സദാചാരപ്പോലീസെന്നപേരില് നിയമം കയ്യിലെടുത്ത്ജനങ്ങളുടെസ്വൈര്യജീവിതം തച്ചുതകര്‍ക്കുന്ന പ്രവണത കേരളത്തില്‍ അനുദിനം വര്‍ദ്ധിക്കുകയാണ്. സ്ത്രീയെയും പുരുഷനെയും ഒന്നിച്ചു കണ്ടാല്‍ ഉടന്‍ സംശയിക്കുന്നവരാണിവര്‍.വ്യക്തിസ്വാതന്ത്ര്യവും നിയമാധിഷ്ഠിത സാമൂഹ്യക്രമവും നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങളാണ്.ഈ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നു കയറ്റങ്ങള്‍ ലാഘവത്തോടെ കൈകാര്യംചെയ്യുന്നത്.ആപത്ത് ക്ഷണിച്ചുവരുത്തുകയായിരിക്കും ഫലം.
ഇന്ത്യയിലിന്ന് ക്രൈം നിരക്കിലും ആത്മഹത്യാ നിരക്കിലും മദ്യത്തിന്റെ ഉപയോഗത്തിലുമൊക്കെ മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ തിന്മകള് പലരൂപത്തില്‍ പെരുകുകയാണ്. മനുഷ്യജീവനും സ്വത്തും സുരക്ഷിതമല്ലാത്ത പ്രദേശമായി മലയാളക്കരമാറുകയാണ്.പോലീസും ഭരണരാഷ്ട്രീയവും ക്വട്ടേഷന്‍ സംഘങ്ങളുമെല്ലാം ചേര്‍ന്ന് നിയമവാഴ്ച വെറും നോക്കുകുത്തിയാക്കി മാറ്റുന്ന അനുഭവങ്ങള്‍ വ്യാപകമാണ്. പക്ഷേ ഈ താളപ്പിഴയ്ക്ക് പരിഹാരം സദാചാരപ്പേക്കോലങ്ങളുടെ ഉറഞ്ഞുതുള്ളലല്ല. നിയമവ്യവസ്ഥയുടെ പോരായ്മകള്‍ പരിഹരിക്കുകയാണുവേണ്ടത്.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്. ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവരുടെ ഗതിയില്ലായ്മയുണ്ടെങ്കിലും ജനാധിപത്യബോധത്തില്‍ നാം ലോക രാജ്യങ്ങള്‍ക്കിടയില്‍ മുന്‍പന്തിയിലാണുള്ളത്. 1975-77 ലെ അടിയന്തരാവസ്ഥ സൃഷ്ടിച്ച ഏകാധിപത്യ കരിംഭൂതത്തെ ബാലറ്റിലൂടെ കെട്ടുകെട്ടിച്ച ഭാരതീയരോളം വലിയ രാഷ്ട്രീയ അവബോധം മേറ്റ്വിടെയാണുള്ളത്? നമ്മുടെ വ്യവസ്ഥാപിത ക്രമത്തോടുള്ള കൂറും വിധേയത്വവുമാണ് ഭാരതത്തിന്റെ വൈവിദ്ധ്യത്തിലൂന്നിയ ഏകതയുടെ ബീജത്തിന്റെ രസതന്ത്രം. സൗദി അറേബ്യയേപ്പോലെയുള്ള മതഭ്രാന്ത് കൊല്ലുന്ന സമൂഹങ്ങളില്‍ അസഹിഷ്ണുതയുടെ വിളയാട്ടമായി അടിച്ചേല്‍പ്പിച്ചിട്ടുള്ള സദാചാരപ്പോലീസ് ഭാരതീയ ചുറ്റുപാടില്‍ ഒരു നിലയ്ക്കും അംഗീകരിക്കത്തക്കതല്ല. മതേതര ഇന്ത്യയില്‍ മതാധിഷ്ഠിത ആശയ പ്രചരണങ്ങള്‍ സദാചാരത്തിന്റെപേരില്‍ സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അംഗീകരിക്കപ്പെട്ടുകൂടാ. ഭാരതീയ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും തനിമ അതുള്‍ക്കൊള്ളുന്ന സഹിഷ്ണുതയും നന്മയുടെ സ്വാംശീകരണവുമാണ്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് ജില്ലയിലെ മുക്കത്ത് സദാചാര വേഷധാരികളായ ഒരു പറ്റമാളുകള്‍ ഒരുയുവാവിനെ മര്‍ദ്ദിച്ചുകൊന്നിരുന്നു. ഇതൊരു മുസ്ലീം തീവ്രവാദി ആക്രമണമാക്കി മാറ്റാന്‍ ശ്രമിച്ചവരുമുണ്ട്. സത്യത്തെ കണ്ടെത്താനുള്ള ശ്രമം ഭാരതീയ കാഴ്ചപ്പാടിന്റെ അടിയാധാരമാണ്. സത്യമാണീശ്വരന്‍ എന്ന വേദമന്ത്രം നമുക്കു വഴികാട്ടിയാണ്. മുക്കം സംഭവം ക്രൂരവും പൈശാചികവുമായിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ വിവിധ മുസ്ലീം സംഘടനകള്‍ അന്യോന്യം നടത്തിയ പ്രചരണയുദ്ധം അവരുള്‍ക്കൊള്ളുന്ന ആശയക്കുഴപ്പത്തിന്റെ ആഴം വിളിച്ചോതുന്നു.ഇത്തരം സംഭവങ്ങളില്‍ സത്യം ജനങ്ങളിലേക്കെത്തിക്കുന്നതിനുപകരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് ദോഷഫലങ്ങള്ക്കിടയാക്കും. കേസ്സിന്റെ കുറ്റപത്രം ഫയലാക്കപ്പെട്ടപ്പോള് സദാചാരപ്പോലീസ് ചമഞ്ഞ ചിലരുടെ ദുഷ്കൃത്യമാണിതെന്ന് തെളിയുകയുംചെയ്തു.
കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പ്രദേശത്ത് ഒരു യുവാവിനെയും ഗര്‍ഭിണിയായ ഭാര്യയേയും സദാചാരപ്പോലീസുകാര്‍ മര്‍ദ്ദിച്ചിരുന്നു. തൃശ്ശൂര്‍ കയ്പമംഗലം- കാസര്‍ഗോഡ് ആനവാതുക്കല്‍ എന്നിവിടങ്ങളിലും സദാചാരശല്യം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.എറണാകുളത്ത് രാത്രി ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങിയ യുവാവിനും യുവതിക്കുമേറ്റ അപമാനവും സദാചാരപ്പോലീസ് കേസ്സായിരുന്നു. കായംകുളത്ത് സദാചാരപ്പോലീസ് ചമഞ്ഞ് അക്രമം സംഘടിപ്പിച്ചവര്‍ക്കെതിരേ പോലീസ് ഇപ്പോള്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.സ്ത്രീയേയും പുരുഷനേയും ഒന്നിച്ചു കണ്ടാല്‍ ‘സംശയരോഗം’ പിടിപെടുന്ന ഞരമ്പുരോഗികളുടെ സമൂഹമായി കേരളം മാറിക്കൂടാ.
സദാചാരപ്പോലീസുകാരുടെ വിളയാട്ടം വഴി സ്വൈര്യജീവിതം താറുമാറാകുന്ന ഹതഭാഗ്യരില്‍ ചെറിയ ഒരുവിഭാഗം മാത്രമാണ് അത് പുറത്ത് പറയുന്നത്. നിശബ്ദരായി ഇത് സഹിക്കുന്നവരാണ് ഏറിയപങ്കും.ചില സംഘടിതമതനേതാക്കള് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെ പ്രേരകശക്തിയാണ്. വര്‍ത്തമാന സമൂഹത്തില്‍ സ്ത്രീപുരുഷ ഇടപെടലുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിനു തടയിടുക അസാദ്ധ്യമാണ്. ധര്‍മ്മബോധം സമൂഹ മനസ്സിലേക്കു സന്നിവേശിപ്പിക്കാന്‍ മതങ്ങള്‍ ശ്രമിക്കുകയാണ് വേണ്ടത്. സ്ത്രീപര്ദ്ദക്കുള്ളില് ഒളിച്ചുവെച്ച് അടുക്കളയുടെ അകത്തളത്തില്കത്തിയമരേണ്ടവരാണെന്ന പഴഞ്ചന്‍ ധാരണ തിരുത്തേണ്ടിയിരിക്കുന്നു. സ്ത്രീയ്ക്ക് പുരുഷനൊപ്പം തുല്യത സമസ്തമേഖലകളിലും നല്‍കുക എന്നതാണ് നമ്മുടെ ഭരണഘടനയുടെ അലംഘനീയമായ കല്‍പ്പന. ഇത് അട്ടിമറിക്കാനുള്ള ശ്രമം ഒരു നിലയ്ക്കും അനുവദിച്ചുകൂടാ.
സദാചാരപ്പോലീസ് ചമഞ്ഞ് മാന്യന്മാരാകുന്നതില് നല്ലൊരു വിഭാഗം കടുത്ത ക്രിമിനല്‍ സ്വഭാവമുള്ളവരാണെന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്. സാമൂഹ്യ വിരുദ്ധര്‍ക്ക് തടിതപ്പാനുള്ള ഒളിസങ്കേതമായി സദാചാരപ്പോലീസ് സംഭവങ്ങള്‍ ഇവിടെ മാറിക്കൊണ്ടിരിക്കുകയാണ്. വ്യവസ്ഥാപിത നീതിയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങള്‍ തകരാന്‍ ഇടയായാല്‍ അതുവഴിയുണ്ടാകുന്ന ദോഷം ഗുരുതരമായിരിക്കും. നാടിനെ അരാജകാവസ്ഥയിലെത്തിക്കാനേ ഇത്തരം സദാചാര കസര്‍ത്തുകള്‍ ഇടയാക്കുകയുള്ളൂ.
കേരളത്തിലെ പോലീസ് പൂര്‍ണ്ണമായും അപചയത്തിന്റെ പാതയിലാണിന്നുള്ളത്. കൊലപാതകം, ബലാല്‍സംഗം, കൈക്കൂലി, സ്ത്രീപീഡനം തുടങ്ങി ഹീനമായക്രിമിനല്കുറ്റങ്ങളില് പ്രതികളായ 533 പോലീസ് ക്രിമിനലുകളുടെ പട്ടിക ഇപ്പോള്‍കോടതിയില്‍ നല്‍കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളുടെ മാസപ്പടി വാങ്ങുന്ന പോലീസ്സുകാരുടെ പട്ടിക സര്‍ക്കാര്‍ രഹസ്യമായി സൂക്ഷിക്കുന്നതാണെങ്കിലും അത് ആയിരത്തിനു പുറത്തുവരുമെന്നറിയുന്നു. കേരളത്തിലെ നിയമപാലനത്തിന്റെ ഇരുണ്ട പുറങ്ങളാണ് ഇപ്പോള്‍ വരച്ചുകാട്ടപ്പെട്ടിട്ടുള്ളത്. പണക്കാരും പാര്‍ട്ടിക്കാരും പോലീസും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ദുഷ്ചെയ്തികളാണ് കേരളത്തിലെ ക്രമസമാധാനരംഗം നേരിടുന്ന ഏറ്റവും വലിയവെല്ലുവിളി. കളങ്കിത പോലീസുകാര്‍ക്കെതിരേ കാര്യമായ നടപടികളൊന്നും സ്വീകരിക്കാന്‍ മാറിമാറിവരുന്ന യു.ഡി.എഫ്- എല്‍.ഡി.എഫ് ഭരണകൂടങ്ങള്‍ തയ്യാറുമല്ല. ഇത്തരമൊരു ഗതികേടില്‍ നട്ടംതിരിയുന്ന കേരളം സദാചാരപ്പോലീസിന്റെ വിളയാട്ടത്തോടു കൂടി കൂടുതല്‍ മോശമായിക്കൊണ്ടിരിക്കയാണ്.
ടി.പി. ചന്ദ്രശേഖരന് വധക്കേസ്സന്വേഷണത്തില് കേരളാ പോലീസ് നടത്തിയ മുന്നേറ്റം അവരുടെ തൊപ്പിയില്‍ മികവിന്റെ തൂവല്‍ തുന്നിച്ചേര്ത്തിരിക്കയാണ്. ശ്രമിച്ചാല്‍ ഏതു പ്രതിസന്ധിയേയും അതിജീവിച്ച് സത്യം കണ്ടെത്താനും കുറ്റവാളികളെ സമര്‍ത്ഥമായി കുടുക്കാനും നമ്മുടെ കുറ്റാന്വേഷകര്‍ക്ക് കഴിയുമെന്ന സത്യം അവര്തെളിയിച്ചിരിക്കുന്നു. സി.ബി.ഐ യേക്കാള്മികച്ച റിക്കാര്‍ഡാണ്.ചന്ദ്രശേഖരന് വധക്കേസ്സന്വേഷണം വഴികേരളത്തിലെ പോലീസ് കരസ്ഥമാക്കിയിട്ടുള്ളത്.ഇതിനായി പോലീസിന് ഭരണകൂടം നല്കിയ സ്വാതന്ത്ര്യം ശ്ലാഘനീയമാണ്.
എന്നാല്‍ 2007-2008 ല്‍ 62 കസ്റ്റഡിമരണങ്ങളും തുടര്‍വര്‍ഷങ്ങളില്‍ ശരാശരി 50 കസ്റ്റഡിമരണങ്ങളും ഇവിടെ നടന്നതായി കണക്കുകള്കാട്ടുന്നു. ഇപ്പോള്‍ വെളിപ്പെട്ടതനുസരിച്ച് തലശ്ശേരിയില്‍ ആര്.എസ്.എസ്സുകാര്‍ ഇരകളായ 5 ഹീനമായ കൊലക്കേസ്സുകള്‍ സി.പി.എമ്മും പോലീസും ചേര്‍ന്ന് അട്ടിമറിക്കപ്പെട്ടതായി തെളിഞ്ഞിരിക്കുന്നു.കൊല്ലത്ത് നടന്ന ഉണ്ണിത്താന് വധശ്രമം,ഹാപ്പി രാജേഷ് വധം എന്നീ ഹീനമായ കുറ്റങ്ങളില്‍ ക്രൈംബ്രാഞ്ച് ജില്ലാ സംവിധാനം ഒന്നടങ്കം കുറ്റവാളികളാണ്. ഇടുക്കി സി.പി.എം. സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ നമ്മുടെ പോലീസിനേയും നീതി സങ്കല്‍പ്പത്തേയും പരിഹാസ്യമാക്കിയിരിക്കുന്നു. നീതിയുടെ വെളിച്ചം കെട്ടുപോകാതിരിക്കാനുള്ള മുന്‍ കരുതലുകളും ജാഗ്രതയും സമൂഹത്തിനുണ്ടാകണം. കളങ്കിതമായ ഒരു കുറ്റാന്വേഷണ സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനമെന്ന നിലയില്‍ നീതിന്യായകോടതികള്‍ കൂടുതല്‍ ജാഗ്രതയോടെപോലീസ്സിനേയും അവരുടെ റിപ്പോര്‍ട്ടുകളേയും സമീപിക്കേണ്ടതുണ്ട്.സദാചാരപ്പോലീസിന്റെ പേരില്‍ അരങ്ങുതകര്‍ക്കുന്ന സാമൂഹ്യദ്രോഹികളെ തളച്ചിടാന്‍ കേരളം ഇനി അമാന്തിച്ചുകൂടാ.
രാഷ്ട്രീയനുകത്തിന് കീഴിലമര്‍ന്ന പോലീസിന്റെ ജോലിസ്വാതന്ത്ര്യമാണ് ക്രിമിനല്‍ നീതിക്കുള്ളഏറ്റവും വലിയഗ്യാരണ്ടി. നാലുപതിറ്റാണ്ട് മുമ്പുതന്നെ പോലീസ് കമ്മീഷന് ഇത് ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും ഈ ശുപാര്ശഅംഗീകരിച്ചിട്ടുമുണ്ട്. 2007 ജനുവരി ഒന്നു മുതല്‍ ഈ സ്വാതന്ത്ര്യം നടപ്പിലാക്കാന്‍ സുപ്രീംകോടതി കേരളത്തിനുള്‍പ്പെടെ അന്ത്യശാസനവും നല്‍കിയിരുന്നു. പക്ഷേഇക്കാര്യത്തില്‍ കേരളത്തിലെ ഇടതുപക്ഷ ഭരണകൂടം യു.ഡി.എഫിന്റെ സഹായത്തോടെ പുതിയ പോലീസ് നിയമം പാസ്സാക്കി ജനങ്ങളുടേയും നീതിപീഠത്തേയും ചതിക്കുകയാണുണ്ടായത്. ഇരുമുന്നണികളും ചേര്‍ന്ന് പാസ്സാക്കിയ പുതിയപോലീസ് നിയമം പോലീസിന് കൂടുതല്‍ കൂച്ചുവിലങ്ങും വിധേയത്വവും നല്കിയിരിക്കുന്നു. അതേ സമയം സ്വാതന്ത്ര്യം നല്‍കാനുള്ള നിര്‍ദ്ദേശം നടപ്പാക്കിയെന്ന് സുപ്രീം കോടതിയേയും ധരിപ്പിച്ചതായി അറിയുന്നു. ഫലമോതികഞ്ഞ വഞ്ചനയും! ഇതിനെതിരെ ശബ്ദിക്കാനാരുമില്ലാത്ത മണ്ടന്മാരുടെ നാടാണിപ്പോള്കേരളം. 2011 ലെ പുതിയ പോലീസ് നിയമത്തിനെതിരെ ഈ വിനീതന് എഴുതിയ ഒരു ലേഖനമല്ലാതെ ഒരു പ്രതിസ്പന്ദനവും ഇവിടെയുണ്ടായില്ല. മിക്ക മാധ്യമങ്ങളും ജനകീയ പോലീസ് നിയമത്തെ സ്വാഗതം ചെയ്തു. പണ്ട് അഴീക്കോട് സാര്‍ പറഞ്ഞതു പോലെ ” അജ്ഞതയെ നിന്റെ പേരുമാറി കേരളമെന്നായോ? ആവോ!
അഡ്വ:പി.എസ്.ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: