കൊച്ചി: പ്രതിദിനം പത്ത് ലിറ്റര്‍ പാല് പ്രാഥമിക ക്ഷീരോല്പ്പാദക സഹകരണസംഘങ്ങളില്‍ അളക്കുന്ന ക്ഷീരകര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് മില്‍മ മേഖലാ യൂണിയന് വാര്‍ഷിക പൊതുയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അത്യുല്‍പ്പാദനശേഷിയുള്ള കന്നുകുട്ടികളെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ള ബ്രീഡിംഗ് പോളിസിയില്‍ മാറ്റം വരുത്തി ഗുണനിലവാരമുള്ള ബീജം തെരഞ്ഞെടുക്കുന്നതിന് കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും, ക്ഷീരമേഖലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിനായി ക്ഷീരകര്‍ഷകരുടെ സഹകരണ പ്രസ്ഥാനമായ മില്‍മവഴി നടപ്പിലാക്കണമെന്നും വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.
ആലുവ പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്മാന് എം.ടി.ജയന് അധ്യക്ഷത വഹിച്ചു. എറണാകുളം, കോട്ടയം, തൃശൂര്‍, ഇടുക്കി എന്നീ ജില്ലകളില്‍നിന്നുമായി 700ല്‍പ്പരം സംഘം പ്രസിഡന്റുമാര്‍ പങ്കെടുത്തു. മികച്ച ക്ഷീരസംഘങ്ങള്‍, കര്‍ഷകര്‍, ഏജന്റുമാര്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ചെയര്മാന് എം.ടി.ജയന് വിതരണം ചെയ്തു.
മാനേജിംഗ് ഡയറക്ടര്‍ ബി.സുശീല്‍ ചന്ദ്രന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മില്‍മ സംസ്ഥാന ഫെഡറേഷന് ഡയറക്ടര്‍മാരായ പി.എ.ബാലന് മാസ്റ്റര്‍ സ്വാഗതവും കെ.കെ.ജേക്കബ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: