കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ പ്രണബ് കുമാര്‍ മുഖര്‍ജിയെ പിന്തുണക്കാനുള്ള പാര്‍ട്ടി പൊളിറ്റ് ബ്യൂറോ തീരുമാനത്തെ ന്യായീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത് 2002 ല്‍ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം രാഷ്ട്രപതിയായി മത്സരിച്ചപ്പോഴൊഴികെ 1992 മുതല്‍ കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനാര്‍ത്ഥികളേയും ഇടതുപാര്‍ട്ടികള്‍ പിന്തുണച്ചിട്ടുണ്ടെന്നാണ്. 1992 ല്‍ ഡോ.ശങ്കര്‍ദയാല്‍ ശര്‍മയേയും 1997 ല്‍ കെ.ആര്.നാരായണനേയും 2007 ല്‍ ഇപ്പോള്‍ സ്ഥാനമൊഴിയുന്ന പ്രതിഭാ പാട്ടീലിനെയുമാണ് സിപിഎം പിന്തുണച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പാര്‍ട്ടി പിന്തുണ സംബന്ധിച്ച് 1992 ‘കട്ട് ഓഫ് ഡേറ്റ്’ ആയി കണക്കാക്കുന്ന പ്രകാശ് കാരാട്ട് ബോധപൂര്‍വം പറയാതിരിക്കുന്ന ഒരു കാര്യമുണ്ട്. 1969 ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വി.വി.ഗിരിയെയാണ് സിപിഎം പിന്തുണച്ചത്.
പ്രണബിനെ പിന്തുണക്കാന്‍ തീരുമാനിച്ചത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ‘വ്യാപക സ്വീകാര്യത’ (ംശറലെേ മരരലുമ്രല) ഉള്ളതിനാലാണെന്ന് പ്രകാശ് കാരാട്ട് നല്കുന്ന വിശദീകരണം സിപിഎമ്മിന്റെ കോണ്‍ഗ്രസ് വിധേയത്വം ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കാനുള്ള ഒരു കളവ് മാത്രമാണ്. 2002 ല്‍ രാഷ്ട്രപതിയായി മത്സരിച്ച എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പൊതുസമ്മതി പ്രണബിനില്ല. എന്‍ഡിഎയുടേയും യുപിഎയുടേയും രണ്ടിലും ഉള്‍പ്പെടാത്ത കക്ഷികളുടേയും പിന്തുണ കലാമിനുണ്ടായിരുന്നു. എന്നിട്ടും സ്വന്തം നിലയ്ക്ക് ലക്ഷ്മി സൈഗാളിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ അബ്ദുള്‍ കലാമിന് 9,22,884 വോട്ട് കിട്ടിയപ്പോള്‍ ലക്ഷ്മിക്ക് ലഭിച്ചത് വെറും 107,336വോട്ടുകള്‍. കലാമിന് ലഭിച്ച വ്യാപകമായ പിന്തുണ പ്രണബിനില്ലെന്ന് ഇത് വ്യക്തമാക്കുന്നു. എന്നുമാത്രമല്ല, യുപിഎയിലെ രണ്ടാമത്തെ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ പ്രണബിനെ പിന്തുണക്കുന്നില്ല. എത്രയായാലും 2002 ല്‍ അബ്ദുള്‍ കലാമിന് ലഭിച്ച വോട്ടുകള്‍ പ്രണബിന് ലഭിക്കാനും പോകുന്നില്ല. അപ്പോള്‍ വ്യാപക സ്വീകാര്യതയാണ് പ്രണബിനെ പിന്തുണക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന കാരാട്ടിന്റെ വാദം സിപിഎമ്മിനകത്തുപോലും വിലപ്പോവില്ല. സിപിഐയും ആര്‍എസ്പിയും ഈ വാദം തള്ളിക്കളയുകയുമാണ്. പ്രണബിന് പിന്തുണ നല്‍കാതെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ഇരുപാര്‍ട്ടികളുടേയും തീരുമാനം.
2009 മുതല്‍ തൃണമൂലും കോണ്‍ഗ്രസും തമ്മില്‍ ഭരണസഖ്യത്തിലാണെങ്കിലും മമതാ ബാനര്‍ജിയും പ്രണബ് മുഖര്‍ജിയും തമ്മിലുള്ള വര്‍ഷങ്ങളുടെ ശത്രുത ഒരു രഹസ്യമല്ല. പശ്ചിമബംഗാളിലെ കോണ്‍ഗ്രസിനെ സിപിഎമ്മിന്റെ ബി ടീമായി അധഃപതിപ്പിച്ചതിന്റെ സൂത്രധാരന്‍ പ്രണബ് ആയിരുന്നു. ഇതില്‍ സഹികെട്ടാണ് മമത പാര്‍ട്ടി വിട്ടതും 1997 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതും. 1999 മുതല്‍ 2004 വരെ എന്‍ഡിഎയുടെ ഭാഗമായിരുന്ന മമത പിന്നീട് കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് നിര്‍ബന്ധിതയാവുകയായിരുന്നു. പശ്ചിമബംഗാളിലെ ഇടതുഭരണം അവസാനിപ്പിക്കുകയെന്ന ആജന്മ ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. ആ ലക്ഷ്യം മമത നിറവേറ്റുകയും ചെയ്തു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ മൂന്നരപതിറ്റാണ്ട് കാലത്തെ ഇടതുവാഴ്ചയ്ക്ക് അന്ത്യമായെന്ന് മാത്രമല്ല, സ്വന്തം നിലയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷവും മമത നേടി. ഇതില്‍ ഇടതുപാര്‍ട്ടികളെപ്പോലെ പ്രണബിനും അമര്ഷമുണ്ടെന്നതാണ് സത്യം. മമത-കോണ്‍ഗ്രസ് സഖ്യം വേര്പെടുത്താനോ അതില്‍ വിള്ളലുണ്ടാക്കാനോ കഴിഞ്ഞാല്‍ ഇപ്പോഴത്തെ സമ്പൂര്‍ണമായ തകര്‍ച്ചയില്‍നിന്ന് കരകയറാനാവുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ഇതിന് കണ്ടുവെച്ചിട്ടുള്ള ആയുധമാണ് പ്രണബ്.
ഇങ്ങനെയൊരു സ്ഥിതിവിശേഷം നിലവിലുണ്ടെങ്കിലും ബംഗാളില്‍ മമതയെ നേരിടുന്നതിനായി മാത്രമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സിപിഎം പ്രണബിനെ പിന്തുണക്കുന്നതെന്ന് വിലയിരുത്തുന്നത് അപക്വമായിരിക്കും. പ്രണബിനോടുള്ള സിപിഎമ്മിന്റെ ആഭിമുഖ്യത്തിന് ശത്രുവിന്റെ ശത്രു മിത്രം എന്നതല്ല കാരണം. അത് ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഇപ്പോള്‍ സോണിയാ ഗാന്ധിയും നയിക്കുന്ന കോണ്‍ഗ്രസിനോടുള്ള ചരിത്രപരമായ വിധേയത്വം കൊണ്ടാണ്. കോണ്‍ഗ്രസുമായി മമത സഖ്യത്തിലാവുന്നതിനും തൃണമൂല്‍ കോണ്‍ഗ്രസ് രൂപം കൊള്ളുന്നതിനുമൊക്കെ വളരെ മുമ്പ് തുടക്കമിട്ടതാണ് ഈ വിധേയത്വം.
അറിയാവുന്ന ചീത്ത വാക്കുകളെല്ലാം കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുമ്പോഴും ഭരണാധികാരത്തിന്റെ തലത്തില്‍ ആ പാര്‍ട്ടിയുമായി ഒരു അവിശുദ്ധബന്ധം നിലനിര്‍ത്താന്‍ മടി കാണിച്ചിട്ടില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. 1996 ല്‍ അധികാരത്തില്‍ വന്ന എച്ച്.എഡി.ദേവഗൗഡയുടേയും ഐ.കെ.ഗുജ്റാളിന്റെയും സര്‍ക്കാരുകള്‍ ഈ സഹകരണത്തിന്റെ സൃഷ്ടിയായിരുന്നു. 1999 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ജനവിധിയോട് നീതി പുലര്‍ത്താതെ മന്‍മോഹന്‍സിംഗ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് അതിന് വളരെ മുമ്പുതന്നെ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ജനറല്‍ സെക്രട്ടറിയായ സിപിഎം കോണ്‍ഗ്രസുമായി ഉണ്ടാക്കിയ രാഷ്ട്രീയ സഹകരണത്തിന്റെ തുടര്‍ച്ചയായിരുന്നു. പ്രായോഗിക സാധ്യതകള്‍ പരിശോധിക്കാതെ തന്നെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാമെന്ന നിര്‍ദ്ദേശം 1996 ല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നത് പുറമേയ്ക്ക് പ്രകടിപ്പിക്കുന്നതില്‍നിന്ന് വ്യത്യസ്തമായി ഇരുപാര്‍ട്ടികളുടേയും പൊതുവായ രാഷ്ട്രീയ താല്പ്പര്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതാണ്.
കോണ്‍ഗ്രസ്-സിപിഎം ബന്ധത്തിന് തെളിവായി ചൂണ്ടിക്കാട്ടാവുന്നത് ഇരുപാര്‍ട്ടികളുടേയും കേന്ദ്രത്തിലെ സഹകരണം മാത്രമല്ല, പശ്ചിമബംഗാളില്‍ നീണ്ട മുപ്പത്തിനാല് വര്‍ഷക്കാലം അധികാരത്തില്‍ തുടരാന്‍ സിപിഎമ്മിന് കഴിഞ്ഞത് അദൃശ്യമായ കോണ്‍ഗ്രസ് സഹകരണത്തിന്റെ ഫലമായിരുന്നു. 1977 ല്‍ മുഖ്യമന്ത്രിയായ ജ്യോതിബസുവിന്റേയും തുടര്‍ന്ന് ബുദ്ധദേവ് ഭട്ടാചാര്യയുടേയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പശ്ചിമബംഗാള്‍ ഭരിച്ച കാലയളവില്‍ ഏറിയകൂറും കേന്ദ്രത്തില്‍ അധികാരത്തിലിരുന്നത് കോണ്‍ഗ്രസാണ്. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും നരസിംഹറാവുവും മന്‍മോഹന്‍സിംഗും കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായി രാജ്യം ഭരിച്ചപ്പോള്‍ പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരുകള്‍ക്ക് യാതൊരു ഭീഷണിയും നേരിടേണ്ടിവന്നിട്ടില്ല. പല കാരണങ്ങളാല്‍ നിരവധി സംസ്ഥാന സര്‍ക്കാരുകളെ കോണ്‍ഗ്രസ് ഭരണകൂടം പിരിച്ചുവിട്ടിട്ടുണ്ടെങ്കിലും ബംഗാളിലെ ഇടതു സര്‍ക്കാരുകള്‍ ഒഴിവാക്കപ്പെട്ടു. കോണ്‍ഗ്രസിനെ നഖശിഖാന്തം എതിര്‍ക്കുന്നു എന്ന് പറയുന്ന ഒരു കക്ഷിക്ക് ഇങ്ങനെ ഒരു സൗഭാഗ്യം ലഭിച്ചുവെന്നത് വിചിത്രമായി തോന്നാം. ഇതിന് പ്രധാന കാരണം ജ്യോതിബസു കോണ്‍ഗ്രസിനോടും ആ പാര്‍ട്ടിയുടെ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരോടും പുലര്‍ത്തിയ അനുഭാവമായിരുന്നു. നന്ദിഗ്രാം കൂട്ടക്കൊലയ്ക്കെതിരെ ഗവര്‍ണര്‍ രാജ്മോഹന്‍ ഗാന്ധിയും ഹൈക്കോടതിയുമൊക്കെ ശക്തമായ നിലപാടെടുത്തിട്ടും ബുദ്ധദേവ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ തയ്യാറാവാതിരുന്നത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയും സിപിഎമ്മും തമ്മില്‍ നിലനില്‍ക്കുന്ന തന്ത്രപരമായ സഹകരണത്താലാണ്.
പ്രണബിന് ‘വ്യാപക സ്വീകാര്യത’ ഉണ്ടെന്ന കാരാട്ടിന്റെ വാദം കണക്കിലെടുത്താല്‍ തന്നെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം അനാവശ്യമാണെന്ന് കാണാം. നാല് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുമായി 4.7 ശതമാനം വോട്ടാണുള്ളത്. ഇതില്‍ 0.89 ശതമാനം പ്രണബിന് പിന്തുണയില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള സിപിഐയുടേയും ആര്എസ്പിയുടേതുമാണ്. ബാക്കിയുള്ള 3.81 ശതമാനമാണ് സിപിഎമ്മിനും ഫോര്‍വേഡ് ബ്ലോക്കിനുമുള്ളത്. ഈ വോട്ടുകള്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഒരു വിജയഘടകമേയല്ല. എന്നിട്ടും പ്രണബിനെ പിന്തുണക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം കോണ്‍ഗ്രസിനോടുള്ള വിധേയത്വമല്ലാതെ മറ്റൊന്നുമല്ല.
2007 ല്‍ ഹമീദ് അന്‍സാരിയെ ഉപരാഷ്ട്രപതിയാക്കിയതുപോലുള്ള എന്തെങ്കിലും ‘കൊടുക്കല്‍ വാങ്ങല്‍’ പരിപാടിയില്‍ അവസാനിക്കുന്നതല്ല പ്രണബിനെ പിന്തുണക്കാനുള്ള സിപിഎം തീരുമാനം. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള അവസരവാദ സഖ്യത്തിലേയ്ക്ക് അത് നീളുമെന്ന് ഉറപ്പാണ്. പശ്ചിമബംഗാളില്‍ മമതക്കെതിരെ ഒരു സൗഹൃദ മത്സരത്തിന് കോണ്‍ഗ്രസ് തയ്യാറായാല്‍ കേരളമൊഴികെ മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കാന് സിപിഎം തയ്യാറാവും. ഹാല്‍ദിയ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ജയിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസുമായി ഇത്തരമൊരു അടവുനയം സ്വീകരിച്ചതിനാലാണ്. പ്രണബിന് പിന്തുണ നല്കിയാലും കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങളെ എതിര്‍ക്കുന്നത് തുടരുമെന്നാണ് കാരാട്ട് ഇപ്പോള്‍ പറയുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി പ്രത്യക്ഷമോ പരോക്ഷമോ ആയ സഖ്യമുണ്ടാകുന്നതിനെ ന്യായീകരിച്ചുകൊണ്ട് പറയാന്‍ പോകുന്നത് ഇതൊരു പുതിയ കാര്യമല്ലെന്നും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബിനെ പിന്തുണച്ചിരുന്നു എന്നുമായിരിക്കും.
വ്യാപക സ്വീകാര്യതാ വാദം വിലപ്പോവില്ലെന്ന് അറിഞ്ഞുകൊണ്ടാവണം ഉറച്ച മതേതരവാദിയായതിനാലാണ് പ്രണബിനെ പിന്തുണക്കുന്നതെന്ന ഒരു തൊടുന്യായവും പ്രകാശ് കാരാട്ട് പറയുന്നുണ്ട്. എന്നാല്‍ ഇതും വലിയൊരു നുണയാണ്. ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിനെ മുസ്ലീം മതമൗലികവാദികളുടെ ആവശ്യപ്രകാരം 2007 ല്‍ കൊല്‍ക്കത്തയില്‍നിന്ന് ബുദ്ധദേവ് സര്‍ക്കാര്‍ പുറംതള്ളിയത് പ്രണബിന്റെ ഒത്താശയോടെയാണെന്ന് പിന്നീട് വ്യക്തമായി. വധഭീഷണി നേരിടുന്ന തസ്ലീമയെ അവര്‍ താമസിക്കുന്ന ദല്‍ഹിയിലെ അജ്ഞാത കേന്ദ്രത്തിലെത്തി രാജ്യം വിട്ടുപോകാന്‍ അന്ന് വിദേശകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ഭീഷണിപ്പെടുത്തിയത് ‘ഔട്ട്ലുക്ക്’ (2008 മാര്‍ച്ച്) വാരിക വെളിപ്പെടുത്തുകയുണ്ടായി. മതമൗലിക വാദികളുടെ ഇരയായ ഒരു എഴുത്തുകാരിയെ ഇങ്ങനെ വേട്ടയാടിയതാണൊ പ്രണബിന്റെ മതേതരത്വം?
വാസ്തവത്തില്‍ പ്രണബിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സിപിഎം നല്കുന്ന പിന്തുണ സോണിയാഗാന്ധിക്ക് നല്കുന്ന പിന്തുണയാണ്. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ യുപിഎയ്ക്ക് നല്കിയ പിന്തുണയുടെ തുടര്‍ച്ചയാണിത്. 2007 ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ അന്തസ്സുതന്നെ കളഞ്ഞു കുളിച്ചിട്ടും പ്രതിഭാ പാട്ടീലിന് പിന്തുണ നല്കാന് സിപിഎം തീരുമാനിച്ചത് അവര്‍ സോണിയയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ഒറ്റക്കാരണം കൊണ്ടായിരുന്നു. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം അവശേഷിക്കെ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ‘എതിര്‍ക്കാന്‍’ ഉള്ള സൗകര്യം മുന്‍നിര്‍ത്തിയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കോണ്‍ഗ്രസ് ഭയപ്പെട്ടതുപോലുള്ള ഒരു പരാജയം സംഭവിച്ചുമില്ല. സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്കാന് കാത്തിരുന്ന സിപിഎമ്മും ഇടതുപാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുകയും ചെയ്തു. 2009 ലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സൃഷ്ടിക്കപ്പെടാതിരുന്ന സാഹചര്യം 2014 ല്‍ സംജാതമാകുമെന്നാണ് സിപിഎം കരുതുന്നത്. അതിനുള്ള മുന്നൊരുക്കമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബിനെ പിന്തുണക്കാനുളള സിപിഎം തീരുമാനം.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: