കൊച്ചി: ആദര്‍ശ നിഷ്ഠയില്‍ അടിയുറച്ച സ്വയംസേവകനും ഏവര്‍ക്കും മാതൃകയായ പൊതുപ്രവര്‍ത്തകനുമായിരുന്നു ഡോ. എന്‍.ഐ. നാരായണനെന്ന് ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. എന്നും സംഘത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും കര്‍മ്മവും.
നാരായണന്‍സാറിന്റെ ചിന്തകള്‍ എപ്പോഴും ഹിന്ദുസമൂഹത്തിന്റെ ഉന്നതിക്കു വേണ്ടിയായിരുന്നു തുടിച്ചിരുന്നത്. ഹിന്ദുസമൂഹം നേരിടുന്ന പ്രശ്നങ്ങളെ പറ്റി സംഘത്തിനൊപ്പം ചിന്തിക്കുകയും സംഘടനാ പ്രവര്‍ത്തകരിലേക്ക് തന്റെ നിരീക്ഷണങ്ങളും ചിന്തകളും പകരുകയും ചെയ്യുന്നതില്‍ സദാ ശ്രദ്ധാലുവായിരുന്നു. ഹിന്ദുസമൂഹം നേരിടുന്ന വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും പഠിക്കുകയും അതിന്റെ വിശകലനങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് കൂടി ബോധ്യപ്പെടും വിധം അവതരിപ്പിക്കുകയും ചെയ്യുന്നതില്‍ അസാമാന്യ പാടവമാണ് നാരായണന് സാര്‍ പ്രകടിപ്പിച്ചിരുന്നത്.
ഹിന്ദുത്വത്തിന്റെ പ്രചാരണത്തിന് ആദിഭാഷയായ സംസ്കൃതത്തിനുള്ള പ്രധാനപങ്ക് ആദ്യം മുതല്‍ക്കെ മനസിലാക്കി അത് സംഘടനാവേദികളില്‍ അവതരിപ്പിക്കുകയും സംസ്കൃതത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അക്ഷരാര്‍ഥത്തില്‍ സംഘടനയ്ക്ക് തീരാനഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
സംഘത്തിന്റെയും സംഘപ്രസ്ഥാനങ്ങളുടെയും വളര്‍ച്ചക്ക് നിര്‍ണായക സംഭാവനകള്‍ നല്കാന് നാരായണന്‍സാറിന് കഴിഞ്ഞിട്ടുണ്ട്. ഹിന്ദുമഹാമണ്ഡലത്തില്‍ തുടങ്ങുന്ന അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന പാരമ്പര്യം ഒരര്‍ത്ഥത്തില്‍ ചരിത്രത്തിന്റെ ഭാഗമാണ്. തികഞ്ഞ പണ്ഡിതന്, നിപുണനായ ഭാഷ്യകാരന്‍, അതുല്യനായ അധ്യാപകന് എന്നീ നിലകളിലൊക്കെയുള്ള അദ്ദേഹത്തിന്റെ ജീവിതം പ്രേരണാദായകമാണ്, പി.ഇ.ബി. മേനോന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: