തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും മുസ്ലീം ലീഗിന്റെ മുന്നില്‍ മുട്ടുമടക്കുന്ന അവസ്ഥയിലാണെന്ന് ബിജെപി ദേശീയ നേതാവ് ഒ.രാജഗോപാല്‍. മുസ്ലീം ലീഗ് വിദ്യാഭ്യാസ വകുപ്പ് ഭരിച്ച് കുരങ്ങന്റെ കയ്യില്‍ പൂമാല കൊടുത്താലെന്തെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ അവകാശ നിഷേധത്തിനും ലീഗുവത്കരണത്തിനും എതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന സംസ്ഥാന ഭാരവാഹികളുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യമതേതര രാഷ്ട്രമായി ഭാരതത്തെ നിലനിര്‍ത്തണമെങ്കില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ അവകാശങ്ങള്‍ എല്ലാവരും മാനിക്കണം. എന്നാല്‍ അതിന് വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങളാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. എല്ലാവരുടെയും ഭരണഘടനാ പരമായ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ കേരളം വര്‍ഗീയ രാഷ്ട്രീയത്തിന്റെ പിടിയിലാണ്. കേരളത്തില്‍ ജനാധിപത്യമല്ല മതാധിപത്യമാണെന്ന് വെള്ളാപ്പള്ളി നടേശനെ പോലുള്ള നേതാക്കള്‍ പറയുന്നത് സത്യമാണ്. കേരളത്തിലെ ഹിന്ദുക്കള്‍ രണ്ടാംതരം പൗരന്മാരായി താഴ്ന്നുകൊണ്ടിരിക്കുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഈ അവഗണനയ്ക്കെതിരെ എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇന്നലെ വരെ തര്ക്കത്തിലേര്പ്പെട്ടിരുന്നവര് ഇന്ന് ഒത്തൊരുമിച്ചു ശബ്ദമുയര്‍ത്തുന്നത് അതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാപ്പ എന്നീ ത്രിമൂര്‍ത്തികള്‍ മാത്രം ചേര്‍ന്ന് കേരളം ഭരിക്കുന്നത് ഒട്ടും ആശാസ്യമല്ല. വിദ്യാഭ്യാസ വകുപ്പ് പരമ്പരാഗതമായി കയ്യില്‍ വച്ച് മുസ്ലീം ലീഗ് സാംസ്കാരിക കേരളത്തെ നശിപ്പിച്ചു. പൊതുസമൂഹത്തില്‍ മദ്യപാനം, ആത്മഹത്യ, സ്ത്രീപീഡനം, രാഷ്ട്രീയ കൊലപാതകം, കുറ്റകൃത്യങ്ങള്‍ എന്നിവ വര്‍ധിച്ചതിനു കാരണം വിദ്യാഭ്യാസത്തില്‍ വന്ന നിലവാര തകര്‍ച്ചയാണ്. വിദ്യാഭ്യാസം മനുഷ്യരെ സംസ്കരിക്കാനുള്ളതാണ്. അജ്ഞാനമാകുന്ന ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കു നയിക്കുകയാണ് അതിന്റെ ലക്ഷ്യം. ഈ ആശയത്തിന്റെ പ്രതീകമായ നിലവിളക്കു കൊളുത്തുന്നതിനെ മുസ്ലീം ലീഗ് നേതാക്കള്‍ വര്‍ഗീയതയായാണ് മനസിലാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തെ കച്ചവടച്ചരക്കായി മാത്രം കാണുന്നവര്‍ വലിയ തോതിലുള്ള അഴിമതിക്ക് കളമൊരുക്കും. സാംസ്കാരിക ചിഹ്നങ്ങളെ എതിര്‍ക്കുന്നവര്‍ വിദ്യാഭ്യാസ വകുപ്പു ഭരിക്കണമോ എന്ന് കേരളം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ മന്ത്രിസഭയല്ല മുസ്ലീം ലീഗാണ് ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നത്. ഈ സര്‍ക്കാരില്‍ 356 മിനിസ്റ്റീരിയല്‍ സ്റ്റാഫുകളെ നിയമിച്ചത് മുസ്ലീം ലീഗിന്റെ സമ്മര്‍ദത്തിന് വഴിപ്പെട്ടാണ്. ഇവിടെയെല്ലാം പട്ടിക വിഭാഗത്തിന് നിയമാനുസൃതമായി അനുവദിക്കപ്പെട്ട തസ്തികകള്‍ പോലും അട്ടിമറിച്ചു.
ഇതിനെതിരെ പ്രതിപക്ഷത്തു നിന്നും ആരും ഒരു ശബ്ദവും ഉയര്‍ത്തുന്നില്ല. കാരണം വോട്ടു ബാങ്കാണ്. ഇത് കേരളത്തില്‍ അസമത്വം വര്ധിക്കാനെ സഹായിക്കൂ. ലീഗിന്റെ മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കവാത്തു മറക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതിനെതിരെ പൊതുസമൂഹം ഉണരണം. ബിജെപി ആരംഭിച്ചിരിക്കുന്ന ഈ സമരം ബിജെപിയുടെ മാത്രം ആവശ്യമല്ല, പൊതു സമൂഹത്തിന്റെതു കൂടിയാണ്. ഈ ഉപവാസസമരം കേരളത്തിന്റെ ഭാവിയിലേക്ക് വ്യക്തമായ സന്ദേശം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: