“കഷ്ടകാലം പിടിച്ചവന് മൊട്ടയടിച്ചപ്പോള്‍ പെയ്യുന്നതെല്ലാം കല്ലുമഴ.” ഈ ചൊല്ലുപോലെയായി സിപിഎമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ. മിക്ക നേതാക്കളും ഒളിവിലാണ്. വെളിയിലുള്ളവര്‍ക്ക് പോലീസ് സ്റ്റേഷനും കോടതിയും ശരണം. പോലീസ് ഒരു ഭാഗത്ത്, മറുഭാഗത്ത് സിബിഐ. ജയിലിലുള്ള സഖാക്കള്‍ക്ക് ആശ്വസിക്കാം. കോടിയേരി മന്ത്രിയായപ്പോള്‍ ഗോതമ്പുണ്ട മാറ്റി. പകരം ചപ്പാത്തി കിട്ടുന്നു. അതിലും നന്നായി കിട്ടുന്നു കൊതുകു കടി.
‘കുലം കുത്തികള്‍’ കുളം കലക്കിക്കൊണ്ടിരിക്കുകയാണ്. കലങ്ങിത്തെളിയുമ്പോള്‍ പൊങ്ങിക്കാണുന്നതെന്തൊക്കെയാകുമോ ആവോ. ഇടുക്കി മണി പ്രഖ്യാപിച്ചതു പോലെ. “വണ്‍, ടു, ത്രീ” ഒരുപാടു പേരെ കൊന്നു തള്ളിയിട്ടുണ്ട്. പലരെയും കൊല്ലാക്കൊല ചെയ്തിട്ടുണ്ട്. അന്നൊന്നും ഇന്നത്തെ പോലെ പൊല്ലാപ്പുണ്ടായിട്ടില്ല. ഇന്നിതാ തൊട്ടവന് മാത്രമല്ല, തൊട്ടവനെ തൊട്ട സഖാവും വലയിലാകുന്നു. അല്ലറ ചില്ലറയല്ല. മൂത്ത, മുന്തിയ സഖാക്കള്‍ തന്നെ പോലീസിന്റെ വരവും ഭയന്നു നടക്കുകയാണ്. അങ്ങനെ പേടിച്ചു നടന്ന ഒരു സഖാവാണ് കൊയിലാണ്ടിയില്‍ വെള്ളിയാഴ്ച രാവിലെ പിടിയിലായത്. ജില്ലാ സെക്രട്ടേറിയറ്റു മെംബര്‍, എംഎല്‍എയുടെ ഭര്‍ത്താവ് പി.മോഹനന്. പോലീസ് പിടിച്ചേക്കുമെന്നു ഭയന്ന് ഒരു മാസത്തോളമായി പൊതു പരിപാടിയെല്ലാം ഉപേക്ഷിച്ച് വിശ്വസ്തരായ സഖാക്കളോടൊത്തു മാത്രം യാത്ര ചെയ്യുകയായിരുന്നു മോഹനന്. തസ്കരവീരന്മാരെ തുരത്തിപ്പിടിക്കുന്നതു പോലെയാണ് മോഹനനെ പൊക്കിയത്.
ഒഞ്ചിയത്തെ കൊലപാതകം കോലാഹലം സൃഷ്ടിച്ചതിനാല് പോലീസ് ജാഗ്രതയോടെ പ്രയത്നിച്ചു, പ്രവര്‍ത്തിച്ചു. ഇതേ പോലീസ് തന്നെയായിരുന്നു തലശ്ശേരിയിലെ ഫസലിന്റെ വധവും അന്വേഷിച്ചത്. അവര്‍ യഥാര്‍ഥ പ്രതികളെ പിടിക്കുമെന്നായപ്പോള്‍ രാഷ്ട്രീയ നീക്കം ചടുലമായി. ആഭ്യന്തര വകുപ്പ് സിപിഎം ഭരിക്കുമ്പോള്‍ സിപിഎമ്മിന്റെ താത്പര്യം മാത്രം പോലീസ് നോക്കിയാല്‍ മതിയല്ലൊ. അങ്ങിനെയാണ് ഫസലിന്റെ കൊലയാളികളെ പിടികൂടാന്‍ കേരളത്തിലെ പോലീസിന് കഴിയാതെ പോയത്. ഫസല്‍ വധിക്കപ്പെട്ട ഉടനെ ഓടിയെത്തിയ സിപിഎം നേതാക്കള്‍ പ്രചരിപ്പിച്ചത് കൊന്നത് ആര്‍എസ്എസുകാര്‍ എന്നാണ്. കേരളമാകെ ആ വാര്‍ത്ത കത്തിച്ചു. തലശ്ശേരിയില്‍ ഒരു മുസ്ലീമിനെ ആര്‍എസ്എസുകാര്‍ കൊന്നു എന്ന് പ്രചരിപ്പിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷത്ത് സിപിഎമ്മിനറിയാം. അവര്‍ പ്രതീക്ഷിച്ചിരുന്നതും അതാണ്. കത്തണം. കുത്തിമലര്‍ത്തണം. കലാപം ആളിപ്പടരണം. ആടുകള്‍ തമ്മിലടിക്കുമ്പോള്‍ ചോരനുണയാന്‍ കാത്തിരിക്കുന്ന കുറുനരിയെ പോലെ സഖാക്കള്‍ കാത്തിരുന്നു. പക്ഷേ ഫസലിന്റെ കുടുംബം തുടക്കം മുതലേ സംശയത്തിലായിരുന്നു. ഈ കൊലയ്ക്ക് പിന്നില്‍ ആര്എസ്എസുകാരനാകാനിടയില്ല. ആ തിരിച്ചറവുതന്നെയാണ് കേസന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഫസലിന്റെ ഭാര്യ മറിയു ഹൈക്കോടതിയിലെത്തുന്നത്.
മറിയുവിന്റെ ആവശ്യം കോടതി അംഗീകരിച്ചു. സിബിഐ കേസ് ഏറ്റെടുത്തു. ലഭിച്ച തെളിവുകളാകട്ടെ ഞെട്ടിപ്പിക്കുന്നതും. വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ സിപിഎം ബോധപൂര്‍വം ആസൂത്രണം ചെയ്താണ് ഫസലിനെ കൊന്നതെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഗൂഢാലോചനയുടെ ഭാഗമായി ഫസലിന്റെ രക്തത്തില്‍ മുക്കിയ തൂവാല ആര്‍എസ്എസ് നേതാവിന്റെ ബന്ധുവീടിന് സമീപം ഒളിപ്പിച്ചതും സിബിഐ കുറ്റപത്രത്തില്‍ എടുത്തുപറയുന്നുണ്ട്. സംഭവസ്ഥലത്തുനിന്ന് മൂന്ന് ബൈക്കുകളില്‍ പോയ കൊലയാളികള്‍ കാവിവസ്ത്രം ധരിച്ചിരുന്നതായും സിപിഎമ്മുകാര്‍ കള്ളപ്രചരണം നടത്തിയിരുന്നു. ദൃക്സാക്ഷികള്‍ എന്നുപറഞ്ഞ് കൊലയാളി സംഘത്തിലുണ്ടായിരുന്നവര്‍ എന്നു പറഞ്ഞ് കുറേ ആര്‍എസ്എസുകാരുടെ പേരും പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ കൊലയാളികളെ നേരിട്ടുകണ്ട ഒരു സ്ത്രീ പോലീസിന് മൊഴികൊടുക്കാതിരിക്കാന്‍ ഭീഷണി ഉപയോഗിച്ചു. പ്രലോഭനങ്ങളും നല്കി.
ഫസലിനെ വധിച്ചശേഷം തലശ്ശേരിയില്‍ ഹിന്ദുമുസ്ലീം വര്‍ഗീയ കലാപമുണ്ടാക്കി അന്വേഷണത്തെ വഴിതെറ്റിക്കാനും യഥാര്‍ഥ പ്രതികളെ രക്ഷിക്കാനും ലഹളയില്‍ നിന്ന് മുതലെടുക്കാനും സിപിഎം പദ്ധതി തയ്യാറാക്കിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. ആസൂത്രണം ചെയ്തവരില്‍ തലശ്ശേരിക്കാരായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാരായി ചന്ദ്രശേഖരനുമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരെ പ്രതിയാക്കുകയും ചെയ്തു. ഇതറിഞ്ഞ പ്രതികള്‍ ഒളിവില്‍പ്പോയി. ഒടുവില്‍ സിബിഐ കോടതിയില്‍ കീഴടങ്ങി. ഫസല്‍ വധക്കേസില്‍ ജില്ലയിലെ സമുന്നത നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ ജില്ലാസെക്രട്ടറി പി.ജയരാജന് ഈ കേസില്‍ പ്രതിയായാലും അത്ഭുതപ്പെടാനില്ല. ആസൂത്രണം ജില്ലാസെക്രട്ടറി അറിഞ്ഞുകൊണ്ടാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വ്യക്തമായ സൂചന. ഈ കേസില്‍ സിപിഎം നേതാക്കളെ ഒരു കാരണവശാലും സിബിഐക്ക് വിട്ടുകൊടുക്കില്ലെന്ന് നേരത്തെ നേതാക്കള്‍ വീമ്പുപറഞ്ഞിരുന്നു. കീഴടങ്ങിയ നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ സിബിഐ കോടതി അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. താല്‍ക്കാലികമായാണെങ്കിലും ഈ അനുമതി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
ഏതായാലും ഒരുകാര്യം വ്യക്തമാണ്. ലഹളയുണ്ടാക്കി കാര്യം നേടാന്‍ സിപിഎം മിടുക്കന്മാരാണ്. ഫസല്‍ വധവുമായി സിപിഎമ്മിനുള്ള ബന്ധവും ഗൂഢോദ്ദേശ്യവും വെളിച്ചത്തായതോടെ അതിനെ നിഷേധിക്കാന്‍ കൊണ്ടുപിടിച്ച പ്രചരണമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനവര്‍ ചൂണ്ടിക്കാണിക്കുന്നത് നാലുപതിറ്റാണ്ടുമുമ്പ് തലശ്ശേരിയില്‍ കലാപം ഉണ്ടായപ്പോള്‍ അത് പടരാതിരിക്കാനും അമര്‍ച്ച ചെയ്യാനും പ്രയത്നിച്ച പ്രസ്ഥാനം സിപിഎം ആണെന്നാണ്. ആ കലാപസമയത്ത് പള്ളിക്ക് കാവല്‍നിന്ന ഒരു സഖാവിനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊന്നു എന്ന കെട്ടുകഥ അവര്‍ പലതവണ പറഞ്ഞത് ഇത്തവണയും ആവര്‍ത്തിച്ചിരിക്കുന്നു. തലശ്ശേരി കലാപത്തിന്റെ കാര്യത്തില്‍ കല്ലുവച്ച നുണയും കെട്ടുകഥകളുമാണ് സിപിഎം നിരത്തിക്കൊണ്ടിരിക്കുന്നത്. തലശ്ശേരിയില്‍ കലാപം സൃഷ്ടിച്ചത് സിപിഎമ്മുകാരാണ്. കൊള്ളയും കൊള്ളിവയ്പ്പും നടന്നത് സിപിഎം കേന്ദ്രങ്ങളിലാണ്. കലാപം അന്വേഷിച്ച ജസ്റ്റില് വിതയത്തില്‍ കമ്മിഷനും അത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കമ്മിഷനു മുന്നില്‍ നല്കിയ തെളിവുകളെല്ലാം സിപിഎമ്മിനെതിരായിരുന്നു. കുറ്റബോധം കൊണ്ടാവണം ആ കമ്മിഷനെ ബഹിഷ്കരിച്ച ഒരേയൊരു രാഷ്ട്രീയകക്ഷി സിപിഎം ആണ്.
1971 ഡിസംബര്‍ 28നാണ് തലശ്ശേരിയില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്. ഒരാഴ്ചയോളം അക്രമങ്ങള്‍ നീണ്ടു. ആരാധനാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 569 കേസുകളാണ് അന്ന് ചാര്‍ജ്ജ് ചെയ്യപ്പെട്ടത്. തലശ്ശേരി 334, ചൊക്ലി 47, കൂത്തുപറമ്പ് 51, പാനൂര്‍ 62, ഇടയ്ക്കാട് 12, കണ്ണൂര്‍ 1, മട്ടന്നൂര്‍ 3, ധര്‍മ്മടം 59. അന്ന് ആര്‍എസ്എസിന് പ്രവര്‍ത്തനമുണ്ടായിരുന്നത് തലശ്ശേരിയിലെ ഒന്നു രണ്ട് സ്ഥലങ്ങളില്‍ മാത്രമാണ്. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ സ്വാധീന കേന്ദ്രങ്ങളിലാണ് അക്രമങ്ങള്‍ നടന്നത്. അതുകൊണ്ടു തന്നെ മുസ്ലീങ്ങള്‍ക്കെതിരെ അക്രമം നടത്തിയത് ആര്എസ്എസുകാരാണെന്നത് പെരും നുണയും നീതിക്കു നിരക്കാത്തതുമാണ്. ഒരു നുണ നൂറാവര്‍ത്തിച്ചാല്‍ സത്യമായി ധരിക്കുമെന്ന ഗീബത്സിയന്‍ തന്ത്രമാണ് സിപിഎം അനുവര്‍ത്തിച്ചു പോരുന്നത്.
സിപിഎം നേതാക്കള്‍ കലാപസമയത്ത് കൊടിവച്ച കാറില്‍ അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം നല്കിയത്രെ ! ഇത് ആര്‍എസ്എസുകാരെ പിന്തിരിപ്പിക്കാനാണോ ? സിപിഎം വന്നു പറഞ്ഞാല്‍ ഉടനെ അനുസരിക്കുന്ന അനുയായികളാണ് ആര്‍എസ്എസിനുള്ളത് എന്ന് സിപിഎം നേതാക്കള്‍ ധരിച്ചു വച്ചിരിക്കുകയാണോ ? അവരെത്തിയത് സിപിഎം അണികളോട് അഭ്യര്‍ഥന നടത്താനാണ്. ഇതിനര്‍ഥം കലാപകാരികള്‍ സ്വന്തം സഖാക്കള്‍ തന്നെയാണെന്നാണ്. യു.കെ.കുഞ്ഞിരാമന് എന്ന സഖാവ് മെരുവമ്പായി പള്ളിക്ക് കാവല്‍ നില്ക്കുമ്പോള് ആര്‍എസ്എസുകാര്‍ കുത്തിക്കൊന്നു എന്ന പ്രചരണം എത്രമാത്രം മ്ലേച്ഛമാണ് എന്ന് സംഭവങ്ങളെ കുറിച്ച് അന്ന് നേരിട്ടറിഞ്ഞവരും കാര്യങ്ങള്‍ മനസിലാക്കിയവരും തിരിച്ചറിയും.
1972 ജനുവരി 4നാണ് യു.കെ.കുഞ്ഞിരാമന് കൊല്ലപ്പെടുന്നത്. അത് പള്ളിയുടെ മുമ്പില്‍ വച്ചല്ല. കൂത്തുപറമ്പ്-മട്ടന്നൂര്‍ റൂട്ടില്‍ നീര്‍വേലി എന്ന സ്ഥലത്തു വച്ചാണ്. അവിടെ അളകാപുരി എന്നൊരു കള്ളുഷാപ്പുണ്ടായിരുന്നു. ആ കള്ളുഷാപ്പിലെ തര്‍ക്കമായിരുന്നു കൊലയിലെത്തിയത്. ആ കൊലക്കേസിലെ പ്രതികളൊന്നു പോലും ആര്‍എസ്എസുകാരായിരുന്നില്ല. പി.ആര്.കുറുപ്പിന്റെ അനുയായി ആയിരുന്ന സോഷ്യലിസ്റ്റു പാര്‍ട്ടിയില്‍ പെട്ട ആര്.കെ.ബാലകൃഷ്ണനായിരുന്നു ഒന്നാം പ്രതി. അയാളൊരു കാലത്തും ആര്‍എസ്എസുമായി ബന്ധപ്പെട്ടിരുന്നില്ല. വിതയത്തില്‍ കമ്മീഷന് സിപിഎമ്മിനെ കുറ്റവിമുക്തമാക്കി എന്ന പ്രസ്താവനകളും ശുദ്ധ അസംബന്ധമാണ്. എല്ലാ രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ടവരും അക്രമങ്ങളില്‍ പങ്കാളികളായിട്ടുണ്ട് എന്ന് കമ്മീഷന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിപിഎമ്മിന്റെ ലീഗ് വിരുദ്ധ പ്രചരണം മുസ്ലീം വിദ്വേഷം ജനിപ്പിച്ചു എന്ന് കമ്മീഷന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കമ്മീഷനു മുമ്പില്‍ സിപിഐയുടെ അന്നത്തെ ജില്ലാ സെക്രട്ടറി കെ.ശ്രീധരന് നല്കിയ സത്യവാങ്ങ് മൂലത്തില്‍ അക്രമം സിപിഎം ആസൂത്രണം ചെയ്തതാണെന്ന് ബോധിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ചു വച്ചു കൊണ്ടാണ് ഫസല്‍ വധം വിവാദമായപ്പോള്‍ ഞങ്ങള്‍ മുസ്ലീം സംരക്ഷകരാണെന്ന് മേനി നടിക്കാന്‍ തലശ്ശേരി സംഭവത്തെ തെറ്റായി ഉദ്ധരിക്കുന്നത്. ഇതു കൊണ്ടൊന്നും സിപിഎമ്മിനെ പിടികൂടിയ ശനിദശ തീരാന്‍ പോകുന്നില്ല. ഒന്നിനു പുറകെ മറ്റൊന്ന് എന്ന വിധം സിപിഎമ്മിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഷുക്കൂര്‍ വധം, ടി.പി വധം, അതിനു പിന്നാലെ ഇടുക്കിയിലെ മണി നിരത്തിയ നടുക്കുന്ന കൃത്യങ്ങള്‍.
കാരായി ഇരട്ടകളെ സിബിഐ കസ്റ്റഡിയില്‍ വിട്ടതും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി നല്കിയ അപേക്ഷ കോടതി തള്ളിയതും ഇതിനെ ന്യായീകരിച്ച് വി.എസ്.അച്യുതാനന്ദന് പ്രതികരിച്ചതും പാര്ട്ടിക്കേല്പിക്കുന്ന പരിക്ക് ചില്ലറയല്ല. അരഞ്ഞാണം പോലും പാമ്പായി കടിക്കുന്ന അവസ്ഥയിലായിരിക്കുന്നു പാര്‍ട്ടി. ഫസലിന്റെ ഭാര്യ തുനിഞ്ഞിറങ്ങിയില്ലായിരുന്നു എങ്കില്‍ ആ കൊലക്കേസ് ആര്‍എസ്എസുകാരന്റെ തലയില്‍ തന്നെ ഇന്നും നില്ക്കുമായിരുന്നു. നേര് ചികഞ്ഞെടുക്കാന്‍ സിബിഐയെ പ്രേരിപ്പിച്ചത് മറിയു ആണ്. മറിയുവിന് എത്ര നന്ദി പറഞ്ഞാലും അധികമാകില്ല.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: