ഇടതു-വലത് കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ചെളിവാരിയെ റിയുന്നതിനിടയിലാണ് ഇക്കുറി സി.അച്യുതമേനോന് ചരമദിനം വന്നത്. സ്വാഭാവികമായും അച്യുതമേനോനെ അനുസ്മരിക്കാന്‍ പറ്റിയ മാനസികാവസ്ഥ സിപിഎമ്മിന് ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല. ഒന്നാം ഇഎംഎസ് മന്ത്രിസഭയിലെ ആരെയും ഓര്‍മിക്കുന്നതും അനുസ്മരിക്കുന്നതും സിപിഎമ്മിനെ സംബന്ധിച്ചെടുത്തോളം ആരോചകമാകുന്നത് സ്വാഭാവികമാണല്ലോ. ഇന്നുജീവിച്ചിരിക്കുന്ന അന്നത്തെ മന്ത്രിമാരായിരുന്ന കെ.ആര്.ഗൗരിയമ്മയും ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരും പറയുന്നതൊന്നും സിപിഎമ്മിന് സഹിക്കാവുന്നതോ ദഹിക്കുന്നതോ അല്ല. ഗൗരിയമ്മയ്ക്ക് ശോഷിച്ചതെങ്കിലും സ്വന്തമായൊരു കക്ഷിയുണ്ട്. ജസ്റ്റീസ് കൃഷ്ണയ്യര്ക്കാകട്ടെ കക്ഷിയില്ലെങ്കിലും നിഷ്പക്ഷനാണെന്ന അവകാശവാദവുമില്ല. ഇടതുപക്ഷത്തുറച്ചു നില്‍ക്കുമ്പോഴും സ്വതവേ അദ്ദേഹം ശുദ്ധനാണെന്നാരോപണമുണ്ട്. “ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും” എന്നാണല്ലോ ചൊല്ല്. കൃഷ്ണയ്യര്‍ കഴിഞ്ഞദിവസം ഉന്നയിച്ച ചില ചോദ്യങ്ങള്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം മേല്പറഞ്ഞ ചൊല്ലു പോലെയായി. “വധമാണോ സോഷ്യലിസം?” “ചോരയാണോ സോഷ്യലിസം ?” ജസ്റ്റീസ് കൃഷ്ണയ്യരുടെ ചോദ്യം അന്തരീക്ഷത്തില്‍ മുഴങ്ങി നില്‍ക്കുകയാണ്. കൂടെ നടക്കുന്നവന്റെ കാലില്‍ ചവിട്ടുന്ന ക്രൂരത പഴയകാല അനുഭവം മാത്രമല്ല. ഇന്നും എല്ലാ കക്ഷികളിലും സഹയാത്രികരിലും പകരുകയും പടരുകയും ചെയ്യുകയാണത്. പ്രതിസന്ധിയില്‍പെട്ടുഴലുന്ന സിപിഎമ്മിന്റെ മുതുകത്ത് നല്കിയ കനത്ത പ്രഹരമായി സോഷ്യലിസത്തെ കുറിച്ചുള്ള കൃഷ്ണയ്യരുടെ അന്വേഷണം. ഏതാണ്ടിതു തന്നെയാണ് സിപിഐയും ചെയ്തതെന്നാണ് സിപിഎം വിലയിരുത്തുന്നത്. സിപിഐ പറയാതെ പറഞ്ഞ പുലഭ്യങ്ങള്‍ വേറെയുമുണ്ട്. അതിലൊന്നാണ് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് ജനയുഗത്തില്‍ അച്യുതമേനോനെ അനുസ്മരിച്ചു കൊണ്ടെഴുതിയ ലേഖനം.
“അച്യുതമേനോന് ഭരിച്ച ഏഴുവര്‍ഷം കേരളചരിത്രത്തിലെ സുവര്ണദശകമായി. കേരളം കണ്ടതില്‍ വച്ച് ഏറ്റവും പ്രഗത്ഭനായ മുഖ്യമന്ത്രി സി.അച്യുതമേനോനായിരുന്നു. വ്യക്തമായ ദിശാബോധത്തോടെ അര്‍പ്പണബോധത്തോടെ, ദീര്‍ഘവീക്ഷണത്തോടെ, രാജ്യതന്ത്രജ്ഞതയോടെ, ഭരണം നടത്തിയ മറ്റൊരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ലെന്ന” ടി.എന്‍.ജയദേവന്റെ വരികളെ അക്ഷരംപ്രതി പന്ന്യന്‍ ശരിവയ്ക്കുമ്പോള്‍ അതിനു മുമ്പും പിമ്പും വന്ന മാര്‍ക്സിസ്റ്റു മുഖ്യമന്ത്രിമാരെ കുറിച്ചുള്ള അഭിപ്രായം വ്യക്തമാണല്ലോ. രണ്ടു തവണ മുഖ്യമന്ത്രിയായിരുന്നു ഇ.എം.ശങ്കരന് നമ്പൂതിരിപ്പാട്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്നു ഇ.കെ.നായനാര്‍. പിന്നെ വി.എസ്.അച്യുതാനന്ദനും. സിപിഐയുടെ തന്നെ മുഖ്യമന്ത്രിയായിരുന്നു പി.കെ.വാസുദേവന്‍ നായര്‍. അച്യുതമേനോനും പി.കെ.വാസുദേവന്‍ നായരും മുഖ്യമന്ത്രിമാരായത് കോണ്‍ഗ്രസ് പിന്തുണ കൊണ്ടു മാത്രമാണ്. കോണ്‍ഗ്രസിനെക്കാള്‍ സിപിഎം വെറുത്തിരുന്ന സി.അച്യുതമേനോനാണ് കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് സിപിഐ പറയുമ്പോള്‍ അതില്‍ പരം അവഹേളനം വേറെന്തുണ്ട് ?
“കുടിലുകളില്‍ കൂരകളില്‍ കണ്മണി പോല്‍ സൂക്ഷിച്ചൊരു ജനമുന്നണി നേതാവാണച്യുതമേനോന്” എന്ന പഴയ കോണ്‍ഗ്രസ് മുന്നണിയുടെ മുദ്രാവാക്യമാണ് ഇപ്പോള്‍ പന്ന്യന്‍ അനുസ്മരിച്ചിട്ടുള്ളത്. കേരളത്തിലെ ജനങ്ങള്‍ മനസ്സില്‍ കൊണ്ടു നടന്നതും ഏറ്റുപാടിയതുമായ ഈരടികള്‍ ചരിത്രത്തിന്റെ ഭാഗമാണെന്ന് പന്ന്യന്‍ രവീന്ദ്രന് അവകാശപ്പെടുമ്പോള്‍ അന്ന് സിപിഎമ്മുകാര്‍ കേരളത്തിലാകമാനം പാടി നടന്ന ഈരടികള്‍ ഓര്ക്കാതിരിക്കാമോ ? “ചേലാട്ടച്ചു ചെറ്റേ ചെറ്റേ, വെയ്യട ചെറ്റേ ചെങ്കൊടി താഴെ, എമ്മനും തൊമ്മനും കമ്മ്യൂണിസ്റ്റല്ല. ചേലാട്ടച്ചു പണ്ടേ അല്ല” എന്നു തുടങ്ങിയ മുദ്രാവാക്യങ്ങളും അന്ന് കേരളത്തില്‍ കേട്ടതാണല്ലോ. അതിന്റെ ആവര്‍ത്തനം തന്നെയല്ലെ ഇന്ന് കേട്ടു കൊണ്ടിരിക്കുന്ന പൂരപ്പാട്ടുകളും…!
ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇരുവരുടെയും കേന്ദ്രനേതൃത്വം ആഗ്രഹിക്കുമ്പോഴും മറ്റ് ഘടകകക്ഷികള്‍ അന്തംവിട്ടുനില്‍ക്കുന്നു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം വൈക്കം വിശ്വന് തുടരുന്നതില്‍ അര്‍ഥമില്ലെന്ന് സിപിഐ വിലയിരുത്തുമ്പോള്‍ വിശ്വന് പറയുന്നത് ന്യായമെന്ന് സിപിഎം. “തങ്ങള്‍ പറയുന്ന വഴിക്കു തന്നെ എല്ലാവരും സഞ്ചരിച്ചു കൊള്ളണമെന്ന നിലപാട് തീര്‍ച്ചയായും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടേതല്ലെന്ന്” സിപിഐയുടെ മുഖപത്രമായ ജനയുഗം ഓര്‍മിപ്പിക്കുന്നു. “രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മിലുള്ള സാഹോദര്യത്തിന് സിപിഐ സംസ്ഥാന നേതൃത്വം പോറലേല്‍പ്പിക്കുന്നു”വെന്ന് ദേശാഭിമാനിയിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുകയാണ്.
രണ്ട് കക്ഷികളുടെയും പാര്‍ട്ടി കോണ്‍ഗ്രസ്സ് സമയത്താണ് പരസ്യമായ വിഴുപ്പലക്കല്‍ തുടങ്ങിയത്. പിണറായി വിജയനും സി.കെ.ചന്ദ്രപ്പനും തുടങ്ങിവച്ച പോര്‍വിളി കെട്ടടങ്ങിയതായിരുന്നു. ടി.പി.ചന്ദ്രശേഖരന് വധത്തെത്തുടര്‍ന്നാണ് സിപിഎമ്മും സിപിഐയും തമ്മില്‍ കലഹം പുനരാരംഭിച്ചത്. ആദ്യം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും തമ്മിലായിരുന്നു കൊമ്പുകോര്‍ത്തത്. കൊലക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് സിപിഐക്കാരാണെങ്കില് അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നാണ് പന്ന്യന്‍ പറയുന്നത്. അതിനര്‍ഥം സിപിഎം കൊലക്കേസ് പ്രതികളെ താലോലിക്കുന്നു, സംരക്ഷിക്കുന്നു എന്നുതന്നെയല്ലെ? വിവാദത്തിന് ഇപ്പോള്‍ ശൈലി മാറി. മറ്റു പലരും ഏറ്റുപിടിച്ചു.
ഇടതു മുന്നണിയെ ഏകോപിപ്പിച്ച് കൊണ്ടു പോകേണ്ട കണ്‍വീനര്‍ ഒരു പാര്‍ട്ടിയുടെ മാത്രം വക്താവായി മാറി. വൈക്കം വിശ്വന് രാജിവയ്ക്കണമെന്ന് സിപിഐയുടെ മുതിര്‍ന്ന നേതാവ് സി.ദിവാകരനാണ് ആവശ്യപ്പെട്ടത്. 1957 ല്‍ ഇഎംഎസ് അല്ല മുഖ്യമന്ത്രിയാകാന്‍ അര്‍ഹന്‍ അച്യുതമേനോനായിരുന്നുവെന്നും ദിവാകരന് അവകാശപ്പെട്ടിരിക്കുന്നു. ജനയുഗത്തിന്റെ മുഖപ്രസംഗത്തിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു കഴിഞ്ഞ ദിവസം പിണറായി വിജയന് വിമര്‍ശിച്ചത്. സിപിഐ പണ്ടു നടത്തിയ കൊലപാതകങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ അദ്ദേഹം അടിയന്തരാവസ്ഥ സമയത്ത് സിപിഐ കേരളത്തില്‍ മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ പോലീസ് തനിക്കെതിരെ നടത്തിയ അതിക്രമവും വിവരിച്ചു. അന്ന് മുഖ്യമന്ത്രി അച്യുതമേനോന്റെ മുന്നില്‍ താന്‍ നിയമസഭയില്‍ ഇതൊക്കെ വിവരിച്ചെങ്കിലും ഒരു നടപടിയും എടുത്തില്ലെന്ന പരിദേവനവും നിരത്തി. എം.എം.മണിയെ ചങ്ങലയ്ക്കിടണമെന്നാണ് സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി സി.എന്‍.ജയദേവന്റെ ആവശ്യം. മുന്നണിയിലെ പ്രബലപാര്ട്ടികളുടെ പോരു കാരണം ഇടതുമുന്നണിയുടെ യോഗം പോലും ചേരാനാകുന്നില്ല. ഈ മാസം രണ്ടിന് നിശ്ചയിച്ചിരുന്ന എല്‍ഡിഎഫ് യോഗം അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചു. അതിനി എപ്പോള്‍ ചേരാനാകുമെന്നും പറയാനാകില്ല.
സിപിഐയും സിപിഎമ്മും തമ്മിലുള്ള പ്രശ്നം അനുദിനം മൂര്‍ച്ഛിക്കുന്നതല്ലാതെ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും പരസ്യപ്രസ്താവന നിര്‍ത്തണമെന്ന് സിപിഐ ജനറല്‍സെക്രട്ടറി സുധാകര്‍ റെഡ്ഡി അഭ്യര്‍ഥിച്ചിരിക്കുകയാണ്. കേരളത്തിലെ പ്രശ്നങ്ങള്‍ കേരളത്തില്‍ തന്നെ തീര്‍ക്കട്ടെ എന്ന നിലപാടാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റേത്. സിപിഎമ്മില്‍ നിന്ന് പുറത്താക്കിയവരെ സിപിഐ സ്വീകരിക്കുന്നതിലുള്ള രോഷം കുറച്ചുകാലമായി സിപിഎമ്മിനുണ്ട്. ഇപ്പോഴത്തെ കലഹം മൂര്‍ച്ഛിക്കുന്നതിനുള്ള കാരണം അതാണ്. ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും ലയിച്ച് ഒന്നാകണമെന്ന മുദ്രാവാക്യവും അതിനുള്ള മോഹവും പേറി നടന്നവരാണ് സിപിഐക്കാര്‍. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ആ മോഹം ഇപ്പോള്‍ ജരാസന്ധന്റെ അവസ്ഥപോലെയായി. ഒരിക്കലും ലയിക്കാന്‍ കഴിയാത്ത വിധം അകന്നുകൊണ്ടേയിരിക്കുന്നു.
1969 ഒക്ടോബര്‍ 22ന് സിപിഐ നേതാവും മന്ത്രിയുമായിരുന്ന ടി.വി.തോമസ് നിയമസഭയില്‍ പ്രസംഗിച്ചു. “…… മാര്‍ക്സിസ്റ്റുകാരെ കേരളത്തില്‍ ആരെങ്കിലും സ്നേഹിക്കുന്നുവെങ്കില്‍ അവര്‍ വിഡ്ഢികളായിരിക്കും. ഞാന്‍ ഇതു പറയുമ്പോള്‍ ചില ആളുകള്‍ ചിരിക്കുന്നുണ്ട്. സര്, പ്രശസ്തനായ ഒരു പേര്‍ഷ്യന്‍ കവി അല്അബുഹസ്സന് ലോകം പൊറുക്കാത്ത ചില പാപങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മൂഢന് വയറുനിറഞ്ഞാലുള്ള ചിരി ലോകം സഹിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.”
ടി.വിയുടെ പ്രസംഗം സിപിഐയിലെ ചിലരെങ്കിലും അടുത്തിടെ വായിച്ച മട്ടുണ്ട്. ഏതായാലും സോദരര്‍ തമ്മിലെ പോരായി മാത്രം ഒതുങ്ങുന്നതാകില്ല കമ്മ്യൂണിസ്റ്റുകാര്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഈ വഴക്ക്. മൂപ്പിളമ തര്‍ക്കം പൊരുതി തന്നെ തീരണം; തീര്‍ക്കണം. എന്നും തുറന്നു വച്ചിരിക്കുന്ന കോണ്‍ഗ്രസിന്റെ വാതില്‍ തന്നെയാകണം വലിയേട്ടനോട് മുട്ടാന്‍ പ്രോത്സാഹനമാകുന്നത്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: