ന്യൂദല്‍ഹി: തിരക്കേറിയ ദല്‍ഹി -ഹൗറ, ദല്‍ഹി -മുംബൈ റൂട്ടിലെ യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റിനായി സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിക്കാന്‍ സംവിധാനം. കൊല്‍ക്കത്ത മെട്രോയിലും ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായി മള്‍ട്ടി പര്‍പ്പസ് സ്മാര്‍ട്ട് കാര്‍ഡുകള്‍ ലോഞ്ച് ചെയ്യാനുള്ള നീക്കത്തിലാണ് റെയില്‍വേയെന്ന് ഇതുമായി ബന്ധപ്പെട്ട പ്രോജക്ടിലെ ഒരു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന് അറിയിച്ചു. ഗോ ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിച്ച് ദല്‍ഹിയില്‍ നിന്ന് ഹൗറ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. പെയിലറ്റ് പ്രോജക്ട് എന്ന നിലയിലാണ് ഈ റൂട്ടുകളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും യാത്രക്കാരുടെ പ്രതികരണം അറിഞ്ഞതിന് ശേഷം കൂടുതല്‍ റൂട്ടുകളില്‍ ഈ സംവിധാനം ഉപയോഗപ്രദമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും റെയില്‍വേ മന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. ഒരു വര്‍ഷത്തേക്കാണ് പെയിലറ്റ് പ്രോജക്ട് നടപ്പാക്കുന്നത്.
2011-12 റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച ഗോ ഇന്ത്യ കാര്‍ഡ് രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ കൊല്‍ക്കത്ത മെട്രോയിലും ഈ സംവിധാനം പ്രയോജനപ്പെടുത്താം. റെയില്‍വേയുടെ ടിക്കറ്റ് കൗണ്ടറുകള്‍, ഇന്റര്‍നെറ്റ്, ആട്ടോമാട്ടിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷിനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഗോ ഇന്ത്യ കാര്‍ഡ് ഉപയോഗിച്ച് റിസര്‍വ് ചെയ്തോ അല്ലാതെയോ ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയും. ദല്‍ഹി-ഹൗറ റൂട്ടിലെ പ്രധാന സ്റ്റേഷനുകളായ കാണ്‍പൂര്‍, അലഹബാദ്, ധന്‍ബാദ് എന്നീ സ്റ്റേഷനുകളിലും ദല്‍ഹി -മുംബൈ സെക്ടറില്‍ ബറോഡ, സൂററ്റ് എന്നിവിടങ്ങളിലും ഗോ ഇന്ത്യ കാര്‍ഡ് ഉപയോഗിക്കാന്‍ സംവിധാനമൊരുക്കും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും റെയില്‍വേയിലെ ഐടി വിഭാഗവും സംയുക്തമായാണ് സ്മാര്‍ട്ട് കാര്‍ഡിന്റെ സോഫ്റ്റ്വെയര് തയ്യാറാക്കുന്നത്. സ്മാര്‍ട് കാര്‍ഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയബാങ്കുകളുമായി ഉടന്‍ തന്നെ കരാര്‍ ഒപ്പിടുമെന്നും റെയില്‍വേയിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: