കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില സര്‍വ്വകാലറെക്കോര്‍ഡിലെത്തി. ഗ്രാമിന് പതിനഞ്ച് രൂപ വര്‍ധിച്ച് 2,885 രൂപയായി. പവന് 120 രൂപ കൂടി 23,080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില വര്‍ധിക്കുകയായിരുന്നു.
ആഗോളവിപണിയിലെ വര്‍ധനവും രൂപയുടെ മൂല്യത്തില്‍ ഇന്നലെയുണ്ടായ നേരിയ ഇടിവുമാണ് ഇന്ന് സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായത്. ഉത്സവ സീസണോട് അനുബന്ധിച്ച ആവശ്യം വര്‍ധിക്കുന്നതും വില വര്‍ധനയ്ക്ക് കാരണമായി.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1670 ഡോളര്‍ നിരക്കിലാണു വ്യാപാരം. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വര്‍ധനവ് അനുഭവപ്പെടുന്ന പ്രവണതയാണുളളത്. രാജ്യന്തര തലത്തില്‍ രണ്ടു മാസം കൊണ്ടു മൂന്നു ശതമാനമാണു സ്വര്‍ണവില ഉയര്‍ന്നത്.
അമേരിക്കയില്‍ സാമ്പത്തിക പരിഷ്കാരവുമായി ബന്ധപ്പെട്ടു ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ ഈ വാരം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ആഗോളതലത്തില്‍ സ്വര്‍ണവില കുതിക്കുന്നത്. മാത്രമല്ല ഇന്ത്യയില്‍ ഇപ്പോള്‍ ഉത്സവ സീസണിലേക്കു കടക്കുന്നതും സ്വര്‍ണത്തിനു ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായി. വിനിമയ നിരക്ക് ഉയര്‍ന്നു നില്ക്കുന്നതും മറ്റൊരു കാരണമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: