ഇസ്ലാമാബാദ്: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ കണ്ടെത്താന്‍ പാക് ചാര സംഘടനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് സഹായിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ റിച്ചാര്‍ഡ് മിനിറ്ററാണ് അദ്ദേഹത്തിന്റെ പുസ്തകമായ ലീഡിങ് ഫ്രം ദ ബിഹൈന്റില് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2011 മെയില്‍ അബോട്ടാബാദിലെ രഹസ്യ വസതിയിലാണ് യുഎസ് സൈന്യത്തിന്റെ വെടിയേറ്റ് ലാദന് കൊല്ലപ്പെടുന്നത്. എന്നാല്‍ ലാദന് ഒളിവില്‍ കഴിയുന്ന സ്ഥലവും മറ്റ് വിവരങ്ങളും ഐ എസ് ഐ യിലെ ഉന്നത ഉദ്യോഗസ്ഥന് തന്നെയാണ് യുഎസ് സൈന്യത്തെ അറിയിച്ചത്. 2010 ഓഗസ്റ്റിലാണ് ഈ വിവരങ്ങള്‍ സൈന്യത്തെ അറിയിച്ചതെന്നും പുസ്തകത്തില്‍ പറയുന്നു.
പാക് സൈനിക ആസ്ഥാനത്തിനടുത്തുള്ള അബോട്ടാബാദിലെ വസതിയില്‍ ലാദന് ഒളിച്ചു താമസിച്ചിരുന്നതിനെക്കുറിച്ച് പാക് സൈന്യത്തിനും ഐഎസ് ഐ ക്കും അറിയാമായിമായിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാക് സൈന്യത്തിലെ ചില ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തിന് അഞ്ച് മാസത്തിന് മുമ്പ് തന്നെ റെയ്ഡിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ലാദനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ഐ എസ് ഐ ഉദ്യോഗസ്ഥന് ഇസ്ലാമാബാദിലെ യുഎസ് ചാരസംഘടനയായ സി ഐ ഐ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പറയുന്നു. പുസ്തകത്തിലെ വെളിപ്പെടുത്തലിലൂടെ ലാദനെ കൊലപ്പെടുത്തുവാനുള്ള യുഎസിന്റെ പദ്ധതികളില്‍ പാക്കിസ്ഥാനുള്ള പങ്ക് കൂടുതല്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
റെയ്ഡിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പാക് സൈന്യത്തിലെ ചില ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ലാദന് കൊല്ലപ്പെടുന്നതിന് ഒരുമാസം മുമ്പ് ഐ എസ് ഐ ഉദ്യോഗസ്ഥന് ലാദന് താമസിച്ചിരുന്ന അബോട്ടാബാദിലെ വസതി സന്ദര്‍ശിച്ചിരുന്നുവെന്നും ഇതില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: