കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്‍നിരയിലാണെന്ന് പ്രസ്താവിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും ദല്‍ഹിയും കഴിഞ്ഞാല്‍ അടുത്ത സ്ഥാനം കേരളത്തിനാണ്. ഇത് 2010ലെ കണക്കുകളാണ്. ഇന്ന് കേരളം അതിവേഗം ബഹുദൂരം ഈ സംസ്ഥാനങ്ങളെ പിന്നിലാക്കിക്കാണും. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 4241.1 ആണ്. ദേശീയ ശരാശരി 187.6. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ 6.7 ശതമാനം മൂന്ന് കോടിയില്‍പ്പരം ജനങ്ങളുള്ള കേരളത്തില്‍. കേരളത്തിനേക്കാള്‍ വിസ്തീര്‍ണവും ജനസംഖ്യയുമുള്ള മധ്യപ്രദേശില്‍ 9.4 ശതമാനവും മഹാരാഷ്ട്രയില്‍ 9.6 ശതമാനവുമാണ്. കൊച്ചിയില്‍ മാത്രം ദേശീയ ശരാശരിയായ 187.6 ശതമാനത്തെ വെട്ടിച്ച് ഇത് 193 ശതമാനവുമാണ്. കൊച്ചി വ്യവസായ തലസ്ഥാനം മാത്രമല്ല ക്രൈം തലസ്ഥാനം എന്ന അവമതികൂടി നേടിയിരിക്കുന്നു. കൊച്ചിയില്‍ കുറ്റകൃത്യ വര്‍ധന 193 ശതമാനമായത്രെ. രാജ്യത്താകെ 2,41,986 കേസുകളില്‍ 11,756 കേസുകളും കേരളത്തിന്റെ സംഭാവനയാണ്. കള്ളന്മാരെന്ന് നാം മുദ്രകുത്തുന്ന തമിഴരുടെ നാട്ടില്‍ ഇത് 12,333 മാത്രം. ഒരുലക്ഷം ജനസംഖ്യ കണക്കിലെടുത്ത് ആനുപാതികമായിട്ടാണ് കുറ്റകൃത്യനിരക്ക് നിശ്ചയിക്കുന്നത്. 2010ല്‍ കേരളത്തില്‍ ഐപിസി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 1,48,313 ആണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കൂടുതലാണെന്ന് പണ്ടേ തെളിഞ്ഞതാണ്. 2010ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം 27.1 ശതമാനമായിരുന്നു. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, സ്ത്രീധനമരണം, കവര്‍ച്ച മുതലായ കുറ്റകൃത്യങ്ങള്‍ക്ക് പുറമേ കേരളത്തില്‍ ഒരു പുതിയ ക്രൈം പ്രതിഭാസംകൂടി രൂപപ്പെട്ടിട്ടുണ്ട്.
സദാചാര പോലീസ്! സദാചാര പോലീസ് എന്നുപറഞ്ഞാല്‍ പോലീസിന് അപമാനമാണെന്നും ഇവരെ സദാചാരഗുണ്ടകളെന്നേ വിശേഷിപ്പിക്കാവൂ എന്നും ഐജി പത്മകുമാര്‍ ഒരു ചാനലില്‍ പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങളില്‍ സദാചാര പോലീസിന്റെ സംഭാവന ഇതുവരെ രണ്ട് കൊലപാതകവും ഗര്‍ഭിണിയായ സ്ത്രീയെ ചവിട്ടി അവശയാക്കിയതും മറ്റുമാണ്. കേരളത്തിലെ രോഗാതുരതയില്‍ പനികളും മഞ്ഞപ്പിത്തവും ചിക്കന്‍പോക്സിനും പുറമെ ഞരമ്പ് രോഗവും സംശയരോഗവും ഉണ്ടെന്നാണ് ‘സദാചാര ഗുണ്ടകള്‍’ തെളിയിക്കുന്നത്. സഹിഷ്ണുതയുടെ കാര്യത്തിലും സാക്ഷരതയിലും സാമൂഹിക-രാഷ്ട്രീയ-സാംസ്ക്കാരിക സാക്ഷരതയിലും കേള്‍വി കേട്ടിരുന്ന കേരളം ഇന്ന് അസഹിഷ്ണുതയുടെയും മതഭ്രാന്തിന്റെയും ലൗജിഹാദിന്റെയും എല്ലാം നാടായി മാറിയിപ്പോള്‍. ഇന്ന് ഒരു പുരുഷനേയും സ്ത്രീയേയും ഒരുമിച്ച് കണ്ടാല്‍ അവര്‍ ഭാര്യാഭര്ത്താക്കന്മാരാണെങ്കിലും സ്ത്രീ ഗര്‍ഭിണിയാണെങ്കിലും കണ്ടാല്‍ സംശയദൃഷ്ട്യാ വീക്ഷിച്ച് ചോദ്യം ചെയ്യുന്നതും ആക്രമിക്കുന്നതും മറ്റും സാധാരണയാകുന്നു. ഭാര്യക്ക് ഭര്‍ത്താവിന്റെ കൂടെയോ സഹോദരന് സഹോദരിയുടെ കൂടെയോ, അച്ഛന് മകളുടെ കൂടെയോ പുറത്തിറങ്ങാന്‍ വയ്യാത്ത നാടായി കേരളം മാറി. മലയാളികളില്‍ അന്തര്‍ലീനമായ കുറ്റവാസനയുടെ ബഹിര്‍സ്ഫുരണമാണ് ഇതും. ഭരണഘടനപോലും പ്രായപൂര്‍ത്തിയായ സ്ത്രീ-പുരുഷന്മാര് അത് ധനലാഭത്തിനല്ലെങ്കില് ഇടപഴകുന്നത് കുറ്റകരമല്ലെന്ന് അനുശാസിക്കെയാണ് ഈവിധം കാടത്തം. തസ്നിബാനു ഇന്‍ഫോപാര്‍ക്കില്‍ സഹപ്രവര്‍ത്തകനോടൊപ്പം ജോലിക്കുപോയതിനാണ് മര്ദ്ദിച്ചവശയാക്കപ്പെട്ടത്. കാസര്‍കോട് ഒരു വീട്ടില്‍നിന്നും ഇറങ്ങിവന്ന യുവാവ് അനാശാസ്യത്തിനുപോയി എന്നാരോപിച്ചാണ് തല്ലിക്കൊന്നത്.
തിരുവനന്തപുരത്ത് ഭാര്യയും ഭര്‍ത്താവും പകല്‍സമയത്ത് ബസ് കാത്തുനിന്നപ്പോള്‍ കൂടെയുള്ളയാള്‍ ഭര്‍ത്താവാണെന്ന് തെളിയിക്കാന്‍ താലി കാണിക്കാന്‍ പറഞ്ഞ സംഭവത്തിലും സ്ത്രീക്ക് മര്‍ദ്ദനമേറ്റു. കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ ചിന്തിക്കുന്നുപോലുമില്ല. വണ്‍, ടു, ത്രീ എന്നുപറഞ്ഞ് പട്ടിക തയ്യാറാക്കി രാഷ്ട്രീയകൊല നടത്തുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചയാള്‍ സുരക്ഷിതന്‍. സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന് ടി.പി.ചന്ദ്രശേഖരന്റെ തലച്ചോറ് തെങ്ങിന്‍പൂക്കുലപോലെ റോഡില്‍ ചിന്നിച്ചിതറിയതും പരസ്യ പ്രഖ്യാപനമനുസരിച്ച്. സദാചാര പോലീസ് ചമയാന്‍ കഴിയുന്നവരുള്ള നാട്ടില്‍ യഥാര്‍ത്ഥ സദാചാര-രാഷ്ട്രീയ-സാമൂഹ്യ ബോധം ഉണര്‍ത്താന്‍ ആരുമില്ലേ എന്ന ചോദ്യമാണ് ഈ വര്‍ധിക്കുന്ന കുറ്റകൃത്യ നിരക്കുകള്‍ കേള്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യം. ക്രിമിനല്‍വല്‍ക്കരണം കേരളത്തില്‍ പല രൂപത്തിലും ഭാവത്തിലുമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരമോഹവും അഴിമതിയും മാത്രം ലക്ഷ്യംവയ്ക്കുമ്പോള്‍ അവര്‍ ഭരിക്കുന്ന രാജ്യത്തെ പോലീസില്‍ അതിന്റെ പ്രതിഫലനം കാണുമെന്നതിന് തെളിവാണ് പോലീസിലെ ക്രിമിനല്‍വാഴ്ച. ടിപി വധത്തില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ ഒരുകൂട്ടം പോലീസ് തയ്യാറായി. ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവനീതിയോ ക്രമസമാധാനമോ ഇല്ല. വികസനത്തിന്റെ പേരില്‍ പരസ്പരം പഴിചാരുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ ചേര്‍ത്തലയിലെ കോച്ച് ഫാക്ടറിക്കെതിരെയും രംഗത്ത് വന്നപ്പോള്‍ കേന്ദ്രം കേരളത്തോട് റെയില്‍വേയുടെ കാര്യത്തില്‍ അവഗണന കാണിക്കുന്നുവെന്ന വാദംപോലും പൊള്ളയാകുന്നു.
പാര്‍ട്ടികളിലും പരമാധികാരം ലക്ഷ്യമിട്ട വിഭാഗീയത നടമാടുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തെപ്പറ്റി വീമ്പുപറഞ്ഞവരെ സംരക്ഷിച്ച പാര്‍ട്ടി ഗോപി കോട്ടമുറിക്കലിനെ പുറത്താക്കിയത് അപഥ സഞ്ചാരത്തിനല്ല, മറിച്ച് 150 ഏക്കര്‍ നെടുമ്പാശ്ശേരിയിലെ കാര്‍ഷിക ഭൂമി നികത്താന്‍ പാര്‍ട്ടി മന്ത്രി നല്കിയ നിര്‍ദ്ദേശം ചാനലില്‍ക്കൂടി വെളിപ്പെടുത്തിയതിനാലാണെന്ന് വ്യക്തം. യുഡിഎഫ് സര്‍ക്കാരിന്റെ നിയന്ത്രണം മുസ്ലീംലീഗിന് വിട്ടുകൊടുത്ത് മുഖ്യമന്ത്രി യുഡിഎഫ് സര്‍ക്കാരിന്റെ ജനപ്രിയ മുഖം മാത്രമായി അവശേഷിക്കുമ്പോള്‍ മറ്റ് സമുദായങ്ങള്‍ അനുഭവിക്കുന്ന അവഗണന പ്രതിഷേധ രൂപത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിന്റെ പ്രസ്താവനകള്‍ പ്രകോപനപരമാകുന്നതിന്റെ ഒടുവിലത്തെ തെളിവാണ് ലീഗ് അതിരുവിടുന്നുവെന്ന എന്‍എസ്എസ് പ്രഖ്യാപനം. വിദ്യാഭ്യാസമേഖല തീര്‍ത്തും മുസ്ലീംലീഗിന് അടിയറ വച്ചപ്പോള്‍ മറ്റ് സമുദായങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നുവെന്നത് വസ്തുതയാണ്. അഞ്ചാം മന്ത്രിസ്ഥാനം മുതല്‍ ഉയര്‍ന്നുവന്ന സാമുദായിക അസന്തുലിതാവസ്ഥയും കേരളത്തെ പ്രക്ഷുബ്ധമാക്കുന്നു. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ് ക്രമസമാധാനം പുലരുന്നതിനും സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും മുന്‍കൈയെടുക്കേണ്ടത്. പക്ഷേ കേരളത്തില്‍ പോലീസിനെ പിണിയാളാക്കുമ്പോഴും പോലീസിനോടുപോലും രണ്ട് രാഷ്ട്രീയ കക്ഷികളും നീതി പുലര്‍ത്തുന്നില്ല എന്നതിന് തെളിവാണ് പുതിയ പോലീസ് നിയമം. ഈ നിയമം പാസാക്കിയപ്പോള്‍ പോലീസിന് നീതിയല്ല ലഭ്യമായത് വിധേയത്വമാണ്. ഇങ്ങനെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പോലീസും ഭരിക്കുന്ന സംസ്ഥാനം ക്രിമിനല്വല്ക്കരിക്കപ്പെട്ടില്ലെങ്കിലേ അതിശയിക്കാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: