മട്ടാഞ്ചേരി: കൊച്ചി കോര്പ്പറേഷന് അധികാരപരിധിയിലുള്ള മൊബെയില്‍ ടവറുകള്‍ക്കെതിരെ നഗരസഭാധികൃതര്‍ നടപടി തുടങ്ങി. കൊച്ചിയില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ടവറുകളുടെ ലൈസന്‍സ് ഫീസിനത്തില്‍ കോടിക്കണക്കിന് രൂപയാണ് കുടിശ്ശികയായി കൊച്ചിന് കോര്പ്പറേഷന് ലഭിക്കാനുള്ളത്. കൊച്ചിനഗരം, ഇടപ്പള്ളി, പശ്ചിമകൊച്ചി മേഖലയിലായി സ്ഥാപിച്ച മൊബെയില്‍ ടവറുകള്‍ക്കെതിരെ ഉയര്‍ന്ന ജനരോഷത്തെമറികടന്നായിരുന്നു കോര്പ്പറേഷന് അധികൃതര്‍ കഴിഞ്ഞകാലങ്ങളില്‍ പ്രവര്‍ത്തന ലൈസന്‍സ് നല്‍കിയത്. കൊച്ചി കോര്പ്പറേഷന് പരിധിയില്‍ 800- ഓളം മൊബെയില്‍ ടവറുകളാണ് നിലവിലുള്ളതെന്ന് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയില്‍ അനധികൃത ടവറുകളും പ്രവര്‍ത്തിക്കുന്നതായാണ് ഉപഭോക്തൃ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിവര്‍ഷം 20,000- 25,000 രൂപ വരെയാണ് നഗരാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ടവറുകളുടെ ലൈസന്‍സ് ഫീസ്. ഓരോവര്‍ഷവും ഫീസ് തുക നഗരസഭാ ഫീസില്‍ അടച്ച് ലൈസന്‍സ് പുതുക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബെയില്‍ ടവറുകളുടെ എണ്ണം വ്യക്തമാക്കാതെ കുറഞ്ഞ തുക അടച്ച് ചില കമ്പനികള്‍ ടവ്വര്‍ ലൈസന്‍സ് പുതുക്കിയും നഗരസഭാധികൃതരെ കബളിപ്പിക്കുന്നതായും ആരോപണമുയര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മൊബെയില്‍ ഫോണ്‍ ഉപഭോക്താക്കളുള്ള നഗരമാണ് കൊച്ചി. ടവറുകള്‍ സ്ഥാപിക്കുന്നതിന് സ്ഥലവാടകയും, നഗരസഭാ ലൈസന്‍സ് ഫീസും നല്‍കികൊണ്ട് പ്രവര്‍ത്തിക്കേണ്ട മൊബെയില്‍ ഫോണ്‍ കമ്പനികള്‍ ജനങ്ങളുടെ പ്രതിഷേധമുയരുമ്പോഴാണ് ടവറുകള്‍ നിലനിര്‍ത്താനും, നിയമസാധുത ലഭിക്കാനും ലൈസന്‍സ് ഫീസ് പുതുക്കുന്നതെന്നും പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനകം കൊച്ചി നഗരത്തിലെ മൊബെയില്‍ ഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. വരിക്കാരുടെ പരാതികള്‍ ഒഴിവാക്കുവാന്‍ കൂടുതല്‍ ടവ്വറുകള്‍ സ്ഥാപിക്കാന്‍ കമ്പനികള്‍ ശ്രമങ്ങള്‍ നടത്തിവരവേയാണ് നിലവിലുള്ള ടവറുകളുടെ ലൈസന്‍സ് ഫീസിനത്തില്‍ വന്‍ തുക കുടിശ്ശികയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വെളിച്ചത്തുവന്നത്. ഇതോടെ ഇത് മറയ്ക്കുവാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരും നഗരസഭാധികൃതരും തിരക്കിട്ട നടപടികളുമായി രംഗത്തുവന്നതെന്നും ഉപഭോക്തൃ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: