ചെന്നൈ: ആഭ്യന്തരപ്രശ്നങ്ങള്‍ പ്രതിസന്ധിയിലാക്കിയ കേന്ദ്രസര്‍ക്കാരിന് ജനങ്ങളുടെ ജീവത്പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിത. സുപ്രധാനപ്രശ്നങ്ങളായ കാവേരി നദീജലതര്‍ക്കം പോലുള്ളവ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ജയലളിത ചൂണ്ടിക്കാട്ടി. സഖ്യകക്ഷികള്‍ തീര്‍ക്കുന്ന പ്രശ്നങ്ങള്‍ക്കിടെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാരിന് സമയം കിട്ടുന്നില്ലെന്നും ജയലളിത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. നയപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ സര്‍ക്കാര്‍ തളര്‍ച്ചയിലാണെന്നും ഇത് കാവേരി നദീജലതര്‍ക്കം പോലുള്ള ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിന് തടസ്സമാകുന്നെന്നും അവര്‍ പറഞ്ഞു.
കാവേരി നദീജല അതോറിറ്റിയുടെ മീറ്റിംഗ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മെയ് 19 ന് പ്രധാനമന്ത്രിക്ക് താന്‍ കത്തയിച്ചിരുന്നെന്നും എന്നാല്‍ കേന്ദ്രം ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ജയലളിത കുറ്റപ്പെടുത്തി. കാവേരി നദിയില്‍ നിന്ന് കര്‍ണ്ണാടകം അനധികൃതമായി ജലം ഉപയോഗിക്കുന്നത് തമിഴ്‌നാട്ടിലെ കൃഷിയെ സാരമായി ബാധിക്കുന്നുണ്ടെന്നും നദീജലതര്‍ക്കത്തിന് ഉടന്‍ പരിഹാരം കാണണമെന്നുമാണ് ജയലളിതയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: