ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ സഹാറ നിക്ഷേപകര്‍ക്ക് 17,400 കോടി രൂപ തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതി വിധി. ഈ തുക മൂന്ന് മാസത്തിനുള്ളില്‍ 15 ശതമാനം പലിശ ഉള്‍പ്പടെ മടക്കി നല്‍കണമെന്നാണ് വിധിയില്‍ പറയുന്നത്. സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷനും സഹാറ ഹൗസിംഗ് ഇന്‍വസ്റ്റ്മെന്റ് കോര്‍പ്പറേഷനും എതിരായി ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്, ജസ്റ്റിസ് എസ്.ഖേഹര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവിട്ടത്. നിക്ഷേപകരെ കണ്ടെത്തി അവര്‍ക്ക് പണം തിരികെ നല്കാന് സെബിക്ക് കോടതി നിര്‍ദ്ദേശം നല്കി.
പണം മടക്കി നല്കുന്നതില് ഈ കമ്പനികള്‍ പരാജയപ്പെട്ടാല്‍ ഇവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും സെബിക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങളും രേഖകളുമെല്ലാം സെബി മുമ്പാകെ ഹാജരാക്കണമെന്ന നിര്‍ദ്ദേശവും ഈ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുന്നത് പരിശോധിക്കുന്നതിനായി സുപ്രീം കോടതി മുന്‍ ജഡ്ജി ബി.എന്‍. അഗര്‍വാളിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഓഹരികളാക്കി മറ്റാവുന്ന കടപ്പത്രങ്ങളുടെ വില്പനയിലൂടെ 2.3 കോടി ചെറുകിട നിക്ഷേപകരില്‍ നിന്നായി 17,400 കോടി രൂപയാണ് സമാഹരിച്ചത്. ഈ തുക മടക്കി നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ 15 ശതമാനം പലിശ കൂടിയാകുമ്പോള്‍ 24,000 കോടി രൂപയ്ക്കടുത്താകുമെന്നാണ് കണക്കുകൂട്ടുന്നത്. 2008-2011 കാലയളവിലാണ് ഈ നിക്ഷേപം സമാഹരിച്ചത്. സെബിയുടെ അനുമതിയില്ലാതെയാണ് ഈ പണം സമാഹരിച്ചത്. ഇതേ തുടര്‍ന്ന് നിക്ഷേപം സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് 2011 ജൂണില്‍ സെബി നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: