ഭാരതീയസംസ്കൃതി എന്നും ഗുരു പാരമ്പര്യത്തിലധിഷ്ഠിതമാണ്. വെറും ദൈവവിശ്വാസത്തിന്റേതല്ല. ദൈവത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. എന്നാല്‍, ഋഷികളും ആത്മജ്ഞാനികളായ ആചാര്യന്മാരും അവതാരപുരുഷന്മാരുമെല്ലാം എക്കാലവും ഇവിടെ ആദരിക്കപ്പെട്ടിട്ടുണ്ട്. “ജീവിച്ചിരിക്കുന്ന ദൈവത്തെ ആരാധിക്കുമോ” എന്ന് ചിലര്‍ ചോദിക്കും. അവരോട് മറിച്ചും ചോദിക്കും; പിന്നെ ആരെയാണ് ആരാധിക്കേണ്ടത്? മരിച്ച ദൈവത്തെയാണോ? മൃത്യുവിനെയും നാം ആരാധിക്കാറുണ്ട്. പക്ഷേ, ജീവിതത്തെ അതിലേറെയും ആദരിക്കുന്നു. മൃത്യുവിന്റെ പടിവാതിക്കല്‍വരെ പോയി മുട്ടിവിളിക്കുവാനുള്ള ധൈര്യം കാട്ടിയ പൂര്‍വചരിത്രം ഇവിടെ മനുഷ്യനുണ്ട്. മനുഷ്യനിലില്ലാത്ത ദൈവികതയൊന്നും നാം എവിടെയും അംഗീകരിച്ചിട്ടില്ല. നമ്മുടെ ദൈവസങ്കല്പ്പം ഒരിക്കലും അന്യവ്യതിരിക്തമല്ല. മനുഷ്യനിലെ ദൈവികതയുടെ ആവിഷ്ക്കാരത്തിനായി എന്നും നാം ആശ്രയിച്ചത് ജീവിച്ചിരിക്കുന്ന മഹാജ്ഞാനികളെയാണ്.ആചാര്യന്മാരെയാണ്. അവര്‍ സത്യം ദര്‍ശിച്ചിട്ടുള്ളവരാണ്. നമ്മെ സത്യത്തിന്റെ പാതയില്‍ കൈതന്ന് നയിക്കാന്‍ ആശ്രയിക്കാവുന്നത് അവരെ മാത്രമാണ്. ദൈവം എവിടെയാണെന്ന് നമുക്ക് അറിയില്ല. എന്നാല്‍ യഥാര്‍ത്ഥ ദൈവം ഹൃദയത്തിലുണ്ടെന്ന് അറിഞ്ഞവര്‍ പറഞ്ഞുതന്നിട്ടുണ്ട്. അതിനാല്‍ അറിയാത്ത ദൈവത്തിന്റെ അശരീരിവാക്കുകള്ക്കല്ല, പൊരുളറിഞ്ഞ മഹാഗുരുക്കന്മാരുടെ അരുള്മൊഴികള്ക്കാണ് ഭാരതീയര്‍ എന്നും വിലകല്‍പ്പിക്കുന്നതും കാതോര്‍ക്കുന്നതും. അവര്‍ കാട്ടിത്തരുന്നത് മനുഷ്യദൈവത്തെയല്ല; മനുഷ്യരില്‍ മരിക്കാതിരിക്കുന്ന ദൈവത്തെയാണ്. മരിക്കുന്ന ശരീരത്തെയല്ല, മരണത്തിന്റെ അതിവര്ത്തനമായ ‘അമൃതത്ത്വ’മാണ് അവര്‍ വാഗ്ദാനം ചെയ്യുന്നത്.
സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കാനും അവരെ ധര്‍മത്തിന്റെയും ജ്ഞാനത്തിന്റെയും പാതയില്‍ കൈപിടിച്ച് നയിക്കാനും എന്നും തല്പ്പപരരായിരുന്നിട്ടുള്ളവര് മഹാഗുരുക്കന്മാരാണ്. ദൈവത്തിന്റെ പ്രശ്നം അവിടെ വരുന്നേയില്ല. ദൈവം അന്തരംഗത്തില്‍ അനുഭവനിഷ്ഠമായ സത്യമാണ്. അതിനു സഹായകമായി വര്‍ത്തിക്കുന്നത് അത്മജ്ഞാനിയായ ഗുരുവാണ്. ഉപനിഷദ് ആശയങ്ങളെല്ലാം ഏതെങ്കിലും ദൈവത്തിന്റെ തിരുമൊഴികളല്ല. അവയെല്ലാം ഗുരുശിഷ്യസംവാദങ്ങളും ഉപദേശങ്ങളും സൈദ്ധാന്തിക ചര്‍ച്ചകളുമാണ്. പലതും ഗുരുശിഷ്യന്മാരുടെ നേരിട്ടുള്ള പ്രശ്നോത്തരികളാണ്. സെമിറ്റിക് മതങ്ങളുടെ കാഴ്ചപ്പാടുകള്‍ വച്ചുകൊണ്ട് ചില വെളിച്ചപ്പാടന്മാര്, ഇന്ന ദൈവത്തെ മാത്രം, ഇന്ന മന്ത്രത്തെക്കൊണ്ടുമാത്രം ആരാധിച്ചാല്‍ മാത്രമേ ആരാധനയാകൂ എന്ന് ദുശാഠ്യം പിടിക്കും. ഏതെങ്കിലും ഒരു ദേവന്റെ മന്ത്രം ജപിച്ചാലേ ജപമാകൂ. ഏതെങ്കിലും ഒരു ദൈവത്തെ ഭജിച്ചാലേ മോചനം ലഭിക്കൂ എന്നൊക്കെ കരുതുന്നത് സെമിറ്റിക് മനോഭാവമാണ്. ഭാരതീയ ദൈവസങ്കല്പ്പമതല്ല. ഏത് മന്ത്രവുമാകാം. ഏത് ദൈവത്തെയും ഭജിക്കാം. അതെല്ലാം ആത്മജ്ഞാനിയായ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ശിഷ്യരും ഭക്തന്മാരും അനുഷ്ഠിക്കേണ്ടതാണ്. ഗുരുവിന്റെ നാമം ജപിക്കണമെന്നുണ്ടെങ്കില്‍ അതുമാകാം. ഒരു മന്ത്രവും ജപിക്കാതെയുമിരിക്കാം. ഒരു ദൈവത്തെയും ഭജിക്കാതിരിക്കുകയുമാകാം. ഭാരതീയര്‍ക്ക് ആരാധിക്കണമെങ്കില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട്. അതില്‍ പത്തെണ്ണം കൂടിയാലുംകുറെ കുറഞ്ഞാലും ആര്‍ക്കും പരാതിയില്ല. ദേവതകളും ഉപദേവതകളുമെല്ലാം ഗുണസവിശേഷതയാര്ന്ന മനോവൃത്തികളാണ്. ഏതെങ്കിലും ഒരു ദേവതയെ ഉദ്ദേശിച്ച് ആരാധനയോ ഉപാസനയോ ചെയ്യുമ്പോള്‍ ആ ഗുണവൃത്തിക്കനുസരണമായ ദേവതാനുഭവം ഉണ്ടാവാം. ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം പിണ്ഡാണ്ഡത്തിലും ഉള്ളതിനാല്‍ ഏതെങ്കിലും മനോവൃത്തിക്കനുസരണമായി ചെയ്യുന്ന ഉപസാനയ്ക്ക് ഹേതുവായി ആ ഗുണദേവതയുടെ മൂര്‍ത്തമായ സാക്ഷാത്ക്കാരം പ്രകൃതിയിലൂടെ കൈവരാം. എന്നാല്‍ അത്തരം അനുഭവങ്ങളൊന്നും ബ്രഹ്മജ്ഞാനവുമായി ബന്ധപ്പെടുത്താവുന്നതല്ല. സാധനാരോഹണത്തെ സഹായിക്കാമെന്ന് മാത്രം. ശ്രദ്ധഭക്തിവിശ്വാസങ്ങളുടെ ദൃഢതയ്ക്ക് ഉപകരിച്ചേക്കാം. അല്ലാതെ ബ്രഹ്മജ്ഞാനത്തിന് അവയൊന്നും നേരിട്ട് സഹായകമാവുന്നില്ല. സദ്വൃത്തികളായാലും ദുര്വൃത്തികളായാലും സമൂലമായ വൃത്തിനാശമാണ് ബ്രഹ്മസാക്ഷാത്കാരത്തിന് ഹേതു. അഥവാ ബ്രഹ്മകാര്യവൃത്തിയിലൂടെയേ ബ്രഹ്മജ്ഞാനത്തെ പുല്കൂ. യാജ്ഞവല്്ക്യന്, ദൈവങ്ങളെ മുപ്പത്തിമുക്കോടിയില്നിന്നും ഒന്നരയായി ചുരുക്കിക്കൊണ്ട് വന്നിട്ടും ഇവിടെ ആര്‍ക്കും പരാതിയുണ്ടായില്ല. കാരണം ഗുരുമുന്നിലുണ്ടെങ്കില് അവന്റെ ദൈവവും അവിടെയുണ്ട്. ഗുരുവിനെ ഈശ്വരനായിക്കരുതി ആരാധിക്കണമെന്നുതന്നെയാണ് ശാസ്ത്രവിധിയും. അതിന് പ്രത്യേകിച്ച് ആരോടും അനുമതി നേടേണ്ടതില്ല. ഗുരുവിനെ ആശ്രയിക്കാതെ ആത്മസാക്ഷാത്കാരം സാധ്യമല്ലതന്നെ.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: