തൃപ്പൂണിത്തുറ: ചോറ്റാനിക്കരയിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാതെ ചോറ്റാനിക്കര ക്ഷേത്രത്തേയും വ്യാപാര സ്ഥാപനങ്ങളേയും പ്രതിസ്ഥാനത്ത് നിര്‍ത്തി പഞ്ചായത്ത് സ്വന്തം ഉത്തരവാദിത്തത്തില്‍നിന്നും ഒളിച്ചോടുന്നത് മറ്റൊരു വിളപ്പില്‍ശാല സൃഷ്ടിക്കുവാനാണെന്ന് ബിജെപി ആരോപിച്ചു.
ചോറ്റാനിക്കരയില്‍ വന്നുപോകുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ഒരുക്കാതെ വികസനമെന്ന പേരില്‍ ഷോപ്പിംഗ് കോംപ്ലക്സ് മാത്രം പണിതും നിയന്ത്രണമില്ലാതെ ഫ്ലാറ്റുകള്‍ക്ക് അനുമതി കൊടുത്തും മാലിന്യപ്രശ്നം രൂക്ഷമാക്കുകയാണ് ചെയ്യുന്നത്. ചോറ്റാനിക്കര ദേവസ്വത്തില്‍നിന്നും വ്യാപാരികളില്‍നിന്നും കോടിക്കണക്കിന് രൂപ നികുതിയായി സമാഹരിക്കുമ്പോള്‍ ഈ തുകയുടെ ഒരു വിഹിതം മാലിന്യനിര്‍മ്മാര്‍ജനത്തിന് ചെലവ് ചെയ്യേണ്ടതിന് പകരം അടിയാക്കല്‍ തോടിനെ മാലിന്യപ്രദേശമാക്കി മാറ്റി അടിയാക്കല്‍ പാടശേഖരത്തിന്റെ ഇരുകരയിലുമുള്ള 400 ഓളം കുടുംബങ്ങളെ പകര്‍ച്ചവ്യാധി ഭീഷണിയില്‍ നിര്‍ത്തിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
പിറവം മണ്ഡലം ബിജെപി പഠനശിബിരത്തോടനുബന്ധിച്ച് ആല്ബിന് ടൂറിസ്തോമില് ചേര്‍ന്ന ചോറ്റാനിക്കര പഞ്ചായത്ത് സമിതി പ്രവര്‍ത്തക യോഗത്തില്‍ എന്‍.സജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.സത്യന്, കെ.എസ്.ഉണ്ണികൃഷ്ണന്, പി.ആര്.കുമാരന്, കെ.കെ.ബാലകൃഷ്ണന്, പി.പി.സാനുകാന്ത്, പി.ആര്.പ്രസാദ്, കെ.കെ.സുരേന്ദ്രന് കുനേത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: