മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ പാക് ഭീകരന് അജ്മല്‍ കസബിന്റെ വധശിക്ഷ സുപ്രീംകോടതിയും ശരിവച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ വിധികളുടെ നൈതികത സുപ്രസിദ്ധമാണല്ലോ. രാജ്യത്തിനെതിരെ യുദ്ധം നയിക്കുകയാണ് കസബും സംഘവും ചെയ്തതെന്നും അതിന് വധശിക്ഷ നല്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നുമാണ് ജസ്റ്റിസുമാരായ അഫ്താബ് ആലവും സി.കെ.പ്രസാദുമടങ്ങിയ ബെഞ്ച് വിധിച്ചത്. കീഴ്ക്കോടതി വിധി ജീവപര്യന്തമായി ചുരുക്കണമെന്നും തന്റെ ചെറിയ പ്രായം (21 വയസ്) പരിഗണിച്ച് വിധി ലഘുവാക്കണമെന്നും കസബ് അപേക്ഷിച്ചിരുന്നു. കസബിനുവേണ്ടി കേസ് വാദിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനായ രാജു രാമചന്ദ്രനെ നിയോഗിക്കാനും സുപ്രീംകോടതി തയ്യാറായി. വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തള്ളിയതോടൊപ്പം മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ ഫഹിം അന്‍സാരി, സഹാബുദ്ദീന് അഹമ്മദ് എന്നിവരെ വെറുതെ വിട്ട കീഴ്ക്കോടതി വിധിയും സുപ്രീംകോടതി ശരിവച്ചു. മുംബൈ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പത്ത് ഭീകരരില്‍ പിടികൂടാനായത് കസബിനെ മാത്രമായിരുന്നു. മറ്റുള്ളവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കസബിന്റെ മുഖം ആ കരാള രാത്രിയില്‍ രാജ്യം മുഴുവന്‍ കണ്ടതാണ്. നീതിയുക്തമായ വിചാരണ നടന്നില്ലെന്ന കസബിന്റെ വാദം സുപ്രീംകോടതി തള്ളിയത് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ്. ഈ ആക്രമണത്തിന്റെ ആസൂത്രണവും ഗൂഢാലോചനയും നടന്നത് പാക്കിസ്ഥാനിലാണെന്ന് വ്യക്തമാകുന്നതായും സുപ്രീംകോടതി നിരീക്ഷിച്ചു.
ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരായ യുദ്ധപ്രഖ്യാപനം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെയും നിയമവിരുദ്ധ (നിരോധന) പ്രവര്‍ത്തന നിയമത്തിന്റെയും വിവിധ വ്യവസ്ഥകളനുസരിച്ചാണ് വധശിക്ഷ ശരിവച്ചത്. വിചാരണ നീതിപൂര്‍വ്വമായല്ല നടന്നതെന്നും തനിക്ക് പ്രാഥമിക ഘട്ടത്തില്‍ അഭിഭാഷകനെ ലഭിച്ചില്ലെന്നുമുള്ള കസബിന്റെ പരാതിയും തള്ളപ്പെട്ടത് കുറ്റങ്ങള്‍ നിസ്സംശയം തെളിഞ്ഞതിനാലാണ്. കസബ് ആദ്യം നടത്തിയ കുറ്റസമ്മതമൊഴി പിന്നീട് വിചാരണ ഘട്ടത്തില്‍ തള്ളിപ്പറഞ്ഞെങ്കിലും അത് വിശ്വാസയോഗ്യമാണെന്നും കോടതി വിലയിരുത്തി. വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ ഈ വിധി പാക്കിസ്ഥാന് നീതിന്യായ കോടതി ശ്രദ്ധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചെങ്കിലും മുംബൈ ഭീകരാക്രമണക്കേസില്‍ ഇസ്ലാമാബാദ് സ്വീകരിച്ചുവന്ന നിലപാടില്‍ ഇത്തരമൊരു പ്രതീക്ഷ അസ്ഥാനത്താകുമെന്നും അദ്ദേഹം പറഞ്ഞു. കോടതി കസബിനുവേണ്ടി ഏര്‍പ്പെടുത്തിയ മുതിര്‍ന്ന അഭിഭാഷകന് രാജു രാമചന്ദ്രനും കോടതിവിധി മാനിക്കുന്നതായും നീതിയുടെ വിജയമാണിതെന്നും പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യവും വിധിയെ സ്വാഗതം ചെയ്തു. കസബിന്റെ മുമ്പിലുള്ള പോംവഴികള്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കലും അത് തള്ളിയാല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കലുമാണ്. കസബിനെ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യക്കാരാണെന്ന വിനാശകരമായ ധാരണ രൂപപ്പെടുമായിരുന്നുവെന്നും അത് പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമായിരുന്നെന്നും രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദവും സമാധാനവും തകരുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ഭീകരര്‍ ഇന്ത്യന്‍ മുസ്ലീങ്ങളാണെന്നുന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ കസബിന് വധശിക്ഷ ലഭിച്ചിരിക്കുകയാണ്. പക്ഷേ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരില്ലെന്നത് വസ്തുതയാണ്. ശിക്ഷ നടപ്പാക്കേണ്ട ബാധ്യത പോലീസില്‍ നിക്ഷിപ്തമായേക്കാം. വധശിക്ഷ നടപ്പാക്കേണ്ടത് ആരാച്ചരാണെന്നത് അബദ്ധ ധാരണയാണെന്ന് ആര്‍തര്‍റോഡ് മുന്‍ ജയിലറായിരുന്ന ഡിഐജി സ്വാതി സാത്ര പറഞ്ഞു. ചട്ടപ്രകാരം ശിക്ഷ നടപ്പാക്കേണ്ടത് ജയില്‍ സൂപ്രണ്ടാണ്. കസബിന്റെ സുരക്ഷയ്ക്ക് ദിവസേന ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട സാഹചര്യത്തില്‍ ശിക്ഷ വേഗം നടപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത് 53 കോടിയിലധികമാണ്. വധശിക്ഷ താമസിച്ചാല്‍ ചെലവ് ഇനിയും കൂടും. കസബിനുവേണ്ടി നിര്‍മ്മിച്ച പ്രത്യേക സെല്ലിന്റെ ചെലവ് എട്ട് കോടി രൂപയാണ്. ആശുപത്രിയിലെ സെല്ലിന് 1.5 കോടി രൂപ. ജയിലിന് പുറത്തുള്ള സുരക്ഷാ സംവിധാനത്തിന് മൂന്ന് കോടി രൂപയും വേണം. പ്രതിദിന ചെലവ് മൂന്ന് ലക്ഷം രൂപയുമാണത്രെ. കസബ് അറസ്റ്റിലായത് 2008 നവംബര്‍ 26നാണ്. 1400 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്.
വിഷലിപ്ത ഭരണം
രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ തീരാദുഃഖത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി നിരോധിച്ചതിനെതിരെ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതുവരെ ഉല്‍പ്പാദിപ്പിച്ച മാരകവിഷം ഉപയോഗിക്കാന്‍ അനുമതി വേണമെന്നും അത് ഉപയോഗിക്കാന്‍ വിവിധ സമിതികള്‍ ശപാര്‍ശ ചെയ്തിരുന്നുവെന്നുമാണ് കേന്ദ്രവാദം. എന്‍ഡോസള്‍ഫാന്‍ ഉടന്‍ നിരോധിച്ചാല്‍ 1317.50 കോടി രൂപ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ് കേന്ദ്രം വാദിക്കുന്നത്. നിര്‍വീര്യമാക്കുന്നതിനുള്ള ഭീമമായ ചെലവും കമ്പനികള്‍ക്കുണ്ടാവുന്ന നഷ്ടവും ഒഴിവാക്കാന്‍ മുഴുവന്‍ ശേഖരവും വിറ്റഴിക്കാന്‍ സംവിധാനമൊരുക്കണമെന്നാണ് കേന്ദ്രവാദം. നിര്‍വീര്യമാക്കാന്‍ 1248 കോടിയും നശിപ്പിക്കുന്നതിന് 65.90 കോടിയുടെ നഷ്ടവും ഒഴിവാക്കാനാണിതത്രെ. ഈ തരത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സര്‍ക്കാര്‍ നിരോധം ഘട്ടംഘട്ടമായി മാത്രമേ പാടുള്ളൂവെന്ന് ആവശ്യപ്പെട്ട് ലോകാരോഗ്യസംഘടനയും ശുപാര്‍ശ ചെയ്യുന്നത് ഇതാണത്രെ. എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം കേരളത്തില്‍ ജീവിക്കുന്ന രക്തസാക്ഷികള്‍ കാസര്‍കോട്ടുണ്ട്. അതിനെതിരെയുള്ള പ്രക്ഷോഭത്തില്‍ മേധാപട്കറും മറ്റും പങ്കെടുത്തതാണ്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഒരു സഹായവും ലഭിച്ചെന്ന് പരാതിപ്പെട്ട് സ്ത്രീകള്‍ സെക്രട്ടറിയേറ്റ് നടയ്ക്കല്‍ ഓണംവരെ ഉപവാസമിരുന്നിരുന്നു. പക്ഷേ കേന്ദ്രസര്‍ക്കാരിന്റെ വാദം എന്‍ഡോസള്‍ഫാനാണ് ഏറ്റവും വിലകുറഞ്ഞ കീടനാശിനിയെന്നും ഇതിനെതിരെ പ്രതിഷേധമുയരുന്നത് കേരളത്തില്‍നിന്നും കര്‍ണാടകത്തില്‍നിന്നും മാത്രമാണെന്നുമാണ്.
ബാക്കി സംസ്ഥാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടത്രെ. സ്റ്റോക്ഖോം കണ്വെന്ഷന് പ്രകാരം പുതുതായി അസംസ്കൃത എന്‍ഡോസള്‍ഫാന്‍ ഇറക്കുമതി വേണ്ടെന്നും നിലവിലുള്ള ശേഖരം ഉപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ഘട്ടംഘട്ടമായുള്ള നിരോധനമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിരോധനം കാര്‍ഷികമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നുവെന്നും കേന്ദ്രം വാദിക്കുന്നു. എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ അനുമതി ലഭിച്ചാല്‍ തങ്ങളുടെ കൈവശമുള്ള സ്റ്റോക്ക് വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് ഉല്‍പ്പാദകര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്. കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ കയറ്റി അയക്കാന്‍ സാധ്യമാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട ജസ്റ്റിസ് എസ്.എച്ച്.കപാഡിയ അധ്യക്ഷനായ ബെഞ്ച് മൂന്നാഴ്ചക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഉപയോഗിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും കേരളത്തിലെത്തിക്കൊണ്ടിരിക്കുമ്പോള് കോര്‍പ്പറേറ്റ് ഭീമന്മാര്ക്കുവേണ്ടി സാധുക്കളായ കര്‍ഷകരെയും ഉപഭോക്താക്കളെയും ബലിയാടാക്കാനാണ് കേന്ദ്രനീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: