മരട്: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ കാര്യാലയത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തി. അഴിമതിക്ക് കൂട്ടുനില്ക്കാന് തയ്യാറാകാത്തതിനാലാണ് മുനിസിപ്പല്‍ സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നും നീക്കിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 18 മാസത്തെ യുഡിഎഫിന്റെ നഗരസഭാ ഭരണത്തില്‍ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ഭരണപക്ഷക്കാര്‍ തമ്മിലടിക്കുകയാണെന്നന്നും പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്നു.
കൗണ്‍സിലിലെ ഭരണക്കാരുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരിലാണ് സെക്രട്ടറിയെ കൂത്തുപറമ്പിലേക്ക് സ്ഥലം മാറ്റിയതെന്ന് നഗരസഭാ ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണക്ക് നേതൃത്വം നല്കിയ പ്രതിപക്ഷനേതാവ് പി.കെ.രാജു പറഞ്ഞു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ ഇടപെടലും ഇതിന് പിന്നിലുണ്ട്. പുതുതായി ഒരു തെരുവ് വിളക്കുപോലും നഗരസഭയില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഭരണമാണ് കഴിഞ്ഞ 18 മാസമായി മരടില്‍ നടക്കുന്നത്. സെക്രട്ടറി ഇല്ലാത്തതുമൂലംസര്ട്ടിഫിക്കറ്റുകള്ക്കും മറ്റുമായി എത്തുന്നവര്‍ ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ ഒരാഴ്ചയായി നാഥനില്ലാ കളരിയുടെ അവസ്ഥയിലാണ് നഗരസഭാ കാര്യാലയം. പഴയ സെക്രട്ടറി സ്ഥാനം ഒഴിയുകയോ പുതിയ ആള് ചാര്‍ജ്ജ് എടുക്കുകയോ ചെയ്തിട്ടില്ലെന്നും പി.കെ.രാജു ആരോപിച്ചു. സെക്രട്ടറിയെ സ്ഥലം മാറ്റിയതിനെത്തുടര്‍ന്ന് ഭരണസ്തംഭനം ഉണ്ടായതായി ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ആരോപിച്ചു. ഇതേക്കുറിച്ച് ചോദ്യം ഉന്നയിച്ചപ്പോള്‍ മറുപടി പറയാതെ ചെയര്മാന് മറ്റു നടപടികളിലേക്ക് കടന്നതിനെത്തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ച് നടുത്തളത്തില്‍ കുത്തിയിരുന്നു. ഇതോടെ സഭ പിരിച്ചുവിട്ടതിനെത്തുടര്‍ന്നാണ് അംഗങ്ങള്‍ ധര്‍ണ നടത്തിയത്. കൗണ്‍സിലര്‍മാരായ ടി.എ.വിജയകുമാര്‍, പി.ഡി.രാജേഷ്, ദിഷ പ്രതാപന് സരളാ കൃഷ്ണന്, ജലജ ദിനേശന്, രതി ദിവാകരന്, സൈന അജിത്, ശാന്താ മോഹനന്, കെ.വി.സീമ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.
നഗരസഭാ സെക്രട്ടറിയെ പ്രമോഷന്റെ ഭാഗമായാണ് സ്ഥലം മാറ്റിയതെന്നാണ് ഭരണപക്ഷത്തെ ഒരു വിഭാഗം പറയുന്നത്. പുതിയ സെക്രട്ടറിക്ക് ചാര്‍ജ്ജ് നല്‍കുംവരെ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് സൂചനയെങ്കിലും നിലവിലെ ഉദ്യോഗസ്ഥന് മരട് നഗരസഭയില്‍നിന്നും ‘റിലീവ്’ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണങ്ങള്‍ തടസ്സപ്പെടാനാണ് സാധ്യതയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സെക്രട്ടറി ലീവിലാണെന്നാണ് താല്‍ക്കാലിക ചുമതല വഹിക്കുന്ന നഗരസഭാ എഞ്ചിനീയര്‍ വിശദീകരിച്ചത്. ഭരണപക്ഷത്തിന്റെ അഴിമതി വരും ദിവസങ്ങളില്‍ പുറത്തുകൊണ്ടുവരുമെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: