ന്യൂദല്‍ഹി: 370-ാം വകുപ്പ് ജമ്മുകാശ്മീര്‍ ജനതക്കെതിരെ ഗൂഢാലോചന നടത്താനുള്ള ഉപാധിയാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെറ്റ്ലി. പ്രത്യേക ഭരണഘടനാ വകുപ്പ് പ്രകാരം ജനതയ്‌ക്ക് ഗുണത്തേക്കാളേറെ ദോഷമുണ്ടായത് ഇക്കാര്യം ശരിവെക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭാ പ്രതിപക്ഷ നേതാവുകൂടിയായ അരുണ്‍ ജെറ്റ്ലി ഇന്ത്യന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഡിസ്ക്കഷന്‍ ഓണ്‍ ദ ഇന്റര്‍ ലൊക്കേറ്റേഴ്സ് റിപ്പോര്‍ട്ട് ഓണ്‍ ജെ ആന്റ് കെ’ എന്ന പരിപാടിയില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിന്റെ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ജമ്മുകാശ്മീരിന് പ്രത്യേക പരിഗണന നല്‍കിയത്. എന്നാല്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത് നെഹ്‌റുവിയന്‍ വീക്ഷണങ്ങള്‍ കാശ്മീരിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചതായാണ്. അതിര്‍ത്തി ഭീകരവാദവും സാമ്പത്തിക വളര്‍ച്ചക്കേറ്റ പ്രഹരവുമാണ് കാശ്മീരിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിച്ച പ്രധാന ഘടകങ്ങള്‍. അതിര്‍ത്തി കടന്നുള്ള ഭീകരവാദം എന്ന് നില്‍ക്കുന്നുവോ അന്നേ കാശ്മീരില്‍ സമാധാനം പുലരുകയുള്ളൂ, ജെറ്റ്ലി അഭിപ്രായപ്പെട്ടു.
കാശ്മീര്‍ ജനതയ്‌ക്കാവശ്യം സമാധാനപരമായ ജീവിതമാണ്. ചില ആളുകള്‍ തെറ്റായ മാര്‍ഗത്തിലൂടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഭൂരിപക്ഷം പേരും സമാധാന കാംക്ഷികളാണ്. സാമ്പത്തിക പുരോഗതി കൈവരിച്ച് സമാധാനപരമായ ജീവിതം നയിക്കാന്‍ അവിടുത്തെ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ സഹായിക്കണമെന്നും അങ്ങനെ ആ ജനതയുടെ ഹൃദയം കവരാന്‍ രാജ്യത്തിനാകണമെന്നും എങ്കില്‍ മാത്രമേ കാശ്മീരില്‍ പ്രശ്നങ്ങള്‍ അവസാനിക്കുകയുള്ളൂവെന്നും ജെറ്റ്ലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: