കൊച്ചി: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന മലയാളിയുടെ കഞ്ഞികുടി മുട്ടിക്കുന്ന വിധത്തില്‍ അരിവിലയും കടിഞ്ഞാണില്ലാതെ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒന്നര ആഴ്ചക്കുള്ളില്‍ ആറ് രൂപയോളമാണ് അരിവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ അരിവിപണിയായ കാലടിയില്‍ ബ്രാന്‍ഡഡ് അരിക്ക് കിലോക്ക് 27 മുതല്‍ 32 രൂപവരെയാണ്. കഴിഞ്ഞ ആഴ്ചയില്‍ ഇത് 21 മുതല്‍ 25 രൂപ വരെമാത്രമായിരുന്നു. 15 രൂപയുണ്ടായിരുന്ന ഉണ്ട അരിക്ക് 19 മുതല്‍ 24 രൂപവരെയായി.
നെല്ല്വില കൂടിയതാണ് അരി വില വര്‍ധനവിന് കാരണമെന്ന് ആള് കേരള റൈസ്മില്‍ ഓണേഴ്സ് അസോസിയേഷന് ചൂണ്ടിക്കാണിക്കുന്നു. കര്‍ണാടകയില്‍നിന്നാണ് കേരളത്തിലേക്ക് നെല്ല് വരുന്നത്. കര്‍ണാടകയില്‍ കൃഷി ഇത്തവണ കുറവായതിനാല്‍ നെല്ല് കുറവാണ്. ഇതുമൂലം നെല്ല് കിട്ടാനുമില്ല. വില കൂടുതലുമാണ്. ആറ് രൂപയോളം നെല്ലിന് കിലോക്ക് വില കൂടിയതായിട്ടാണ് മില്ലുടമകള്‍ പറയുന്നത്. സംസ്ഥാനത്താകട്ടെ ഒരു തരി നെല്ല് എടുക്കാനില്ല. ഇവിടെ സീസണ് ആകാന്‍ മൂന്ന് മാസമെടുക്കും. ഈ സാഹചര്യത്തില്‍ അരിവില ഇനിയും ഉയരുവാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
അതേസമയം എഫ്സിഐ ഗോഡൗണുകളില്‍ ആയിരക്കണക്കിന് ടണ്‍ അരിയാണ് കെട്ടിക്കിടന്ന് നശിക്കുന്നത്. ഇവ യഥാസമയം റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുവാന്‍ യാതൊരു സംവിധാനവുമില്ല. സംസ്ഥാനത്തെ 22 എഫ്സിഐ ഡിപ്പോകളിലായി 5.13 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം സൂക്ഷിക്കാം. എന്നാല്‍ ഇതിനകം ഗോഡൗണുകളിലെ ഭക്ഷ്യധാന്യങ്ങളുടെ അളവ് 5.28 ലക്ഷം ടണ്‍ കവിഞ്ഞു. നിരവധി വാഗണുകള്‍ ചരക്കുകള്‍ ഇറക്കാനാവാതെ ആഴ്ചകളായി കാത്തുകിടക്കുകയാണ്. പലയിടത്തും മഴ നനഞ്ഞ് അരി നശിക്കുന്നുമുണ്ട്.
സിവില്‍ സപ്ലൈസ് കോര്പ്പറേഷന് താങ്ങ്വിലക്കെടുത്ത് നെല്ല് ബ്രാന്‍ഡഡ് റൈസ് മില്ലുകള്‍ക്ക് നല്കി അതേ അരി സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വഴി വിതരണം ചെയ്യുമ്പോള്‍ റേഷന്‍കടകളില്‍ അരി ലഭിക്കാനേയില്ല. വന്‍തട്ടിപ്പാണ് ഇതിന് പിറകില്‍ നടക്കുന്നത്. സിഎംആര് (കസ്റ്റം മില്ലഡ് റൈസ്) പദ്ധതി വന്നതോടെയാണ് അരിവില അട്ടിമറിക്കപ്പെട്ടു തുടങ്ങിയത്. ഇതോടെ റേഷന്‍കടകളിലും പൊതുവിപണിയിലും സ്വകാര്യ മില്ലുകളുടെ അരി മാത്രമേ ലഭിക്കൂ എന്ന അവസ്ഥ വന്നു. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നല്കുന്ന നെല്ല് ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന അരി റൈസ്മില്ലുടമകള് അവരവരുടെ ബ്രാന്‍ഡുകളില്‍ സോര്‍ട്ടക്സ് അരിയായി വിപണിയിലെത്തിക്കുന്നു. വെള്ളപ്പൊക്കദുരിതാശ്വാസത്തിനും മറ്റ് വിവിധ പദ്ധതികളിലുമായി സൗജന്യമായി വിതരണത്തിനെത്തുന്നതും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും നിലവാരം കുറഞ്ഞ് എത്തുന്നതുമായ അരികളില്‍ കളര്‍ ചേര്‍ത്താണ് റൈസ്മില്ലുകാര് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നല്‍കുന്നത്. ഈ നിലവാരം കുറഞ്ഞ അരി സാധാരണക്കാര്‍ റേഷന്‍കടകളില്‍നിന്നും വാങ്ങാനും തയ്യാറാവുന്നുമില്ല. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്മാരും റേഷന്‍ മൊത്ത വ്യാപാരികളും റൈസ്മില്ലുടമകളും ചേര്‍ന്ന് വന്‍തട്ടിപ്പാണ് നടത്തുന്നത്. വിപണി മൂല്യം നിശ്ചയിക്കാനുള്ള കുത്തകാവകാശം റൈസ്മില്ലുടമകളുടെ കുത്തകയായി മാറുന്നു.
സംസ്ഥാനത്തിനാവശ്യമായ ലക്ഷക്കണക്കിന് ടണ്‍ അരി ഫുഡ് കോര്പ്പറേഷന് ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് ഉപയോഗിക്കാനാവാതെ നശിക്കുന്നു. ഈ അരി യഥാസമയം വിതരണം ചെയ്യുവാനായാല്ത്തന്നെ വിലക്കയറ്റം പിടിച്ചുനിര്ത്തുവാനാകും. അതുപോലെ റൈസ്മില്ലുകള്ക്ക് സിവില്‍ സപ്ലൈസ് കോര്പ്പറേഷന് വിതരണം ചെയ്യുന്ന നെല്ലിലൂടെ സംഭരിക്കുന്ന അരി വിതരണം ക്രിയാത്മകവും സുതാര്യവും അഴിമതിരഹിതവുമാക്കിയാല്ത്തന്നെ അരിവില സാധാരണ നിലയിലെത്തും. ഇതിന് സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള നടപടിയാണാവശ്യം.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: