ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സ്വത്തില്‍ 1662 കോടി രൂപയുടെ വര്‍ധന. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെങ്കിലും പാര്‍ട്ടികള്‍ക്ക് ഇത്തരം പ്രതിസന്ധികളൊന്നുമില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്ന 2009 ലാണ് പാര്‍ട്ടികളുടെ സമ്പത്ത് കാര്യമായി കൂടിയത്. 2008-09 ല്‍ കോണ്‍ഗ്രസിന്റെ വരുമാനം 220 കോടിയായിരുന്നു. 2009-2010 ല്‍ ഇത് 400 കോടിയായി. ബിജെപിയാണ് തൊട്ടുപിന്നില്‍. ഇക്കാലയളവില്‍ 852 കോടി രൂപയാണ് പാര്‍ട്ടി സമാഹരിച്ചതെന്നും ആദായനികുതി വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.
പാര്‍ട്ടികള്‍ക്കെല്ലാം ഏറ്റവുമധികം വരുമാനം ലഭിച്ചത് തെരഞ്ഞെടുപ്പ് നടന്ന 2009 ല്‍ ആയിരുന്നു. ഇക്കാലത്ത് ബിജെപിയുടെ വാര്‍ഷിക വരുമാനം 124 കോടിയില്‍നിന്ന് 220 കോടിയായാണ് ഉയര്‍ന്നത്. 2010-11 ല്‍ 258 കോടിയായിരുന്നു. അതേസമയം, ജിഡിപി കുത്തനെ താഴ്‌ന്ന 2011-12 ല്‍ പാര്‍ട്ടികള്‍ക്കും മാന്ദ്യം അനുഭവപ്പെട്ടു. ഇക്കാലയളവില്‍ കോണ്‍ഗ്രസിന്റെ വരുമാനം 307 കോടിയായും ബിജെപിയുടേത് 168 കോടിയായും കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വരുമാനത്തിന്റെ കാര്യത്തില്‍ മായാവതിയുടെ ബിഎസ്പിയാണ് മൂന്നാം സ്ഥാനത്ത്. 2009 ല്‍ പാര്‍ട്ടിയുടെ വാര്‍ഷികവരുമാനം 70 കോടിയില്‍നിന്ന് 182 കോടിയായി ഉയര്‍ന്നു. 2011-12 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ സിപിഎം 335 കോടിയുടെ വരുമാനമുണ്ടാക്കി. എസ്പിക്ക് 200 കോടിയും എന്‍സിപിക്ക് 140 കോടിയുമായിരുന്നു ഇക്കാലയളവിലെ വരുമാനം.
വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ഒരു പാര്‍ട്ടിയും വരുമാനത്തിന്റെ സ്രോതസ്സ് വ്യക്തമാക്കിയിട്ടില്ല. സംഭാവനകളുടെ പട്ടികയിലാണ് ഭൂരിഭാഗവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ക്ക് ലഭിച്ചിരിക്കുന്ന വരുമാനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കേന്ദ്ര നികുതി ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: