വിളപ്പില്‍ശാലയിലെ മാലിന്യപ്രശ്നം ഒരു പ്രാദേശിക വിഷയമായി തള്ളിക്കയാവുന്നതല്ലെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ അവരെ ബോദ്ധ്യപ്പെടുത്താതെ ഒരു ഭരണകൂടത്തിനും മുന്നോട്ടുപോകാന്‍ കഴിവില്ലെന്ന് വിളപ്പില്‍ശാല പ്രശ്നം സര്‍വരേയും ഓര്‍മ്മിപ്പിക്കുകയാണ്. വിളപ്പില്‍ശാല മാലിന്യപ്രശ്നത്തില്‍ നടന്ന പ്രതിരോധ സമരവും തുടര്‍ന്ന് പോലീസ് അറസ്റ്റും പിന്‍വാങ്ങലും കഴിഞ്ഞദിവസം ജനങ്ങളുടെ കൂട്ടായ്മയുടെ വിജയമാണ്. നാട്ടുകാരുടെ നടുവിലേക്ക് ബുള്‍ഡോസര്‍ ഉരുട്ടി കാര്യം നടത്താമെന്ന ധാരണയാണ് ഇവിടെ തകിടം മറിഞ്ഞത്. തിരുവനന്തപുരം നഗരത്തിലെ മാലിന്യം പേറേണ്ടിവരുന്ന ഗതികേട് വിളപ്പില്‍ശാലയില്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. നഗരസഭ ഭരിക്കുന്ന ഇടുപക്ഷവും സംസ്ഥാനം ഭരിക്കുന്ന വലതുപക്ഷവും ഒത്തുകളികളിലൂടെ മുന്നോട്ടുപോകാനാണ് ശ്രമിച്ചത്. കോടതിവിധി നടപ്പാക്കണമെന്ന് നഗരസഭയും അതിന്റെ ഭാഗമായി സര്‍ക്കാര്‍ ഒരുക്കിയ സന്നാഹങ്ങളും ആ ഗ്രാമത്തെയും യുദ്ധക്കളമാക്കുകയായിരുന്നു. ജില്ലാഭരണകൂടം ഒരുദിവസത്തിനു മുമ്പുതന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ച് തങ്ങളുടെ ഭാഗം പൂര്‍ത്തിയാക്കി. ഹര്‍ത്താല്‍ ആയതിനാല്‍ സന്നാഹം ഒരുക്കുന്നതില്‍നിന്ന് പോലീസ് രക്ഷപ്പെട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച സര്‍വ സന്നാഹങ്ങളുമായാണ് ലീച്ചേറ്റ് ട്രീറ്റ്മെന്റ്പ്ലാന്റിലേക്കുള്ള ഉപകരണങ്ങളുമായി പോലീസ് പോയത്. ഇതിനകം സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന മൂവായിരത്തിലധികം വിളപ്പില്‍ നിവാസികള്‍ പ്രതിരോധ നിര തീര്‍ത്തുകഴിഞ്ഞിരുന്നു. പോലീസിനെയും ജില്ലാഭരണകൂടത്തെയും നോക്കുകുത്തിയാക്കി ഡെപ്യൂട്ടി സ്പീക്കര്‍ സമരക്കാരെ അഭിസംബോധന ചെയ്യാന്‍ എത്തിയതും കൗതുകമുളവാക്കി. അതോടെ പ്രതിരോധ സേനയെ മാറ്റി പ്ലാന്റിലേക്ക് പോലീസും ജില്ലാ ഭരണകൂടവും കടക്കില്ലെന്ന് ഉറപ്പായി.
പോലീസിന്റെ ബലപ്രയോഗം, അറസ്റ്റുചെയ്യല്‍, പൊങ്കാല കലങ്ങള്‍ വലിച്ചെറിയല്‍, റോഡില്‍ തീയിടല്‍. മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ക്കും പോലീസുകാര്‍ക്കും സമരസമിതിയിലെചിലര്ക്കും തീപൊള്ളലേറ്റ് ആശുപത്രിയിലായി. രംഗം സംഘര്‍ഷഭരിതമാകുന്നു എന്നറിഞ്ഞതോടെ മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. കോടതിവിധി നടപ്പാക്കും. എന്നാല്‍ ജനകീയ സമരത്തെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തില്ല. പ്രതിപക്ഷ നേതാവിന്റെയും പ്രസ്താവന ഉടന്‍. സമരക്കാര്‍ക്കുനേരെ ബലം പ്രയോഗിക്കരുതെന്ന്. എല്ലാം ഒരു ഒത്തുകളിയുടെ ഭാഗംപോലെ. വിഷമവൃത്തത്തിലായത് പോലീസ്. ജലപീരങ്കിയുള്പ്പെടെയുള്ളവയുമായി നിന്നെങ്കിലും അത് റോഡിലെ തീ അണയ്ക്കാന്‍ വേണ്ടിമാത്രം ഉപയോഗിച്ചു. എഡിഎം സ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്ര വീര്യമില്ലാതെ പ്രതിരോധസേനയ്ക്കുമുമ്പില് മുട്ടുമടക്കി. പോലീസ് അധികാരികള്‍ ഉന്നതാധികാരികളുടെ അറിയിപ്പിനുവേണ്ടിയുള്ള കാത്തുനില്പും തുടര്‍ന്നു; പോലീസ് നടപടി തിരുത്തിവയ്ക്കാന്‍. തുടര്‍ന്ന് എഡിഎമ്മിന്റെ അറിയിപ്പും. നീണ്ടകരഘോഷം. പോലീസിനും ആശ്വാസം. വിളപ്പില്‍ശാലയില്‍ ഇത് രണ്ടാം തവണയാണ് കോടതി ഉത്തരവു നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനവും പിന്‍വാങ്ങലും. വിളപ്പില്‍ പഞ്ചായത്ത് ഭരിക്കുന്നത് കോണ്‍ഗ്രസ്സ്. സ്ഥലം എംഎല്‍എയും കോണ്‍ഗ്രസ്. സംസ്ഥാന ഭരണവും കോണ്ഗ്രസ്സിനായതിനാല് വിളപ്പില്‍ ജനതയെ പിണക്കാനാകില്ല. ഒരു കാരണവശാലും പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് വിളപ്പില്‍ ജനത ആവര്‍ത്തിച്ചു പറഞ്ഞിട്ടും നഗരസഭയും കടുംപിടുത്തത്തിലായിരുന്നു. മാലിന്യത്തിന്റെ ദുര്‍ഗന്ധവും ബുദ്ധിമുട്ടും എന്തെന്ന് നഗരസഭ അധികൃതര്‍ ഏറെ അറിഞ്ഞിട്ടും മാലിന്യസംസ്കരണത്തിന് നഗരസഭ പ്രദേശങ്ങളില്‍ കാര്യമായ യാതൊരു നടപടിയും സ്വീകരിക്കാന്‍ നാളിതുവരെ സാധിച്ചിട്ടില്ല. എന്തുവന്നാലു വിളപ്പില്‍ശാലയില്‍ തന്നെ മാലിന്യം നിക്ഷേപിക്കുമെന്ന പിടിവാശിയിലായിരുന്നു നഗരസഭ.
ഉറവിടത്തില്‍ത്തന്നെ മാലിന്യം സംസ്കരിക്കാന്‍ സംവിധാനവുമായി ഇടയ്ക്കിറങ്ങിയ നഗരസഭ അവ കാര്യമായി നടപ്പാക്കാന്‍ ഗൗനിക്കുന്നില്ലെന്നത് നിസ്സാരമായി കാണാനാവില്ല. പദ്ധതിക്കിപ്പോഴും കാലുറച്ചിട്ടില്ല. മാലിന്യപ്രശ്നം തീര്‍ക്കാന്‍ ഒരു ലക്ഷം പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. ഇതിനകം ഇരുപതിനായിരം പോലുമായില്ല. സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്ക് അഞ്ചുകോടി രൂപ സബ്സിഡി നല്‍കിയതാണ്. നഗരത്തില്‍ പത്തുലക്ഷത്തോളം പേര് താമസിക്കുന്നുണ്ടെന്നാണ് കണക്ക്. മാലിന്യപ്രശ്നം രൂക്ഷമായ ഒരുലക്ഷം വീടകളില്‍ പദ്ധതി പൂര്‍ത്തിയാക്കിയാല്‍ കുറേ ആശ്വാസമാകുമായിരുന്നു. പൈപ്പിന് വിലകൂടിപ്പോയി എന്നുപറഞ്ഞ് ആദ്യം ഉഴപ്പിയ നഗരസഭ ഏറ്റവും ഒടുവില്‍ പൈപ്പിനുള്ള അടപ്പില്ലെന്ന ന്യായമാണ് നിരത്തുന്നത്. നഗരമാലിന്യനീക്കം നിലച്ചിട്ട് എട്ടുമാസം പിന്നിട്ടു. എന്നിട്ടും നഗരസഭ പ്രശ്നം ഗൗരവത്തിലെടുക്കുന്നില്ലെന്നതാണ് ഇത് കാണിക്കുന്നത്. മാലിന്യം നീക്കാനാണ് മുസ്ലീംലീഗിന്റെ അഞ്ചാംമന്ത്രിയെന്ന് ലീഗ് അധ്യക്ഷന്‍ പരസ്യമായി പ്രസ്താവിച്ചതാണ്. മന്ത്രിപ്രശ്നം അന്തരീക്ഷത്തിലുണ്ടാക്കിയ മാലിന്യവും കുന്നുകൂടിയത് മിച്ചം. നഗരസഭയും സര്‍ക്കാരും പരസ്പരം കുറ്റപ്പെടുത്തിയും വെല്ലുവിളിച്ചും കാലം തള്ളിനീക്കുകയാണ്. അതിനിടയിലാണ് കോടതിവിധിയും വന്നത്. പ്രശ്നത്തിന്റെ ഗൗരവം വിധി പ്രഖ്യാപിക്കുമ്പോള്‍ കോടതി കണക്കിലെടുത്തോ എന്നറിയില്ല. ജനങ്ങളെ വിസ്മരിച്ചുകൊണ്ട് അവരുടെ വികാരം ഗൗനിക്കാതെ ഒരു ഭരണകൂടത്തിനും കോടതിക്കും മുന്നോട്ടുപോകാനാവില്ലെന്ന സന്ദേശമാണ് വിളപ്പില്‍ശാല നല്‍കുന്നത്. ഇത് വനരോദനമായി കെട്ടടങ്ങില്ല. ഒറ്റപ്പെട്ട സംഭവമാകാനും പോകുന്നില്ല. കേരളമാകെ ഇതിന്റെ മാറ്റൊലിയുണ്ടാകും. ഒരുവിഭാഗം ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ മറ്റൊരു വിഭാഗത്തിന് ദുരന്തമാകാന്‍ ഇടയാക്കരുതെന്ന മുന്നറിയിപ്പുകൂടിയാണ് വിളപ്പില്‍ശാലയില്‍ നിന്നുയരുന്നത്. അതുകൊണ്ടുതന്നെ ഇത് ഒരു ചൂണ്ടുപലകയായി നിലകൊള്ളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: