കൊച്ചി: സാംസ്കാരികമായ ഉന്നതിയും സാമൂഹ്യപ്രതിബദ്ധതയും സാധ്യമാകാത്ത വിദ്യാഭ്യാസത്തിന് ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് എക്സൈസ്, തുറമുഖ മന്ത്രി കെ. ബാബു പറഞ്ഞു. സാക്ഷരതയും വിദ്യാഭ്യാസവും സാര്‍വത്രികമായിട്ടും സാംസ്കാരികമായി നാം എവിടെ നില്ക്കുന്നു എന്ന് കേരളീയ സമൂഹം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും അനുമോദിക്കുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ബ്രില്യന്റ്സ് ഫെസ്റ്റ് 2012 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരീക്ഷകളില്‍ മികവോടു കൂടി വിജയം കൈവരിച്ചെങ്കില്‍ മാത്രമേ തുടര്‍ വിദ്യാഭ്യാസത്തിലും ജീവിതത്തിലും വിജയികളാകാനാകൂ എന്ന് വിദ്യാര്‍ഥികള്‍ തിരിച്ചറിയണം. അടിസ്ഥാന വിദ്യാഭ്യാസത്തിന് പോലും സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് കുട്ടികളുള്ള രാജ്യത്ത് തങ്ങള്‍ക്ക് ലഭിച്ച സൗഭാഗ്യങ്ങളെ കുറിച്ചും ചിന്തിക്കണം. ദുര്‍ബല, പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരവും സൗകര്യങ്ങളും ലഭ്യമാക്കുന്നത് കടമയായി ഏറ്റെടുക്കാന്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ തയാറാകണമെന്നും കെ. ബാബു പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരും അധ്യാപകരും വിദ്യാര്‍ഥികളും നടത്തിയ കൂട്ടായ പരിശ്രമമാണ് അഭിമാനാര്‍ഹമായ നേട്ടത്തിന് ജില്ലയെ പ്രാപ്തമാക്കിയത്. ഈ പരിശ്രമം തുടര്‍ന്നാല്‍ ഡി പ്ലസ് രഹിത ജില്ലയെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ ജില്ല പഞ്ചായത്തിന് ബുദ്ധിമുട്ടുണ്ടാകില്ല. സര്‍ക്കാരില്‍ നിന്നും ജില്ല പഞ്ചായത്തിന് അനുവദിച്ചു കിട്ടിയ 12.5 കോടി രൂപ വിദ്യാഭ്യാസ മേഖലയില്‍ പശ്ചാത്തല സൗകര്യ വികസനത്തിന് നീക്കിവയ്ക്കാനാണ് ജില്ല പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് പി. കുന്നപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എം.എസ്. അബ്ദുള്‍ കലാം ആസാദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ. സോമന്, ബാബു ജോസഫ്, സാജിത സിദ്ധിഖ്, വത്സ കൊച്ചുകുഞ്ഞ്, തൃക്കാക്കര നഗരസഭ ചെയര്മാന് പി.ഐ. മുഹമ്മദലി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ആശ സനല്‍, ചിന്നമ്മ വര്‍ഗീസ്, എം.പി. രാജന്, നിഷ ടീച്ചര്‍, കെ.ജെ. ലീനസ്, അനുമോള്‍ അയ്യപ്പന്, നഗരസഭ കൗണ്‍സിലര്‍ വര്‍ഗീസ് പൗലോസ്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി, ഹയര്‍ സെക്കണ്ടറി മേഖല ഡപ്യൂട്ടി ഡയറക്ടര്‍ സെബിന്നിസ ബീവി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അസി. ഡയറക്ടര്‍ ലിജി ജോസഫ്, കെ.കെ. അബ്ദുള്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു. ഇന്റര്‍നാഷണല്‍ കോര്‍പ്പറേറ്റ് ട്രെയിനറായ എഡിസണ് ഫ്രാന്‍സ് നയിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: