പള്ളുരുത്തി: തര്‍ക്കങ്ങള്‍ ഉണ്ടായി കോടതിയുടെ മുന്നില്‍ എത്തുന്നതിനു മുമ്പ് അത് പരിഹരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് സുപ്രീം കോടതി ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന് പറഞ്ഞു. കൊച്ചി കോടതിയുടേയും ബാര്‍ അസോസിയേഷന്റേയും പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ തോപ്പുംപടി കാത്തലിക്ക് സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിക്കുപുറത്ത് തര്‍ക്കങ്ങള്‍ തീര്‍ക്കുവാന്‍ ലഭിക്കാവുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം. അഭിഭാഷക സംഘടനകള്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ എത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പഞ്ചായത്തു കോടതികളില്‍ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. അല്ലെങ്കില്‍ കേസ്സുകള്‍ അഭിഭാഷകരുടെ മുന്നില്‍ വരുമ്പോള്‍ ഒത്തുതീര്‍പ്പാക്കുവാന്‍ ശ്രമിക്കണം. തര്‍ക്കങ്ങള്‍ അഭിഭാഷകരുടെ മുന്നിലെത്തുമ്പോള്‍ തന്നെ സത്യം അറിയാന്‍ അവര്‍ക്കുകഴിയും. കക്ഷികളുമായി ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ കഴിയണം. ലീഗല്‍ അതോറിറ്റിപോലുള്ള കേന്ദ്രങ്ങളില്‍ മധ്യസ്ഥ ശ്രമങ്ങളിലൂടെയും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള്ള ചെല്ലൂര്‍ അദ്ധ്യക്ഷയായി. ഡൊമനിക്ക് പ്രസന്റേഷന് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി, ഹൈക്കോടതി രജിസ്ട്രാര്‍ ബി.കമാല്‍ പാഷ, ജില്ലാജഡ്ജി എ.ഹരിപ്രസാദ്, കൊച്ചി സബ്ജഡ്ജ് ആര്.രാമബാബു, അഡ്വ.ജോസഫ് ഇടക്കാട്ട്, അഡ്വ.തോമസ് മൈക്കിള്‍, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: