ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെ ആയുധധാരികളായ ഒരു സംഘം ഭീകരര്‍ വെടിവെച്ചു കൊന്നു. ജനവാസ മേഖലയായ ഇച്ഛറയില്‍ രാവിലെയാണ് സംഭവം. ആക്രമണത്തില്‍ എട്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ലാഹോറിലെ ഖൈയിബീര്‍-പക്വദുഖ പ്രവിശ്യയില്‍നിന്നും ജയില്‍ ഗാര്‍ഡുമാരായി പരിശീലനം നേടുന്നതിനെത്തിയവരാണ് മരിച്ചതെന്ന് പോലീസ് ചീഫ് ഹബീബ്-ഉര്‍-റഹ്മാന്‍ അറിയിച്ചു.
പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് താമസിക്കുവാന്‍ എടുത്തുകൊടുത്ത കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കെട്ടിടത്തിനുള്ളില്‍ 35 പോലീസുകാരും ജയില്‍ ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആക്രമികളായ പത്തംഗ സംഘം ബൈക്കുകളിലെത്തി പരിശീലന ക്യാമ്പിലേക്ക് കയറി വെടിവെയ്‌ക്കുകയായിരുന്നു. സംഭവ സമയത്ത് കെട്ടിടത്തിനുള്ളില്‍ പോലീസുകാര്‍ ഉറങ്ങുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. മാരകായുധങ്ങളും തോക്കുകളും ഗ്രനൈഡുകളും ഉപയോഗിച്ചാണ് ഇവര്‍ ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. അതേസമയം പോലീസുകാര്‍ താമസിച്ച കെട്ടിടത്തില്‍ തീവ്രവാദികള്‍ സ്ഥാപിച്ച ബോംബ് സൈന്യം നിര്‍വീര്യമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലപ്പെട്ട പോലീസുകാരുടെ മൃതദേഹങ്ങള്‍ കെട്ടിടത്തിനുള്ളില്‍നിന്നും നീക്കിത്തുടങ്ങിയതായും രക്ഷാപ്രവര്‍ത്തനം തുടരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് ശേഷം പത്തംഗ സംഘം കാറിലും ബൈക്കുകളിലുമായി രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച പാക്കിസ്ഥാന്‍ സൈനിക ക്യാമ്പിന് നേരെയും ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ എട്ടു സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: