പെരുമ്പാവൂര്‍: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ഭൂരിപക്ഷ സമുദായങ്ങളോട് കഴിഞ്ഞ 56 വര്‍ഷക്കാലമായി ഇടത്-വലത് മുന്നണികള്‍ സ്വീകരിച്ചുപോന്ന അവഗണന തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് നെയ്യാറ്റിന്‍കരയില്‍ ബിജെപിക്ക് വോട്ട് വര്‍ധനയുണ്ടാകാന്‍ കാരണമെന്ന് സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. പെരുമ്പാവൂരില്‍ നടന്ന മൂവാറ്റുപുഴ മേഖലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ കേന്ദ്രീകൃതമായ രാഷ്ട്രീയവും ഭരണവുമാണ് ഇരുമുന്നണികളും കാഴ്ചവച്ചിരുന്നത്. കൊലപാതക രാഷ്ട്രീയത്തെ തടയുമെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മതതീവ്രവാദ രാഷ്ട്രീയത്തെ എതിര്‍ക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം കേരളത്തിലെ ആശാസ്യപ്രവര്ത്തനങ്ങളുടെ ഒടുവിലത്തെ സംഭവമാണ്. യുഡിഎഫ് എന്നാല്‍ ലീഗിന്റെ സ്വാധീനത്തിലും നിയന്ത്രണത്തിലും പോകുന്ന മുന്നണിയാണെന്നും ലീഗ് തലപൊക്കുമ്പോഴൊക്കെ കേരളത്തില്‍ മതതീവ്രവാദവും ശക്തിപ്പെടുന്നത് പതിവാണെന്നും മുരളീധരന് പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍ യത്തീംഖാനകള്‍ക്ക് എയ്ഡഡ് സ്കൂള്‍ പദവി അനുവദിച്ചതുവഴി അധികാര ദുര്‍വിനിയോഗം നടത്തിയ വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണം. ഇതുവഴി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത് ഭൂരിപക്ഷ സമൂഹമാണെന്നും നെയ്യാറ്റിന്‍കരയില്‍ ഇത്തരം സമൂഹങ്ങള്‍ അനുകൂലമായി പ്രതികരിച്ചതോടെ ബിജെപിയുടെ വോട്ട് ആറ് ശതമാനത്തില്‍നിന്നും 23 ശതമാനമായി ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ് അധ്യക്ഷത വഹിച്ച നേതൃസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, ദേശീയ സമിതി അംഗം അഡ്വ. കെ.ആര്.രാജഗോപാല്‍, ജില്ലാ നേതാക്കളായ എം.എന്‍.മധു, എന്‍.പി.ശങ്കരന്‍കുട്ടി, പി.പി.സജീവ്, ടി.പി.മുരളീധരന്, നെടുമ്പാശ്ശേരി രവി, സരള പൗലോസ്, മണ്ഡലം ഭാരവാഹികളായ എംജി.ഗോവിന്ദന്‍കുട്ടി, കെ.ആര്.രഞ്ചിത്, കെ.കെ.ദിലീപ് കുമാര്‍, വി.എസ്.സത്യന്, വി.എന്‍.വിജയന്, കര്‍ഷകമോര്‍ച്ച നേതാവ് എന്‍.വാസുദേവന്‍, കെ.ജി.പുരുഷോത്തമന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: