കോതമംഗലം: വനത്തിനുള്ളില്‍ പിടിയാനയും കുഞ്ഞും വാരിക്കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തി. വടാട്ടുപാറ പലവന്‍പടി തോടിന് അക്കരെ കീരിത്തോടാണ് ആനയും കുഞ്ഞും വാരിക്കുഴിയില്‍ വീണത്. ഇന്നലെ രാവിലെ വനത്തിലെത്തിയ ഈറ്റവെട്ട് തൊഴിലാളികളാണ് വാരിക്കുഴിയില്‍ ആനകള്‍ വീണ കാര്യം പുറംലോകത്തെത്തിച്ചത്. ഏകദേശം പതിനാലടി താഴ്ചയുള്ള വാരിക്കുഴിയില്‍ വീണ ആനയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുന്നതിനുവേണ്ടി ശ്രമിച്ച് പരാജയപ്പെട്ട സംഘാംഗങ്ങളായ കൂട്ടാനകള്‍ വാരിക്കുഴിക്ക് ചുറ്റും ചിന്നം വിളിച്ച് നിലയുറപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനപാലകരും നാട്ടുകാരും ചേര്‍ന്ന് തള്ളയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുന്നതിനുവേണ്ടി കുഴിയോടനുബന്ധിച്ച് കാന കീറി വഴിയൊരുക്കുകയായിരുന്നു. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിന് കീഴിലെ പലവര്പടി വനഭാഗത്ത് പഴയകാലത്ത് ഉപയോഗിച്ചിരുന്ന നിരവധി വാരിക്കുഴികളില്‍ ചിലത് മൂടപ്പെടാതെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വാരിക്കുഴിയാണ് ആനക്കും കുഞ്ഞിനും കെണിയായത്. കോടനാട് ആനക്കളരിയിലേക്ക് മുന്‍കാലത്ത് ആനകളെ ഇവിടെനിന്നും വാരിക്കുഴിയില്‍ വീഴ്ത്തി പിടിച്ചുകൊടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സജീവമായിരുന്ന ആനപിടുത്തം പതിനഞ്ച് കൊല്ലം മുമ്പാണ് നിര്‍ത്തിയത്. മലയാറ്റൂര്‍ ഡിഎഫ്ഒ എന്‍.നാഗരാജന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകളെ കരക്ക് കയറ്റുന്നതിനുള്ള തീവ്രശ്രമം വൈകുന്നേരവും തുടരുകയാണ്. രാത്രിയോടെ ആനയും കുഞ്ഞും അടിയന്തരമായി തീര്‍ത്ത കാനവഴി കാട്ടിലേക്ക് കയറുമെന്ന കണക്കുകൂട്ടലിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: