ന റോഡിനോട് ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലൂടെ സഞ്ചരിക്കുന്ന ജനങ്ങളുടെയോ ഇവിടെ നിന്നും വെള്ളം എടുക്കുന്നവരുടെയോ സുരക്ഷയ്ക്കായി കുളം കെട്ടി സംരക്ഷിച്ചിട്ടില്ല. തന്മൂലം ജനങ്ങള്‍ക്ക് ഏറെ ഉപകാരമാകേണ്ട കിണര്‍ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയായിരിക്കുകയാണ്. ഈ കുളത്തില്‍നിന്നും വെള്ളം ജനങ്ങള്‍ക്ക് പമ്പ് ചെയ്ത് നല്‍കാത്തതിനാലും സംരക്ഷണഭിത്തി കെട്ടാത്തതും നാട്ടുകാര്‍ നിരവധി പ്രാവശ്യം വനംസംരക്ഷണ സമിതിയുടെ പൊതുയോഗങ്ങളില്‍ പരാതി പറഞ്ഞിട്ടും ഇതുവരെ യാതൊരു നടപടിയും ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിട്ടില്ലായെന്നും അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ നല്കിയ നിവേദനത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: