കോഴിക്കോട് /വടകര: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന് വധവും ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്തന്. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ കുഞ്ഞനന്തന് ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്. ടി.പി. ചന്ദ്രശേഖരനെ വധിക്കുന്നതിനുള്ള ഗുഢാലോചനയിലെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന പി.കെ. കുഞ്ഞനന്തന് കഴിഞ്ഞ ദിവസമാണ് വടകര കോടതിയില്‍ കീഴടങ്ങിയത്. കുഞ്ഞനന്തനില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വളരെ പ്രധാനപ്പെട്ടതായാണ് അന്വേഷണ സംഘം കാണുന്നത്. എന്നാല്‍ പലപ്പോഴും കുഞ്ഞനന്തന്റെ ഭാഗത്തുനിന്നുള്ള നിസ്സഹകരണ മനോഭാവം അന്വേഷണ സംഘത്തെ കുഴക്കുകയാണ്. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്കി എങ്ങിനെ അന്വേഷണം വഴിതെറ്റിക്കാമെന്നത് സംബന്ധിച്ച് വിദഗ്ധ ഉപദേശം ഒളിവില്‍ കഴിഞ്ഞ ദിനങ്ങളില്‍ അഭിഭാഷകര്‍ വഴി പാര്‍ട്ടി കുഞ്ഞനന്തന് നല്‍കിയെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
എന്നാല്‍ ടി.പി.യെ വധിക്കുന്നതിനുള്ള ഗൂഢാലോചന തന്റെ വീട്ടില്‍ നടന്നെന്ന് പി.കെ. കുഞ്ഞനന്തന് സമ്മതിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. കൊലയാളിസംഘാംഗങ്ങളായ കൊടി സുനി, കിര്‍മ്മാണി മനോജ്, എം.സി. അനൂപ് എന്നിവര്‍ തന്റെ വീട്ടില്‍ വന്നിരുന്നെന്നും മൂവരുടെയും സാന്നിദ്ധ്യത്തില്‍ വീട്ടില്‍ വെച്ച് മുംബൈയിലായിരുന്ന ടി.കെ. രജീഷിനെ ഫോണില്‍ ബന്ധപ്പെട്ടെന്നും കുഞ്ഞനന്തന് ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തിന് മുമ്പാകെ വെളിപ്പെടുത്തിയതായും അറിയുന്നു. കേസില്‍ ഇതിനകം പിടിയിലായ പ്രതികളുടെ മൊഴികളും തെളിവുകളും അന്വേഷണസംഘം നിരത്തിയപ്പോള്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്താവുമെന്ന ഭയത്താല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിനോട് കുഞ്ഞനന്തന് നിസ്സഹകരിക്കുകയാണുണ്ടായത്.
ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ നിര്‍ദ്ദേശം നല്കിയ കണ്ണൂരിലെ ഉന്നതന്റെ പേര് അന്വേഷണസംഘത്തിന് മുമ്പാകെ കുഞ്ഞനന്തന് വെളിപ്പെടുത്തിയിട്ടില്ല. വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തില്‍ ശാസ്ത്രീയമായി നടത്തുന്ന അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങള്‍ വെച്ച് കുഞ്ഞനന്തനില്‍ നിന്ന് കൂടുതല്‍ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
അതേസമയം പി.കെ. കുഞ്ഞനന്തന് വടകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാവാന്‍ സൗകര്യമൊരുക്കിയ പാനൂര്‍ ഏരിയാ കമ്മറ്റി സെക്രട്ടറി കെ.കെ. പവിത്രനോട് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച വടകര, കണ്ണൂര്‍ മേഖലകളിലെ സിപിഎം പ്രാദേശിക നേതാക്കള്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയതായാണ് അറിയുന്നത്. അതിനിടെ കൊലപാതക സംഘത്തിലെ എം.സി. അനൂപുമായി ബാംഗ്ലൂര്‍ കെ.ആര്. പുരത്തെ ഐ.ടി. നഗറില്‍ എത്തി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് കസ്റ്റഡിയില്‍;
ഏഴ് സിപിഎം നേതാക്കള്‍ ഒളിവില്‍
കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കാന്‍ കൂട്ടുനിന്ന സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഏഴ് പ്രാദേശിക നേതാക്കള്‍ ഒളിവില്‍ പോയി. സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗവും കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനുമായ പി.കെ.കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് സരിന് ശശിയെ ഇന്നലെ പ്രത്യേക അന്വേഷണസംഘം പയ്യന്നൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ വടകരയിലെത്തിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
കൊലയാളികളില്‍ പലരും പിടിയിലായതിനെ തുടര്‍ന്നാണ് ജില്ലയിലെ അറിയപ്പെടുന്ന ഏഴ് സിപിഎം നേതാക്കള്‍ ഒളിവില്‍ പോയത്. ഇവര്‍ക്ക് വേണ്ടി പ്രത്യേകാന്വേഷണ സംഘം വ്യാപകമായി വല വീശിയിരിക്കുകയാണ്. കൊലയാളി സംഘത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ കുറിച്ച് പ്രത്യേകാന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ച സാഹചര്യത്തില്‍ തങ്ങള്‍ ഉടന്‍ അറസ്റ്റിലായേക്കുമെന്ന് വിവരം ലഭിച്ച സാഹചര്യത്തിലാണ് മലയോര മേഖലയില്‍ നിന്നടക്കമുള്ള പാര്‍ട്ടിയിലെ ഏഴ് പ്രമുഖര്‍ ഒളിവില്‍ പോയത്.
ഒളിവില്‍ പോയവരെക്കുറിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി ഒന്നോ രണ്ടോ ദിവസം കാത്തുനിന്നശേഷം ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്നാണ് സൂചന. പി.കെ.കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സിപിഎം പാനൂര്‍ ഏരിയാ സെക്രട്ടറി കെ.കെ.പവിത്രനോട് ഇന്ന് അന്വേഷണസംഘം മുമ്പാകെ ഹാജരാകാന്‍ ഇന്നലെ നോട്ടീസ് നല്‍കിയിട്ടുണ്ട്. പവിത്രന്റെ കാര്‍ ഡ്രൈവര്‍ ശ്യാംജിത്തിനെ ഇന്നലെ ചോദ്യം ചെയ്യുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: