വാഷിംഗ്ടണ്‍: പാക് ഭീകരവാദ സംഘടനയായ ലഷ്ക്കറെ തൊയ്ബയിലെ മുതിര്‍ന്ന എട്ട് നേതാക്കള്‍ക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാജിംമിര്, അബ്ദുള്ള മുജാഹിദ്, അഹമ്മദ് യാക്കൂബ്, ഹഫീസ് ഖാലിദ് വാലിദ്, ക്വാറി മുഹമ്മദ്, യാക്കൂബ് ഷെയ്ക്ക്, അമീര്‍ ഹംസ, അബ്ദുള്ള മുന്താസിര് തല്ഹസയിദ് എന്നിവര്‍ക്കെതിരെയാണ് ഉപരോധം.
2001 ലാണ് ഭീകരവാദ സംഘടനയായ ലഷ്ക്കറെ തൊയ്ബയെ അമേരിക്ക വിദേശ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എല്ലാ ഭീകരവാദ പ്രവര്‍ത്തനങ്ങളിലും ഇവര്‍ക്ക് പങ്കുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് ട്രഷറി വകുപ്പിന്റെ ടെററിസം ആന്റ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് സെക്രട്ടറി ഡേവിഡ് എസ്. കോഹന് വ്യക്തമാക്കി. പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ആഗോളതലത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. പാക്കിസ്ഥാനാണ് ഇവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കുറ്റപ്പെടുത്തി.
ഇന്ത്യ, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, യുഎസ് എന്നിവിടങ്ങളില്‍ ഇവര്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. 2008 ലെ മുംബൈ ആക്രമണത്തില്‍ ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേര് കൊല്ലപ്പെട്ടിരുന്നു. 2006 ജൂലൈയില്‍ മുംബൈ ട്രെയിനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 180 ഓളം പേര് കൊല്ലപ്പെട്ടിരുന്നു. ലഷ്ക്കറെ തൊയ്ബയുടെ മുതിര്‍ന്ന നേതാവായ സാജിത്മിറാണ് മുംബൈ ഭീകരാക്രമണം നടത്തിയവര്‍ക്ക് പരിശീലനം നല്‍കിയത്. സാജിദിന് ഡേവിഡ് ഹെഡ്ലിയുമായും ബന്ധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: