പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി ബാങ്ക് ജോലിയില്‍നിന്നും വിരമിച്ച ശേഷം വക്കീല്‍ കുപ്പായം അണിയുന്നു എന്ന വാര്‍ത്ത സ്ത്രീകള്‍ക്ക് പ്രചോദനകരമായിരുന്നു. സാധാരണ പെന്ഷന് പറ്റിയവരില്‍ ഭൂരിപക്ഷവും സ്ത്രീകളായാലും പുരുഷന്മാരായാലും വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ് പതിവ്. അറുപത് കഴിഞ്ഞവര്‍ യുവ വൃദ്ധന്മാരാണ്. പക്ഷെ ഷഷ്ഠിപൂര്‍ത്തി എന്ന ആഘോഷം ജീവിതത്തിന് കര്ട്ടണ് വലിച്ചിടുന്നതായാണ് അനുഭവം. സ്വന്തമായി ബിസിനസോ മറ്റ് സംരംഭമോ ഉള്ളവര്‍ക്ക് ജീവിതത്തില്‍ നാഴികക്കല്ലുകളില്ല. അതൊരു ഇന്റര്‍വെല്‍ ഇല്ലാത്ത തുടര്‍ക്കഥയാണ്. അല്ലാത്തവര്‍ മാനസികമായി അഗതികളാകുന്നു.
സ്ത്രീകള്‍ ഒരേസമയം ഉദ്യോഗസ്ഥകളും വീട്ടമ്മമാരുമാണ്. ‘മള്‍ട്ടി ടാസ്കിംഗ്’ സ്ത്രീകള്‍ക്ക് ദൈവം നല്‍കിയിരിക്കുന്ന വരദാനമായതിനാല്‍ അവര്‍ ഒരേസമയം അമ്മയും ഭാര്യയും വീട്ടുജോലിക്കാരിയും പിന്നെ ഉദ്യോഗസ്ഥയുമാണ്. അതുകൊണ്ടുതന്നെ റിട്ടയര്‍ ചെയ്യുന്നവര്‍ വീട്ടുജോലിയില്‍ ഒതുങ്ങി, അടുത്ത തലമുറ രംഗപ്രവേശം ചെയ്യുമ്പോള്‍ വീടിന്റെ കോണുകളില്‍ ഒതുങ്ങി, ഒറ്റപ്പെട്ട്, വിഷാദരോഗിയായി, രോഗിണിയായി ലോകത്തോട് വിടപറയുന്നു. അണുകുടുംബം സാര്‍വത്രികമായപ്പോള്‍ പഴയ തലമുറക്കാര്‍ അധികപ്പറ്റാണ്; എവിടെയും സ്വന്തം ഇടം ഇല്ലാത്തവര്‍.
സ്ത്രീകളാണ് ഈ പ്രതിഭാസം അധികം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ ഔദ്യോഗിക ബാങ്ക്ജീവിതം അവസാനിച്ചാലും ശേഷവും ജീവിതമുണ്ട് എന്ന് തെളിയിച്ച് ഔദ്യോഗിക ജീവിതത്തിനിടെ നിയമബിരുദവും കരസ്ഥമാക്കി വക്കീല്കുപ്പായമണിഞ്ഞ എലിസബത്ത് ആന്റണിയോട് എനിക്ക് ബഹുമാനം തോന്നി. അവള് അനുകരിക്കപ്പെടേണ്ട മാതൃകയാണെന്നും തോന്നി.
തന്റെ ഭര്‍ത്താവ് മുഖ്യമന്ത്രിയായപ്പോഴും കേന്ദ്രമന്ത്രിയായപ്പോഴും എലിസബത്ത് ബാങ്ക്ജോലി ഉപേക്ഷിച്ചില്ല. പ്രെമോഷനോടുകൂടി സ്ഥലംമാറ്റം ലഭിച്ചത് നിഷേധിച്ച് കുടുംബത്തിനൊത്ത് കഴിഞ്ഞുപോന്ന ഈ ഉദ്യോഗസ്ഥ വീട്ടമ്മ ഒരിക്കലും തന്റെ ഭര്‍ത്താവിന്റെ ‘റിഫ്ലക്ട് ഗ്ലോറി’യില്‍ അഭിരമിച്ചില്ല എന്ന് നമുക്ക് മനസിലാക്കാം. മന്ത്രിപത്നിമാര്‍ കേരളത്തില്‍ ക്യാമറക്ക് മുന്നില്‍ വിരളമായേ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും മന്ത്രിപുത്രന്മാരും പുത്രികളും ചരിത്രം സൃഷ്ടിക്കുന്നവരാണല്ലോ.
എനിക്ക് മറ്റൊരു കാര്യത്തിലും എലിസബത്തിനോട് ബഹുമാനം തോന്നി. അത് അവരുടെ ചിത്രങ്ങള്‍ വിവാദമായപ്പോഴാണ്. മറ്റൊന്നും പറഞ്ഞ് അപമാനിക്കാന്‍ ഇല്ലാത്തപ്പോള്‍ ഒരു മന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഭാര്യയുടെ ചിത്രങ്ങള്‍ ഉപകരണമാക്കിയത് ഗര്‍ഹണീയമായി. എങ്കിലും അങ്ങനെയാണ് എലിസബത്ത് ആന്റണി ഒരു പ്രതിഭയുള്ള ചിത്രകാരിയാണെന്ന് ഇന്ത്യ അറിഞ്ഞത്. ടിവിയില്‍ അവര്‍ രചിച്ച മനോഹരമായ പെയിന്റിംഗുകളുടെ ദൃശ്യങ്ങള്‍ അവരുടെ കലാവൈഭവത്തിന് അടിവരയിട്ട മനോഹരചിത്രങ്ങളായിരുന്നു.
വാസ്തവത്തില്‍ എലിസബത്ത് ആന്റണി സ്ത്രീകള്‍ക്ക് ഒരു റോള്‍മോഡലാണ്. ഒരിക്കലും ഒരു ഡൈമന്‍ഷനില്‍ ഒതുങ്ങാതെ തങ്ങളില്‍ അന്തര്‍ലീനമായ വാസനകള്‍ പോഷിപ്പിച്ച് റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം ക്രിയേറ്റീവോ, അല്ലെങ്കില്‍ വിജ്ഞാനപ്രദമോ എല്ലാം ആക്കാവുന്നതാണ്. അതിന് പകരം ഇന്ന് വയസ്സായി എന്ന തോന്നല്‍ വന്നാല്‍ പുരാണങ്ങളും അമ്പലങ്ങളും പ്രാര്ത്ഥനായോഗങ്ങളായി ഒതുങ്ങിക്കൂടാനാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. അണുകുടുംബം, ഒറ്റപ്പെടല്‍, രോഗാരിഷ്ടത എന്നെല്ലാം പറയുമ്പോഴും അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ഏതെങ്കിലും വാസന പോഷിപ്പിക്കുകയോ അല്ലെങ്കില്‍ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളുമായി സഹകരിക്കുകയോ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാവുന്നതാണ്. റിട്ടയര്‍ ചെയ്തശേഷം വീണ പഠിച്ച സ്ത്രീകളും നെറ്റില്‍ക്കൂടി കൗണ്‍സലിംഗ് ഡിഗ്രി നേടി ഫാമിലി കൗണ്‍സലിംഗ് നടത്തുന്ന സ്ത്രീകളെയും എനിക്കറിയാം. ഉള്‍വലിയാതെ പുറത്തേക്ക് നോക്കി, ലോകത്തെ അഭിമുഖീകരിച്ച് സ്വത്വം പ്രോജ്വലമാക്കാനാണ് എലിസബത്തിന്റെ മാതൃക ഉപദേശിക്കുന്നത്. നമ്മുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താവുന്ന മേഖലകള്‍ കണ്ടെത്തണം.
കേരളത്തില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചുവരികയാണ്. മരിക്കാനുള്ള അവകാശത്തിന് വേണ്ടി കോടതി കയറിയ തോമസ് മാസ്റ്ററും മുകുന്ദന്പിള്ളയും ജോണ്‍ ഡേവിഡും ജീവിക്കുന്ന സംസ്ഥാനമാണിത്. ജീവിക്കാനുള്ള അവകാശം പോലെ മരിക്കാനുള്ള അവകാശം വേണമെന്നാണവര്‍ വാദിച്ചത്. അന്ന് തോമസ് മാസ്റ്ററും കേസ് വാദിച്ച വിന്‍സന്റ് പാനിക്കുളങ്ങരയും വാദിച്ചത് ശ്രീരാമന് സിംഹാസനം ഉപേക്ഷിച്ച് സരയൂനദിയിലെ ആഴത്തിലേക്കല്ലേ പോയത് എന്നായിരുന്നു. പണ്ട് വനവാസവും മറ്റും പ്രായോഗികമായിരുന്നു. വനമുണ്ടെങ്കിലല്ലേ വനവാസം സാധ്യമാകൂ.
ഇതെല്ലാം പറയുമ്പോഴും വയോവൃദ്ധര്‍ മാനസിക പീഡനം അനുഭവിക്കുന്നുണ്ടെന്ന വസ്തുത തിരസ്ക്കരിക്കാവുന്നതല്ല. വാര്‍ധക്യത്തില്‍ രോഗബാധിതരാകുമ്പോള്‍ ഒറ്റപ്പെടല്‍ സാധാരണയാണ്. ആയുര്‍ദൈര്‍ഘ്യം കൂടുന്ന കേരളത്തില്‍ വൃദ്ധസമൂഹം 334 കോടി ജനങ്ങളില്‍ ഇന്ന് 13 ശതമാനത്തോളമാണ്. കുട്ടികള്‍ കുറയുന്നുവെന്നും വൃദ്ധര്‍ വര്‍ധിക്കുന്നുവെന്നുമാണ് സെന്‍സസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വൃദ്ധസമൂഹം ഇന്ന് പീഡീതരാണ്. രോഗബാധിതരായി ശയ്യാവലംബികളാകുമ്പോള്, ചികിത്സ ചെലവേറിയതാകുമ്പോള്‍ അവര്‍ അവഗണിക്കപ്പെടുന്നു. വൃദ്ധമാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുക മാത്രമല്ല അവരെ റോഡിലും ബസ്, റെയില്‍വേ സ്റ്റേഷനുകളിലും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഡിമെന്‍ഷ്യ രോഗം വര്‍ധിക്കുന്ന കേരളത്തില്‍ ഇവര്‍ ആരാണെന്ന് സ്വയം തിരിച്ചറിയാന്‍ പോലും ആകാത്തവരായി മാറുന്നു. വൃദ്ധകളാണ് താരതമ്യേന കൂടുതല്‍ പീഡിതര്‍.
ധനികര്‍ തങ്ങളുടെ ചുമതലയില്‍നിന്നും രക്ഷപ്പെടുന്നത് രോഗബാധിതരാകുന്ന മാതാപിതാക്കളെ പരിചരിക്കാന്‍ ഹോംനഴ്സിനെ നിയോഗിച്ചാണ്. ഹോംനഴ്സിംഗ് ഇന്ന് കേരളത്തില്‍ ഏറ്റവും വലിയ തൊഴില്‍ദാന മേഖലയായി, ഏറ്റവും അധികം ചൂഷണം ചെയ്യുന്ന മേഖലയായി മാറി. പണ്ട് ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ കോട്ടയം എഡിഷനില്‍ ലേഖികയായിരുന്നപ്പോള്‍ കേരളത്തില്‍ ഹോംനഴ്സിനെ നല്‍കിയിരുന്ന ഏക പ്രസ്ഥാനം റെഡ്ക്രോസ് ആയിരുന്നു. അവര്‍ ഹോംനഴ്സുമാര്‍ക്ക് ശുശ്രൂഷാ പരിശീലനം നല്കി, ഇഞ്ചക്ഷനും മറ്റും എടുക്കാന്‍ പഠിപ്പിച്ചാണ് അയച്ചിരുന്നത്. ഇന്ന് യാതൊരു പരിശീലനവും ലഭിക്കാത്ത തട്ടിപ്പ് ഏജന്‍സികള്‍ ഹോംനഴ്സിനെ വീട്ടിലേക്കയക്കുന്നു. ഡിപ്പോസിറ്റ് വാങ്ങിയശേഷം ഡെപ്യൂട്ട് ചെയ്യുന്ന ഹോംനഴ്സ് ഒരാഴ്ചക്കുശേഷം ജോലി ഉപേക്ഷിച്ച് പോയാല്‍ പകരം ഹോംനഴ്സിനെ അയക്കേണ്ട ബാധ്യത നിറവേറ്റാത്ത സ്ഥാപനങ്ങളാണ് അധികവും. ഹോംനഴ്സുമാര് തന്നെ മൊബെയില്‍ കോള്‍ ഗേള്‍സ് ആയി രോഗപരിചരണവും വ്യഭിചാരവും ഒന്നിച്ചു കൊണ്ടുപോകുന്നുണ്ട്. ഹോംനഴ്സുമാര് നിപുണരായ മോഷ്ടാക്കളാകുന്നതും വിരളമല്ല. ഞാന്‍ സഞ്ചരിച്ച കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് നട്ടെല്ലൊടിഞ്ഞ് ആശുപത്രിയിലെത്തിയപ്പോള്‍ എന്നെ പരിചരിക്കാന്‍ വന്ന ഹോംനഴ്സ് വീട്ടില്‍ ഒരു മാസത്തോളം നിന്നശേഷം മൈക്രോവേവില്‍ വയ്ക്കുന്ന പ്ലേറ്റുകളടക്കം വളരെയധികം സാധനങ്ങള്‍ മോഷ്ടിച്ചാണ് സ്ഥലംവിട്ടത്. രാസ്നാദിപ്പൊടിയുടെ കുപ്പി കാണിച്ച് എന്തിനാണിത് എന്ന് ചോദിച്ചപ്പോള്‍ കുളി കഴിഞ്ഞ് തലയില്‍ തിരുമ്മാനാണ് എന്ന് പറഞ്ഞശേഷം ആ രാസ്നാദിപ്പൊടിയും അപ്രത്യക്ഷമായ അനുഭവം എനിക്കുണ്ട്.
ഇന്ന് കാന്‍സര്‍ രോഗബാധിതയായി ഒറ്റക്ക് കഴിയുന്ന ചന്ദ്രിക എന്ന സ്ത്രീ എന്നെ വിളിച്ച് പറഞ്ഞത് തന്നെ മൂന്ന് ഹോംനഴ്സുമാര് പറ്റിച്ചു എന്നാണ്. 6000 രൂപ ഡെപ്പോസിറ്റ് വാങ്ങി അയച്ച ഹോംനഴ്സ് ഒരാഴ്ച കഴിഞ്ഞ് മടങ്ങിയപ്പോള്‍ പകരം ആളെയോ രൂപയോ നല്കാന് വിസമ്മതിച്ച മൂന്ന് ഏജന്‍സികളുടെ കാര്യമാണവര് പറഞ്ഞത്.
ഹോംനഴ്സ് മേഖലയില്‍ സര്‍ക്കാരിന്റെയോ പോലീസിന്റെയോ ശ്രദ്ധ പതിയാത്തതാണ് ഈ നിലയ്ക്കാത്ത തട്ടിപ്പിന് കാരണം. ഹോംനഴ്സ് ഉറക്കഗുളിക നല്കി ആഭരണം കവര്‍ന്ന കഥകളും മരിക്കാറായ രോഗിയുടെ വിരലടയാളം പതിപ്പിച്ച് വില്‍പ്പത്രം ഉണ്ടാക്കിയ വിവരവും എല്ലാം വാര്‍ത്തയായതാണ്. ഈ മേഖല സര്‍ക്കാര്‍ നിരീക്ഷണത്തിന് വിധേയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തില്‍ 250 വൃദ്ധസദനങ്ങളുണ്ടത്രേ. കണക്കില്‍പ്പെടാത്ത, അനുമതി ലഭിക്കാത്ത വൃദ്ധസദനങ്ങള്‍ വേറെയുമുണ്ട്. വൃദ്ധസദനങ്ങളും അതിലെ അന്തേവാസികളും വര്‍ധിച്ചുവരുന്ന കാഴ്ചയാണ് നാം കാണുന്നത്.
ഇപ്പോള്‍ കേരളത്തില്‍ വയോമിത്രം പ്രോജക്ട് തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംരംഭം. കേരളത്തിലെ 20 നഗരങ്ങളില്‍ സ്ഥാപിക്കുന്ന ഇവ വൃദ്ധരുടെ വിളികള്‍ക്ക് ഉത്തരം നല്‍കുക, വൈദ്യസഹായം അഭര്ത്ഥിക്കുന്നവര്ക്ക് ലഭ്യമാക്കുക, ആശുപത്രികളിലേക്ക് പോകാന്‍ വാഹനം ഏര്‍പ്പെടുത്തുക മുതലായ സഹായങ്ങള്‍ നല്കുന്നു. വാര്‍ധക്യ പെന്ഷന് ലഭിക്കുന്നത് വെറും 25 ശതമാനത്തിന് മാത്രമാകുമ്പോള്‍ ബഹുഭൂരിപക്ഷം വൃദ്ധരും എല്ലാവരും ഉണ്ടെങ്കിലും അനാഥരും ഏകാന്തതക്ക് വിധിക്കപ്പെട്ടവരും ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരുമാണ്. എറണാകുളം കരയോഗം പോലുള്ള ചില സ്ഥാപനങ്ങളില്‍ സീനിയര്‍ സിറ്റിസണ്‍സ് ഒത്തുചേരുന്നുണ്ട്. പക്ഷെ പരസഹായം കൂടാതെ പുറത്തിറങ്ങാത്തവര്‍ക്ക് എന്ത് സഹായം?
ഇതെല്ലാം പരിഗണിക്കുമ്പോള്‍, വാര്‍ധക്യം കയ്യേറുമ്പോള്‍ തന്റെ ബുദ്ധിക്കും ആസ്വാദകശേഷിക്കും കോട്ടം തട്ടാതെ സൂക്ഷിക്കുന്നവര്‍ക്ക് ദുരിതക്കയത്തിലും ശ്രദ്ധ തിരിക്കാന്‍ ഒരു രക്ഷാമാര്‍ഗം രൂപപ്പെടുന്നു. എന്റെ വൃദ്ധസദനത്തില്‍ പോയ വിധവയായ സുഹൃത്ത് സമയം മുഴുവന്‍ വായനയില്‍ ചെലവഴിക്കുന്നു. കലാവാസനയുള്ളവര്‍ക്ക് അതില്‍ അഭിരമിക്കാം. ദൗര്ഭാഗ്യത്തില്നിന്നും നിരാശയില്‍നിന്നും ഒറ്റപ്പെടലില്‍നിന്നും രോഗാതുരതയില്‍നിന്നും എല്ലാം സ്വയം രക്ഷിക്കാന്‍ ഒരു സ്വപ്നം കാത്തുസൂക്ഷിക്കണം. കാന്‍സര്‍ ബാധിതയായപ്പോള്‍ ഞാന്‍ നീലക്കുറിഞ്ഞി സ്വപ്നം കണ്ടതുപോലെ.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: