ബംഗളുരു: നിയമവിരുദ്ധമായി ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് രാജിക്കത്ത് നല്കിയ കര്‍ണാടക നിയമമന്ത്രി എസ്. സുരേഷ്കുമാര്‍ തീരുമാനം പിന്‍വലിച്ചു. നിയമവിധേയമായിട്ടാണ് മന്ത്രി സ്ഥലം സ്വന്തമാക്കിയതെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തെ തുടര്‍ന്നാണ് രാജിക്കത്ത് പിന്‍വലിക്കാന്‍ മന്ത്രി തയാറായത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് സുരേഷ്കുമാര്‍ മുഖ്യമന്ത്രിയുടെ വിവേചനാധികാരമുള്ള ജി കാറ്റഗറിയില്‍ പെടുത്തി ഭൂമി കൈവശപ്പെടുത്തിയതായി വെളിപ്പെട്ടിരുന്നത്. ഇതേ തുടര്‍ന്നാണ് ഇദ്ദേഹം രാജിക്കത്ത് നല്‍കിയത്. എന്നാല്‍ രാജി സ്വീകരിക്കാന്‍ വിസമ്മതിച്ച മുഖ്യമന്ത്രി സദാനന്ദ ഗൗഡ ഇതില്‍ ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദേശിക്കുകയായിരുന്നു.
അന്വേഷണം നടത്തി തന്റെ സത്യസന്ധത തെളിഞ്ഞതിന് ശേഷം മന്ത്രിയായി തുടരാമെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് കുമാര്‍ രാജി സമര്‍പ്പിച്ചിരുന്നത്. ഭൂമി തിരികെ നല്കാന് താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുരേഷ്കുമാറിനെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. സുരേഷ് കുമാര്‍ സമര്‍പ്പിച്ച രാജി താന്‍ സ്വീകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതുവരെ അഴിമതിയാരോപണം ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത കര്ണാടകമന്ത്രിമാരില് ഒരാളാണ് നിയമമന്ത്രി സുരേഷ് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: