കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കൊലപാതകരാഷ്ട്രീയത്തിന്റെ പിതൃത്വം സിപിഎം നേതൃത്വത്തിനാണെന്നത് അവിതര്‍ക്കിതമാണ്. ഇടുക്കി ജില്ലാസെക്രട്ടറി എം.എം.മണി പ്രസ്താവിച്ചപോലെ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാന്‍ അവര്‍ പട്ടിക തയ്യാറാക്കുന്നു. പട്ടികയില്‍പ്പെട്ടവരെ കൊന്നുതീര്‍ക്കുന്നു. അടിയും തിരിച്ചടിയും മൂലം നിരവധി കുടുംബങ്ങള്‍ തീരാദുഃഖത്തിലായി. മകന് നഷ്ടപ്പെട്ട, സഹോദരങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍, കയ്യുംകാലുമില്ലാത്തവരാല് നിത്യദുരിതവുമായി കഴിയാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണവും നിരവധിയാണ്. എല്ലാറ്റിനും കാരണം സിപിഎം നേതൃത്വത്തിലെ ചിലരുടെ കൊലവെറിയാണ്. കേസുകളിലെല്ലാം പ്രതികളുണ്ടാകാറുണ്ട്. അവര്‍ വെറും ചാവേറുകള്‍ മാത്രം. യഥാര്‍ഥ വില്ലന്മാര് വിലസി നടക്കുകയാണ്. അവരില്‍ ചിലര്‍ ഇപ്പോള്‍ പല കേസുകളിലായി പിടിക്കപ്പെട്ടിരിക്കുന്നു. അവര്‍ നല്കിയ വിവരങ്ങള്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്നതാണ്. കഴിഞ്ഞദിവസം വടകര കോടതിയില്‍ കീഴടങ്ങിയ പി.കെ.കുഞ്ഞനന്തനെന്ന സിപിഎം നേതാവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് നല്കിയ സത്യവാങ്മൂലത്തില്‍ അത് പറയുന്നുമുണ്ട്. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സിപിഎം ഉന്നത നേതാക്കള്‍ക്കും ടി.പി.ചന്ദ്രശേഖരന് വധത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്. ഇതോടെ കുഞ്ഞനന്തനും കാരായി രാജനും അപ്പുറത്തേക്ക് അന്വേഷണം നീളേണ്ടതാണ്.
കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍ സിപിഎമ്മിലെ ചില ഉന്നത നേതാക്കള്‍ക്ക് ടി.പി വധത്തില്‍ പങ്കുണ്ടെന്നു വെളിപ്പെടുത്തിയതായി സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞനന്തനാണ് നേതാക്കള്‍ക്കും അക്രമികള്‍ക്കും ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിച്ചത്. നേതാക്കളുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ലഭിക്കണമെങ്കില്‍ കുഞ്ഞനന്തനെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരിക്കുകയാണ്. ടി.പിയെ വധിക്കുന്നതിനുള്ള രണ്ടാംഘട്ട ഗൂഢാലോചനയില്‍ പങ്കെടുത്തതടക്കം കുഞ്ഞനന്തനാണ് അക്രമിസംഘവുമായി നേരിട്ടു ബന്ധപ്പെട്ടതും അപ്പപ്പോള്‍ നിര്‍ദേശം നല്കിയതുമെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ കൊടി സുനി, കിര്‍മാണി മനോജ്, എം.സി.അനൂപ് എന്നിവരും പങ്കെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. ടി.പിയെ കൊല്ലാന്‍ സംഘത്തെ പറഞ്ഞയച്ച ശേഷം മൂന്ന് തവണ അന്ത്യശാസനം നല്കിയതും കുഞ്ഞനന്തനാണ്. കേസില്‍ ഇതുവരെ അറസ്റ്റിലായ 47 പേരില്‍ ഗൂഢാലോചനക്കുറ്റത്തിന് മുഖ്യസ്ഥാനത്തുവരിക കുഞ്ഞനന്തനായിരിക്കുമെന്നും അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു. കുഞ്ഞനന്തന് കൊലയ്ക്കുനിര്ദേശം നല്‍കിയശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെ നേരിട്ടു കണ്ടു തീരുമാനം പാര്‍ട്ടിയുടേതാണെന്നു സ്ഥിരീകരിച്ചതായി കൊടി സുനി അന്വേഷണ സംഘത്തിനു നേരത്തെ മൊഴി നല്‍കിയിരുന്നു.
കുഞ്ഞനന്തന് പാര്‍ട്ടി അറിഞ്ഞിട്ടാണോ ചുമതലപ്പെടുത്തിയതെന്ന് സംശയമുണ്ടായിരുന്നു. ഇതൊക്കെ പാര്‍ട്ടി അറിഞ്ഞിട്ടു തന്നെയാണെന്നും കുഞ്ഞനന്തന് പറയുന്നതു പോലെ ചെയ്യണമെന്നും രാജന് നിര്‍ദേശിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കസ്റ്റഡിയില്‍ ലഭിച്ച ശനിയാഴ്ച രാത്രി കുഞ്ഞനന്തനെ മൂന്നു മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തെങ്കിലും ഇയാള്‍ തന്റെ പങ്കോ മറ്റു നേതാക്കളുടെ പങ്കോ സമ്മതിക്കാന്‍ തയാറായിട്ടില്ല. ഒന്നര മാസത്തിലധികം ഒളിവില്‍ കഴിയുമ്പോള്‍ പഠിച്ച, പഠിപ്പിച്ച കാര്യങ്ങളാണ് കുഞ്ഞനന്തന് പോലീസിനോടു പറയുന്നത്. ഒരുപക്ഷേ നേരത്തെ പോലീസ് ഇയാളെ പിടിച്ചിരുന്നെങ്കില്‍ ശക്തവും വ്യക്തവുമായ കാര്യങ്ങള്‍ ലഭിക്കുമായിരുന്നു. ഇയാള്‍ പിടിക്കപ്പെടാന്‍ പാര്‍ട്ടിയും പിടിക്കാതിരിക്കാന്‍ സര്‍ക്കാരും ശ്രമിച്ചോ എന്ന് സംശയമുണ്ട്. ചെറിയ മീനായാലും വലിയ മീനായാലും വലയില്‍ കുടുങ്ങുമെന്നൊക്കെ ഉറക്കെ പറയുന്നുണ്ടെങ്കിലും ജനങ്ങളില്‍ സര്‍ക്കാരിനെ കുറിച്ച് സംശയം ബലപ്പെടുകയാണ്. കുഞ്ഞനന്തന്റെയും അതിനു മുമ്പ് കാരായി ഇരട്ടകളുടെയും കീഴടങ്ങല്‍ അത് അടിവരയിടുന്നു. എന്തൊക്കെയോ പന്തികേട് മണക്കുകയാണ്. സിപിഎമ്മിന്റെ താത്പര്യത്തിനും ഭീഷണിക്കും വഴങ്ങിയല്ലെ സര്‍ക്കാര്‍ നീങ്ങുന്നത്. അത് അക്രമരാഷ്ട്രീയത്തിന്റെ തലതൊട്ടപ്പന്മാര്ക്ക് വീണ്ടും തണലേകാനല്ലെ സഹായിക്കുക. കൊടുംകുറ്റവാളികളെന്ന് ഇതിനകം വ്യക്തമായവരുടെ നീക്കങ്ങള്‍ അറിയാന്‍ പോലീസ് സംവിധാനത്തിന് സാധിക്കുന്നില്ലെ.
വടകരയില്‍ കുഞ്ഞനന്തന് കീഴടങ്ങുമെന്ന വിവരം അറിഞ്ഞ് ഉടന്‍ തന്നെ കോടതിജീവനക്കാരില് ചിലര്‍ കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. എന്നാല്‍ അന്വേഷണ സംഘത്തിനെയോ മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ വിവരം കൃത്യമായി അറിയിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. കുഞ്ഞനന്തന് കീഴടങ്ങിയ വിവരമറിഞ്ഞ് കോടതിയില്‍ എത്തിയ അന്വേഷണ സംഘം കുഞ്ഞനന്തനെവിട്ടു കിട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതിനാല്‍ പത്തു ദിവസം കസ്റ്റഡിയില്‍ ലഭിച്ചു. മെയ് 21 നാണ് അന്വേഷണ സംഘം കുഞ്ഞനന്തനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഒരു മാസത്തിലധികം പോലീസിന്റെയും പ്രത്യേക അന്വേഷണസംഘത്തിന്റെയും കണ്ണുവെട്ടിച്ച് കേരളത്തിനകത്തും പുറത്തും കുഞ്ഞനന്തന് ഒളിവില്‍ കഴിഞ്ഞു. രണ്ട് ദിവസമായി വടകര കരിമ്പനപ്പാലത്ത് ഒളിവില്‍ കഴിയുകയായിരുന്നു കുഞ്ഞനന്തനെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന വിവരം. എല്ലാം അറിയാം. എന്നിട്ടും പിടികൂടാതെ കീഴടങ്ങാന്‍ സാഹചര്യം ഒരുക്കിയത് ദുരൂഹതയല്ലെ ഉളവാക്കുന്നത്. ഈ സൗമന്യസം കേരളത്തെ പ്രത്യേകിച്ച് മലബാറിനെ കൊലയാളികളുടെ സ്വന്തം നാടാക്കി മാറ്റാനേ ഉപകരിക്കൂ. അതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുത്. അന്വേഷണം കുഞ്ഞനന്തനില്‍ ഒതുക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: