പത്തനംതിട്ട: പട്ടികജാതി-വര്‍ഗ്ഗ ക്ഷേമത്തിനായി വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും മൃതദേഹങ്ങള്‍ വിധിയാംവണ്ണം സംസ്ക്കരിക്കാന്‍ ഇടമില്ലാതെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നു. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ സ്ഥിതി ഇതാണ്.
പത്തനംതിട്ട ജില്ലയില്‍ അഞ്ചുകുടുംബങ്ങള്‍ വീതം താമസിക്കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ കണക്കനുസരിച്ച് ആയിരത്തിഎഴുനൂറിലേറെ പട്ടികജാതി കോളനികളാണുള്ളത്. ഇവയില്‍ ഒന്നേകാല്‍ ലക്ഷത്തോളം കുടുംബങ്ങള്‍ താമസിക്കുന്നു. ആയിരത്തിഎഴുനൂറിലേറെ പട്ടികജാതികോളനികളുള്ളതില് നാമമാത്രമായ സ്ഥലങ്ങളില്‍ മാത്രമാണ് മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ ശ്മശാനങ്ങളുള്ളത്.
രണ്ടും മൂന്നും സെന്റും ഭൂമി സ്വന്തമായുള്ളവരും റോഡ് പുറമ്പോക്കുകളിലും പാറക്കെട്ടുകളിലും മറ്റും താമസിക്കുന്നവരാണ് ഇക്കൂട്ടരിലേറെയും. അതുകൊണ്ടുതന്നെ ഇവരുടെ കുടുംബങ്ങളില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ തങ്ങളുടെ ആചാര വിധിപ്രകാരം സംസ്ക്കരിക്കാന്‍ കഴിയാറില്ല.
മൂന്ന് നഗരസഭകളും 54 ഗ്രാമപഞ്ചായത്തുകളും ഉള്ള പത്തനംതിട്ട ജില്ലയില്‍ പൊതുശ്മശാനങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്. പല ഗ്രാമപഞ്ചായത്തുകളിലും പൊതുശ്മശാനത്തിന് വേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയുന്നില്ല. അതതുകാലത്തെ പഞ്ചായത്ത് ഭരണസമിതികള്‍ അനുയോജ്യമായ സ്ഥലം ശ്മശാനത്തിന് കണ്ടെത്താതെ ചില സ്ഥാപിതതാല്പര്യങ്ങളുടെ പേരില്‍ ഭൂമി ഏറ്റെടുക്കുന്നതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നത്.
മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ ഇടമില്ലാത്തതുകൊണ്ട് വീടിനുള്ളില്‍തന്നെ അവ സംസ്ക്കരിക്കേണ്ടിവരുന്ന സംഭവങ്ങള്‍ ജില്ലയില്‍ വര്‍ദ്ധിക്കുകയാണ്. കിടപ്പുമുറിയും അടുക്കളയുമൊക്കെ പൊളിച്ചുനീക്കി തങ്ങളുടെ ഉറ്റവര്‍ക്ക് ചിതയൊരുക്കേണ്ടുന്ന ഗതികേടിലാണ് ഇവര്‍. തിരുവല്ല പാലിയേക്കര ചരിവു പുരയിടം കോളനിയില്‍ വീട്ടു നമ്പര്‍ 531 ല്‍ സുജിത് ഭവനത്തില്‍ ബാബു(55) നെ വീടിന്റെ കിടപ്പുമുറിയില്‍ ചിതയൊരുക്കി സംസ്ക്കരിച്ചതാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. തിരുവല്ല നഗരസഭ ശ്മശാന നിര്‍മ്മാണത്തിനായി അരക്കോടിയിലേറെ രൂപ ചിലവഴിച്ചെങ്കിലും ഇതുവരെ ശ്മശാനം പ്രവര്‍ത്തന സജ്ജമായില്ല. ഉറ്റവരെ വിധിയാംവണ്ണം സംസ്ക്കരിക്കാന്‍ ഇടമില്ലെന്ന നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് പട്ടികജാതി -വര്‍ഗ്ഗവിഭാഗങ്ങളെ മതപരിവര്‍ത്തനം ചെയ്യുന്ന സംഭവങ്ങളുമുണ്ട്. പള്ളിസെമിത്തേരികളില്‍ മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ സൗകര്യം ലഭിക്കുമെന്നതിനാല്‍ മതപരിവര്‍ത്തനത്തിന് വിധേയമാകുന്ന പട്ടികജാതി കുടുംബങ്ങളും ജില്ലയില്‍ ഏറെയുണ്ട്. പട്ടികജാതി ക്ഷേമത്തിനായി കോടിക്കണക്കിന് രൂപ ബജറ്റില്‍ നീക്കിവെയ്ക്കുകയും അതില്‍ മുക്കാല്‍ പങ്കും ചിലവഴിക്കാതെ ലാപ്സായി പോകുകയും ചെയ്യുമ്പോഴാണ് അന്തിയുറങ്ങുന്ന കൂരപൊളിച്ച് ഉറ്റവര്‍ക്ക് അന്ത്യവിശ്രമം ഒരുക്കാന്‍ ഇവര്‍ വിധിക്കപ്പെടുന്നത്.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: