യുഡിഎഫ് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാമമാത്ര മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്ലീംലീഗിന്റെ പാവമുഖ്യമന്ത്രിയാണെന്ന് തെളിയിച്ച് മലപ്പുറത്തേക്ക് 35 യത്തീംഖാനകള്‍ക്ക് എയ്ഡഡ് പദവി നല്കാന് സര്‍ക്കാര്‍ സങ്കോചലേശമെന്യേ തയ്യാറായിരിക്കുകയാണ്. ഈ 35 സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്ന മന്ത്രിസഭാ തീരുമാനത്തെ തീര്‍ത്തും അവഗണിച്ചാണ് ലീഗിന്റെ എയ്ഡഡ് സ്കൂളുകള്‍ ആക്കാനുള്ള തീരുമാനം വിവാദപുരുഷനായ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചത്. മുസ്ലീംലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങള്‍ വകുപ്പ് സഹിതം അഞ്ചാംമന്ത്രി പ്രഖ്യാപനം നടത്തി കോണ്‍ഗ്രസിനെ തൃണവല്‍ക്കരിച്ച ശേഷം നടത്തിയിരിക്കുന്ന ഈ വിവാദ പ്രഖ്യാപനം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും യുഡിഎഫ് ഘടകകക്ഷികളില്‍നിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് അച്യുതാനന്ദനും പത്രസമ്മേളനത്തില്‍ പറഞ്ഞത് ഇത് ഇടതുസര്‍ക്കാര്‍ എടുത്തിരുന്ന തീരുമാനത്തിന് വിരുദ്ധമായ നടപടിയാണെന്നാണ്. എന്നിട്ടും ലജ്ജാലേശമെന്യേ ഉമ്മന്‍ചാണ്ടി ഈ തീരുമാനം ഇടതുകക്ഷിയുടെ തലയില്‍ കെട്ടിവെക്കാന്‍ വിഫലമായ ശ്രമം നടത്തുകയാണ്. മുസ്ലീംലീഗിന്റെ തന്നിഷ്ടത്തിന് വഴങ്ങി കെപിസിസി നേതൃത്വത്തോടോ യുഡിഎഫിനോടോ ആലോചിക്കാതെ എടുത്ത ഈ രണ്ടാമത്തെ നടപടി നേതൃത്വത്തെയും പ്രകോപിപ്പിച്ചിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് വക്താവ് എം.എം. ഹസ്സനും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു.
തന്റെ പാവ ഭരണവും മുഖ്യമന്ത്രിസ്ഥാനവും ഉറപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ഏതറ്റംവരെ താഴാനും തയ്യാറാകുമെന്നതിന്റെ രണ്ടാമത്തെ തെളിവാണ് ഈ എയ്ഡഡ് സ്കൂള്‍ പദവി. ഏരിയ ഇന്റന്‍സീവ് പ്രോഗ്രാമിന് കീഴില്‍ മലപ്പുറത്ത് തുടങ്ങിയ 35 സ്കൂളുകളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വിജ്ഞാപനം വന്ന ശേഷമാണ് ഇവ എയ്ഡഡ് സ്കൂള്‍ ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു എന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം. ഈ നടപടിക്കെതിരെ കെഎസ്യുവും അനുകൂലമായി ലീഗ് സംഘടനയും രംഗത്തെത്തി പരസ്പരം ചീത്ത വിളിച്ചുകഴിഞ്ഞു. കേന്ദ്രം തുടങ്ങിയ പദ്ധതി നിര്‍ത്തിവെച്ചപ്പോഴാണ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതാണ് മുസ്ലീംലീഗ് അട്ടിമറിച്ച് ടീച്ചര്‍ നിയമനത്തിന് വന്‍ കോഴ കൈപ്പറ്റാനുള്ള അവസരമൊരുക്കി ഈ സ്കൂളുകള്‍ എയ്ഡഡ് മേഖലയിലാണെന്ന് പ്രഖ്യാപിച്ചത്. ഇവിടെ അധ്യാപകര്‍ക്ക് അടിസ്ഥാന ശമ്പളമാണ് നല്‍കുന്നത്. അധ്യാപക നിയമനത്തിന് കെടിആര്‍ ബാധകമാക്കിയിട്ടുമുണ്ട്. ഈ തീരുമാനവും എയ്ഡഡ് പദവി അനുവദിക്കുന്നത് മുന്നില്‍ കണ്ട നീക്കമായിരുന്നു. എയ്ഡഡ് പദവി ലഭിച്ചാല്‍ ഇനി വരുന്ന അധ്യാപക ഒഴിവുകളില്‍ മാനേജ്മെന്റിന് വന്‍ കോഴ വാങ്ങി നിയമനം നടത്താം. കോഴിക്കോട് യൂണിവേഴ്സിറ്റിയില്‍ മുസ്ലീംലീഗ് നടത്തിയ അഴിമതി അഴിഞ്ഞാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കേരളം ഈ 35 സ്കൂളുകളുടെ എയ്ഡഡ് പദവിയുടെ പിന്നിലെ കള്ളക്കളിയും തിരിച്ചറിയുന്നുണ്ട്.
ഇപ്പോള്‍തന്നെ മുസ്ലീംലീഗിന്റെ സര്‍വാധിപത്യത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും അതൃപ്തരാണ്. ഇപ്പോള്‍ ഒരു ക്രിസ്ത്യന്‍ വിഭാഗവും ന്യൂനപക്ഷം എന്നാല്‍ മുസ്ലീങ്ങള്‍ മാത്രമല്ല എന്നും തങ്ങളും അവഗണന നേരിടുകയാണെന്നും പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ എന്‍എസ്എസ് അവഗണിക്കപ്പെടുന്നു എന്ന ആരോപണം നേരത്തെതന്നെ ഉയര്ത്തപ്പെട്ടിരുന്നതാണ്. വികസനം മലബാര്‍ കേന്ദ്രീകൃതമാകുന്നതിന്റെ പിന്നിലും ലീഗിന്റെ അപ്രമാദിത്വമാണെന്ന ആരോപണവുമുണ്ട്. മുസ്ലീംലീഗ് എന്നാല്‍ കുഞ്ഞാലിക്കുട്ടി എന്ന സമവാക്യമാണ് ഇന്ന് രാഷ്ട്രീയ യാഥാര്‍ത്ഥ്യം. വിദ്യാഭ്യാസവകുപ്പ് സ്വജനപക്ഷപാതത്തിനും കച്ചവടത്തിനുമാണ് എന്ന അഭിപ്രായവും വ്യാപകമാണ്. ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം ആറ് ജില്ലകളിലാണ് പ്രവര്‍ത്തിക്കുന്നത്. എയ്ഡഡ് സ്കൂള്‍ തീരുമാനം ഇപ്പോള്‍ മലപ്പുറത്തെ 35 സ്കൂളിനെപ്പറ്റിയാണ്. 238 അധ്യാപകരാണ് ഈ സ്കൂളുകളിലുള്ളത്.
ഇവരുടെ തസ്തികകളിലേക്കുള്ള നിയമനം അധ്യാപകബാങ്കില്‍നിന്ന് നടത്തുന്നതിന് പകരം സ്വന്തം നിലയില്‍ നടത്താനും മുഖ്യമന്ത്രി കനിഞ്ഞ് അനുമതി നല്‍കിയിരിക്കുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച അധ്യാപക ബാങ്ക് പദ്ധതി ജനപ്രീതി ആര്‍ജിച്ചിരുന്നു. വിദ്യാഭ്യാസവകുപ്പിനെ സ്വന്തം വ്യവസായമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു എന്ന കെഎസ്യുവിന്റെ ആരോപണം ഈ പശ്ചാത്തലത്തില്‍ അടിസ്ഥാനരഹിതമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: