പള്ളുരുത്തി: കണ്ടെയ്നര്‍ ലോറി ഡ്രൈവറെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വല്ലാര്‍പാടത്ത് കണ്ടെയ്നര്‍ ജീവനക്കാര്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ പണിമുടക്കി. ലോറി ഡ്രൈവറായ പ്രജീഷി(35)നാണ് മര്‍ദ്ദനമേറ്റത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. പ്രജീഷ് ലോറിയുമായി വല്ലാര്‍പാടം ടെര്‍മിനലിലേക്ക് പോകുമ്പോള്‍ എതിരെവന്ന പോലീസ് ജീപ്പ്പുമായി കൂട്ടിമുട്ടി. സംഭവത്തെത്തുടര്‍ന്ന് ജീപ്പ്പിലുണ്ടായിരുന്ന എസ്ഐ ഡ്രൈവറെ പോലീസ് ജീപ്പ്പില്‍ ബലം പ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി പോലീസ്സ്റ്റേഷനില്വച്ച് ക്രൂരമര്‍ദ്ദനം നടത്തുകയായിരുന്നു. ബന്ധപ്പെട്ടവര്‍ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടുവെങ്കിലും തൊഴിലാളിയെ വിട്ടുകൊടുക്കുവാന്‍ എസ്ഐ തയ്യാറായില്ല.
തുടര്‍ന്ന് ടെര്‍മിനലില്‍ ബിഎംഎസ് പണിമുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ടെര്‍മിനലിലെ ചരക്കുനീക്കം തടസപ്പെട്ടു. എസ്ഐയുടെ ധിക്കാരപരമായ നടപടിയില്‍ ബിഎംഎസ് ശക്തമായി പ്രതിഷേധിച്ചു.
തുടര്‍ന്ന് അസി. പോലീസ് കമ്മീഷണര്‍ സുനില്‍ ജേക്കബ് യൂണിയന് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ഉറപ്പും നല്കി. ഇതിനിടയില്‍ രണ്ടുപേരുടെ ജാമ്യത്തില്‍ കസ്റ്റഡിയിലെടുത്ത പ്രജീഷിനെ എസ്ഐ വിട്ടയച്ചു. ഇയാളെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് സിഐയുടെ നേതൃത്വത്തില്‍ തൊഴിലാളിയുടെ മൊഴിയെടുത്തു. വൈകിട്ട് 4 മണിയോടുകൂടി തൊഴിലാളികള്‍ സമരത്തില്‍നിന്നും പിന്മാറി. തൊഴിലാളികള്‍ പ്രതിഷേധപ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: